പുല്ലൂർ : കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ വിദ്യാഭ്യാസത്തിനു സൗകര്യമാകും വിധം സ്മാർട്ട് ക്ലാസ്സ് റൂമുകളൊരുക്കി ബ്ളോക് പഞ്ചായത്തംഗം. ഇരിങ്ങാലക്കുട ബ്ളോക് പഞ്ചായത്തംഗം തോമസ് തത്തംപിള്ളിയാണ് സുമനസുകളുടെ സഹായത്തോടെ ഊരകത്തെ അങ്കണവാടികളിൽ സ്മാർട്ട് ക്ലാസ് റൂമൊരുക്കി നിർധന വിദ്യാർത്ഥികൾക്ക് ആശ്വാസമേകിയത്. ഇതിനാവശ്യമായ സ്മാർട്ട് ടിവിയും ഇന്റർ നെറ്റ് കണക്ഷനടക്കമുള്ള സൗകര്യങ്ങളും അങ്കണവാടികളിൽ സജ്ജമാക്കിയിട്ടുണ്ട്. രാവിലെ ഒമ്പതര മുതൽ വൈകീട്ട് നാലര വരെ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു അങ്കണവാടി ജീവനക്കാരുടെ മേൽനോട്ടത്തിലായിരിക്കും വിദ്യാർത്ഥികൾക്കു പഠിക്കാനുള്ള സൗകര്യമുണ്ടാകുക. ഊരകം ഈസ്റ്റ്, ഊരകം വെസ്റ്റ് അങ്കണവാടികളിലാണ് ഈ സൗകര്യം ഒരുക്കിയിട്ടുള്ളത്. വിദ്യാർത്ഥികൾ അങ്കണവാടി ജീവനക്കാരുമായി ബന്ധപ്പെടേണ്ടതാണ്.ഊരകം ഈസ്റ്റ് അങ്കണവാടിയിൽ സ്മാർട്ട് ക്ലാസ് റൂം ബ്ളോക് പഞ്ചായത്തംഗം തോമസ് തത്തംപിള്ളി ഉദ്‌ഘാടനം ചെയ്തു. വാർഡ് അംഗം ടെസി ജോഷി അധ്യക്ഷത വഹിച്ചു. അങ്കണവാടി ജീവനക്കാരായ ഫിലോമിന പൗലോസ്, മേഴ്‌സി റപ്പായി,വികസന സമിതിയംഗം ഷൈനി ജോസഫ് എന്നിവരും സന്നിഹിതരായിരുന്നു.