ഇരിങ്ങാലക്കുട :സാമൂഹ്യസമത്വത്തിനും പിന്നാക്കവിഭാഗങ്ങളുടെ ഉന്നതിക്കും നിലകൊളളുകയും തൂലിക ചലിപ്പിക്കുകയും ചെയ്ത കേരളകൗമുദി സ്ഥാപകപത്രാധിപർ കെ.സുകുമാരൻ ചരമവാർഷികദിനം സെപ്തംബർ 18ന് ആചരിക്കുകയാണ്. പത്രപ്രവർത്തനരംഗത്ത് കേരളകൗമുദിയുടെ കൊടിക്കൂറ ഉയർത്തിയ പ്രാദേശിക പത്രപ്രവർത്തകരെ ആദരിച്ചാണ് ഈയാണ്ടിൽ ആ ചരമവാർഷികദിനത്തെ അന്വർത്ഥമാക്കുന്നത്. മൂന്നരപതിറ്റാണ്ടിലേറെക്കാലമായി കേരളകൗമുദിയുടെ സഹയാത്രികനായ ഇരിങ്ങാലക്കുട ലേഖകൻ വി.ആർ.സുകുമാരനെയാണ് തൃശൂർ ജില്ലയിൽ നിന്ന് ആദരിക്കുന്നത്. സ്വാതന്ത്ര്യസമരസേനാനിയും ഇരിങ്ങാലക്കുട നഗരസഭ മുൻ ചെയർമാനും കേരളകൗമുദി ലേഖകനുമായിരുന്ന വി.കെ.രാമൻ മാസ്റ്ററുടേയും കല്യാണിയുടേയും മകനായ വി.ആർ. സുകുമാരൻ, അച്ഛനിൽ നിന്നാണ് പത്രപ്രവർത്തനത്തിൻ്റെ ബാലപാഠങ്ങൾ പഠിക്കുന്നത്. 1983 മുതൽ കേരളകൗമുദിയുമായുളള ബന്ധം തുടരുന്ന അദ്ദേഹം, ഭാര്യ കാതരാക്ഷിക്കൊപ്പം ഇരിങ്ങാലക്കുടയിലാണ് താമസം.മാധ്യമധർമ്മം പുലർത്തി നാടിൻ്റെ വികസനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾക്കുളള അംഗീകാരം കൂടിയാണിത്.