ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുടയിലെ കെ.എസ്.ഇ കമ്പനി മാനേജ്മെൻ്റിൻ്റെയും ഇരിങ്ങാലക്കുട നഗരസഭയുടെയും അനാസ്ഥ മൂലം ഇരിങ്ങാലക്കുടയിലും സമീപ പ്രദേശങ്ങളിലും ഉണ്ടായ കോവിഡ് വ്യാപനത്തെ പൊതുജനങ്ങളുടെ അശ്രദ്ധയും ജാഗ്രതാ കുറവും കൊണ്ടാണെന്ന് പരാമർശിച്ചുള്ള കോവിഡ് ജാഗ്രതാ മുന്നറിയിപ്പ് പ്രചരണം പ്രതിഷധാർഹമാണ്. ബീഹാറിൽ നിന്നുള്ള അതിഥി തൊഴിലാളികളെ നിർബന്ധപൂർവ്വം നാട്ടിൽ നിന്ന് വിളിച്ച് വരുത്തുകയും മിനിമം ക്വാറണ്ടയിൻ കാലാവധി പോലും പൂർത്തീകരിക്കാൻ അനുവദിക്കാതെ ജോലിക്ക് കയറ്റുകയും ചെയ്ത മാനേജ്മെൻ്റ് നടപടിയാണ് കോവിഡ് വ്യാപനത്തിൻ്റെ പ്രധാന കാരണം. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടൊ എന്ന പരിശോധന നടത്താൻ പോലും നഗരസഭാ അധികാരികളും തയ്യാറായിരുന്നില്ല. നഗ്നമായ സുരക്ഷാ സംവിധാനങ്ങളുടെ ലംഘനമാണ് ഈ നാടിനെ കോവിഡ് മഹാമാരിക്ക് അടിമപ്പെടുത്തിയത്. കോവിഡ് വ്യാപനം പൊതുജനങ്ങളുടെ തലയിൽ കെട്ടിവച്ച് കോൺഗ്രസ്സ് നേതാവിൻ്റെ നേതൃത്വത്തിലുള്ള കെ.എസ് കാലി തീറ്റ കമ്പനി മാനേജ്മെൻ്റിൻ്റെയും നഗരസഭാ ഭരണാധികാരികളുടെയും ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ കൃത്യവിലോപത്തെ മറയിടാൻ ശ്രമിക്കുകയാണ് യു.ഡി.എഫ്.
ജില്ലാ ഭരണകൂടത്തെ തെറ്റിദ്ധരിപ്പിച്ച് പൊതുജനങ്ങളെയാകെ കുറ്റക്കാരാക്കി ചിത്രികരിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന നഗരസഭാ ഭരണാധികരികൾ നിലപാട് തിരുത്തി പൊതുജനങ്ങളോട് മാപ്പ് പറയണമെന്ന് ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയ്ക്കു വേണ്ടി സെക്രട്ടറി വി.എ അനീഷ് പ്രസിഡണ്ട് പി.കെ മനുമോഹൻ എന്നിവർ അഭ്യർത്ഥിച്ചു.