Home NEWS കവി കെ.അയ്യപ്പപ്പണിക്കരുടെ നവതി :ഉണ്ണികൃഷ്ണൻ കിഴുത്താണി

കവി കെ.അയ്യപ്പപ്പണിക്കരുടെ നവതി :ഉണ്ണികൃഷ്ണൻ കിഴുത്താണി

‘ഇണ്ടനമ്മാവൻ ഇടം കാലിലെ ചൊറി ,വലം കാലിലേക്കും വലം കാലിലേത് ഇടം കാലിലേക്കും മാറ്റുന്നു ‘ (ഇണ്ടനമ്മാവൻ)അയ്യപ്പപ്പണിക്കരുടെ ഏറെ പ്രസിദ്ധമായ ഈ കവിത കാലം ചെല്ലുംതോറും നെല്ലിക്ക പോലെ ഏറെ പ്രസക്തമായി വരികയാണെന്ന് അനുവാചകർ അനുഭവിച്ചറിയുന്നു .മാന്തുമ്പോഴാനുഭവപ്പെടുന്ന നേരിയ സുഖം ,വലിയ വേദനകൾക്ക് വഴിയൊരുക്കുന്നതായി മാറിയിരിക്കുന്ന ഇന്നത്തെ ജനാധിപത്യ പ്രക്രിയ എന്ന് ഈ വരികളിൽ കൂടി ദീർഘ ദർശിയായ കവി വർഷങ്ങൾക്ക് മുൻപേ ഇഴ വിടർത്തി കാണിച്ചു തന്നിരിക്കുന്നു. പുതുവഴികളിലൂടെ മലയാള കവിതയെ ലോക കവിതയുടെ നിരയിലെത്തിച്ച മഹാശയൻ ,സാഹിത്യ ഗവേഷകൻ ,പാശ്ചാത്യ -പൗരസ്ത്യ സാഹിത്യ സിദ്ധാന്തങ്ങളുടെ മർമ്മമറിഞ്ഞ് പ്രവർത്തിച്ച വിമർശകൻ ,വിവർത്തകൻ ,നാടകാദി കലകളുടെ ഉദ്ധാരകൻ തുടങ്ങിയ വ്യത്യസ്ത മേഖലകളിൽ ഈ സമ്യസാചിയെ നമ്മൾ ഇപ്പോഴും മനസ്സിലാക്കിയിട്ടില്ല .വിദേശ സർവകലാശാലകളിൽ വിസിറ്റിങ് പ്രൊഫസറായിരുന്ന ഏറെ തിരക്കേറിയ വ്യക്തിയിൽ നിന്നാണ് മലയാളത്തിന് ഇത്രമാത്രം നേട്ടങ്ങൾ കൈവരിക്കാനായതെന്ന കാര്യം നിസ്സാരമല്ല .കുടുംബപുരാണം ,ഗോത്രായനം ,രാത്രിയും പകലും തുടങ്ങിയ നിരവധി ശ്രദ്ധേയ കവിതാസമാഹാരങ്ങളിലൂടെ അദ്ദേഹം മലയാള കവിതക്ക് പുതിയ ഭാവുകത്വം പ്രധാനം ചെയ്തു .നർമ്മ പരിവേഷമുള്ള ആ ശൈലിയിലൂടെ കവിത എന്താണെന്നും അതിലൂടെ വായനക്കാർക്ക് നൽകേണ്ടതെന്താണെന്നും അദ്ദേഹം വളരെ ലളിതമായി വ്യക്തമാക്കുന്നു .പക്ഷെ നവതിയിലെത്തിയ അദ്ദേഹം പടുത്തുയർത്തിയ പടവുകൾ പ്രയോജനപ്പെടുത്താൻ നമുക്കായിട്ടില്ലെന്നതാണ് കവിതാശാഖയുടെ ഇന്നത്തെ അവസ്ഥ വ്യക്തമാക്കുന്നത് .കവിതയെ ഏറെ സ്നേഹിച്ച ,വളർച്ചയിൽ പ്രധാന പങ്ക് വഹിച്ച അയ്യപ്പപ്പണിക്കർ ഇന്ന് നമ്മോടൊപ്പമില്ലെങ്കിലും അദ്ദേഹം വിഭാവനം ചെയ്ത യഥാർത്ഥ കവിത സാർത്ഥകമാക്കേണ്ടതും ,അതിനായി യത്നിക്കേണ്ടതും സാഹിത്യ പ്രണയികളുടെ കർത്തവ്യമാണ്.തയ്യാറാക്കിയത് :ഉണ്ണികൃഷ്ണൻ കിഴുത്താണി

Exit mobile version