ഇരിങ്ങാലക്കുട : ബ്ലാക്ക് മെയിലിംഗ് ലക്ഷ്യമിട്ട് വാട്‌സ് ആപ്പ്, ഫേസ്
ബുക്ക് ഗ്രൂപ്പുകള്‍ ആരംഭിച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തിനെതിരെ
ഡി.ജി.പിക്ക് പരാതി നല്‍കി. മുരിയാട് എംപറര്‍ ഇമ്മാനുവല്‍ ട്രസ്റ്റിയാണ്
ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടുള്ളത്. പെന്തക്കുസ്താ വിഭാഗത്തിലെ
പാസ്റ്റര്‍മാരെന്ന് സ്വയം വിശേഷിപ്പിക്കുന്ന മാത്യു ചെമ്പുകണ്ടത്തില്‍,
അനില്‍ കൊടിത്തോട്ടം, ഷിജു തങ്കപ്പന്‍ എന്നിവരോടൊപ്പം എറണാകുളം
സ്വദേശിയായ ഒരു പോലീസുകാരനും അയാളുടെ ഭാര്യയുമാണ് ഈ സംഘത്തിലെ പ്രധാന കണ്ണികളെന്ന് പരാതിയില്‍ ആരോപിക്കുന്നു.ഇവര്‍ ആരംഭിച്ച ഫേസ്ബുക്ക്
പേജില്‍ എംപറര്‍ ഇമ്മാനുവല്‍ ചര്‍ച്ചിലെ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും
ചിത്രങ്ങളില്‍ അശ്ലീല അടിക്കുറിപ്പുകള്‍ ചേര്‍ത്ത് ചില സന്ദേശങ്ങള്‍
പ്രചരിച്ചിരുന്നു. കൂടാതെ എംപറര്‍ ഇമ്മാനുവല്‍ ചര്‍ച്ച് സഭാ സ്ഥാപകനെ
അവഹേളിക്കുന്ന സന്ദേശങ്ങളും ഉണ്ടായിരുന്നു. അതിനു ശേഷമാണ് യു.കെയില്‍
താമസക്കാരനായ മാത്യു ചെമ്പുകണ്ടം എന്ന വ്യക്തി സഭാ ശുശ്രൂഷകരില്‍ ഒരാളെ
വാട്‌സ് ആപ്പിലൂടെ വിളിച്ച് പണം ആവശ്യപ്പെട്ടതെന്ന് പറയുന്നു. ഇനിയും
പലതും വെളിപ്പെടുത്താനുണ്ടെന്നും ഒരു കോടി രൂപ തന്നാല്‍ ഉദ്യമത്തില്‍
നിന്നും പിന്മാറാമെന്നുമുള്ള വാഗ്ദാനം മുന്നോട്ടുവച്ചതായും പറയുന്നു.
ഇതിനെതിരെയാണ് എംപറര്‍ ഇമ്മാനുവല്‍ ട്രസ്റ്റി അന്വേഷണവും നിയമ നടപടികളും
ആവശ്യപ്പെട്ട് ഡി.ജി.പിയ്ക്ക് പരാതി നല്‍കിയിട്ടുള്ളത്. സംഘത്തില്‍ ഒരു
പോലീസുകാരന്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ കേസ്സ് അട്ടിമറിക്കപ്പെടരുതെന്ന
ആശങ്കയും പരാതിയില്‍ ഉണ്ട്.മുരിയാട് പ്രദേശത്ത് കലാപം ഉണ്ടാക്കാന്‍ ചില
സംഘങ്ങളുടെ സംഘടിത നീക്കം നടക്കുന്നതായി കാണിച്ചു കൊണ്ട് ഈ പ്രദേശത്തെ
ജനപ്രതിനിധികളുടെ ഒരു സംയുക്ത പരാതി മുമ്പ് മുഖ്യമന്ത്രിക്ക്
നല്‍കിയിരുന്നു. എംപറര്‍ ഇമ്മാനുവല്‍ ചര്‍ച്ചിനെതിരെ വ്യാജ ആരോപണങ്ങളും
കളവായ വാര്‍ത്തകളും പ്രചരിപ്പിക്കപ്പെടുന്നത് സാമുദായിക മൈത്രി
അട്ടിമറിക്കാനുള്ള കുത്സിത നീക്കമാണെന്നും അതിന് പിന്നിലുള്ള ശക്തികളെ
കണ്ടു പിടിച്ച് നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്നുമായിരുന്നു
പരാതിയിലെ ആവശ്യം.