കല്‍പറമ്പ്: പഞ്ചായത്തിലെ കുടിവെള്ള ടാങ്ക് കവിഞ്ഞ് വെള്ളം താഴേയ്ക്ക് പതിച്ച് സമീപത്തെ വീടിന്റെ ചുമരുകള്‍ വിണ്ടതായി പരാതി. കല്‍പറമ്പ് കോളനിയില്‍ താമസിക്കുന്ന കളത്തില്‍ കൃഷ്ണന്‍കുട്ടിയുടെ വീടിന്റെ മുറിയുടേയും അടുക്കളയുടേയും ചുമരുകളാണ് വിണ്ടത്. വീടിന്റെ കിഴക്കുഭാഗത്തെ പത്ത് സെന്റ് സ്ഥലത്താണ് പൂമംഗലം ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതിയുടെ 5 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്ക് സ്ഥാപിച്ചിരിക്കുന്നത്. ഈ ടാങ്ക് നിറഞ്ഞാണ് വെള്ളം പുറത്തേക്ക് ഒഴുകി തൊട്ടടുത്തുള്ള കൃഷ്ണന്‍കുട്ടിയുടെ വീടിന് മുകളിലേക്ക് വീണത്. കഴിഞ്ഞ 14-ാം തീയതി ഞായറാഴ്ചയായിരുന്നു സംഭവം. പുലര്‍ച്ചെ മുതല്‍ ടാങ്ക് നിറഞ്ഞ് വെള്ളം വീടിന് മുകളിലേക്ക് വീണിരുന്നതായി വീട്ടുകാര്‍ പറഞ്ഞു. നല്ല ശക്തിയില്‍ വെള്ളചാട്ടംപോലെയായിരുന്നു വെള്ളം വീടിന് മുകളിലേക്ക് പതിച്ചിരുന്നത്. ആദ്യം കരുതിയത് മഴയാണെന്നാണ്. സമീപവാസികള്‍ പറഞ്ഞപ്പോഴാണ് ശ്രദ്ധിച്ചതെന്ന് വീട്ടുകാര്‍ പറഞ്ഞു. ഉടന്‍ തന്നെ വാട്ടര്‍ അതോററ്റിയെ വിവരം അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. പിന്നീട് പലതവണ വിളിതിന് ശേഷമാണ് എട്ടരയോടെ വാട്ടര്‍ അതോററ്റി ഓഫീസില്‍ നിന്നും ആളെത്തി വാല്‍വ് അടച്ചതെന്നും കൃഷ്ണന്‍കുട്ടി പറഞ്ഞു. ടാങ്ക് സ്ഥാപിച്ചിരിക്കുന്ന സ്ഥലത്തിന്റെ മുന്‍വശത്ത് വഴിയും മറ്റ് മൂന്ന് അതിര്‍ത്തിയിലും വീടുകള്‍ ഉണ്ടെങ്കിലും ടാങ്കിരിക്കുന്ന സ്ഥലത്തിനോട് ഏറ്റവും ചേര്‍ന്നാണ് കൃഷ്ണന്‍കുട്ടിയുടെ വീട് സ്ഥിതി ചെയ്യുന്നത്. 12 വര്‍ഷം മുമ്പാണ് കൃഷ്ണന്‍കുട്ടിയും കുടുംബവും വീട്ടില്‍ താമസമാക്കിയത്. വെറും മണ്ണുകൊണ്ട് കെട്ടിയുണ്ടാക്കിയ വീടിന്റെ പുറം ചുമര്‍ തേച്ചീട്ടില്ല. വീടിന്റെ ഉള്‍വശവും മുന്‍വശവുമാണ് തേച്ചിരിക്കുന്നത്. വെള്ളം കുത്തി വീണതിന് ശേഷം വീടിന്റെ മുന്‍വശത്തെ മുറിയുടേയും അടുക്കള ചുമരും അര ഇഞ്ച് വിടവില്‍ വിണ്ടു. ടാങ്ക് പൂര്‍ണ്ണമായും നിറയുന്നതിന് മുമ്പെ വാല്‍വ് അടയ്ക്കാന്‍ നടപടിയുണ്ടാകണമെന്ന് വാട്ടര്‍ അതോററ്റിയോട് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. വീടിന്റെ അറ്റകുറ്റപണി നടത്താന്‍ പഞ്ചായത്ത് നടപടിയെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. വിഷയം ഗ്രാമപഞ്ചായത്ത് കമ്മിറ്റിയില്‍ അവതരിപ്പിക്കുമെന്നും വീടിന്റെ അറ്റകുറ്റപണി നടത്താന്‍ ഫണ്ട് ലഭ്യമാക്കാന്‍ വേണ്ടത് ചെയ്യുമെന്നും വാര്‍ഡ് മെമ്പര്‍ ലീന പറഞ്ഞു.