ജില്ലയിൽ വ്യാഴാഴ്ച (മെയ് 21) മൂന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മെയ് 17 ന് അബുദാബിയിൽ നിന്നെത്തിയ പുതുക്കാട് സ്വദേശി (31), വേലുപ്പാടം സ്വദേശി (55), മാള സ്വദേശി (31) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ജില്ലയിൽ വീടുകളിൽ 8293 പേരും ആശുപത്രികളിൽ 41 പേരും ഉൾപ്പെടെ ആകെ 8334 പേരാണ് നിരീക്ഷണത്തിലുളളത്. വ്യാഴാഴ്ച (മെയ് 21) നിരീക്ഷണത്തിന്റെ ഭാഗമായി 12 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് പേരെ ഡിസ്ചാർജ്ജ് ചെയ്തു.
വ്യാഴാഴ്ച (മെയ് 21) അയച്ച 69 സാമ്പിളുകൾ ഉൾപ്പെടെ ഇതു വരെ 1706 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അതിൽ 1594 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 112 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. വിവിധ മേഖലയിലുളള 384 ആളുകളുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.
353 ഫോൺകോളുകൾ ജില്ലാ കൺട്രോൾ സെല്ലിൽ ലഭിച്ചു. നിരീക്ഷണത്തിലുളളവർക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോ-സോഷ്യൽ കൗൺസിലർമാരുടെ സേവനം തുടരുന്നുണ്ട്. വ്യാഴാഴ്ച (മെയ് 21) 177 പേർക്ക് കൗൺസലിംഗ് നൽകി.
ചരക്ക് വാഹനങ്ങളിലെത്തുന്ന ഡ്രൈവർമാരെയും മറ്റുളളവരെയുമടക്കം ശക്തൻ പച്ചക്കറി മാർക്കറ്റിൽ 1591 പേരെയും മത്സ്യചന്തയിൽ 1071 പേരെയും ബസ് സ്റ്റാന്റിലെ പഴവർഗ്ഗങ്ങൾ വിൽക്കുന്ന മാർക്കറ്റിൽ 111 പേരെയും സ്‌ക്രീൻ ചെയ്തു.
നാട്ടിലേക്കു തിരിച്ചെത്തിയ പ്രവാസികൾക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നുമുളള മലയാളികൾക്കും അതിർത്തി പ്രദേശങ്ങളിലെ ചെക്ക് പോസ്റ്റുകളിൽ ആരോഗ്യപ്രവർത്തകർ സ്‌ക്രീനിങ്ങ് നടത്തുന്നു. നിരീക്ഷണത്തിൽ കഴിയുമ്പോൾ പാലിക്കേണ്ട നിർദ്ദേശങ്ങളടങ്ങിയ ബോധവൽക്കരണകിറ്റും നൽകുന്നുണ്ട്.
രോഗവ്യാപനം തടയുന്നതിനായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ സഹകരണത്തോടെ സമൂഹവ്യാപനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് സീറോ പ്രിവലെൻസ് സർവെയ്ക്കു തുടക്കം കുറിച്ചു. ജില്ലയിലെ തിരഞ്ഞെടുത്ത 10 പ്രദേശങ്ങളിലെ 40 പേരുടെ വീതം ആകെ 400 പേരുടെ രക്തസാമ്പിളുകൾ ആന്റിബോഡി ടെസ്റ്റിന് അയച്ചു.
ജില്ലയിൽ നിന്നും ഝാർഖണ്ടിലേക്ക് പോകുന്ന അതിഥി തൊഴിലാളികളെ മൈഗ്രന്റ് സക്രീനിങ്ങ് ടീമിന്റെ നേതൃത്വത്തിൽ സ്‌ക്രീൻ ചെയ്തു. ജില്ലയിലേക്ക് നാളെ ഡൽഹിയിൽ നിന്നും വരുന്ന ട്രെയിനിൽ വരുന്ന യാത്രക്കാരെ രജിസ്റ്റർ ചെയ്തു സ്‌ക്രീനിംഗ് നടത്തി അതാതു പ്രദേശങ്ങളിൽ നിരീക്ഷണ സംവിധാനത്തിലേക്ക് എത്തിക്കുന്നതിന്റെ മോക്ഡ്രിൽ നടത്തി.
ഡെങ്കിപ്പനി തടയുന്നതിനുളള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തെക്കുംകര മേഖലയിൽ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ നടപ്പിലാക്കി.