Home NEWS മുരിയാട് കമ്മ്യൂണിറ്റി കിച്ചൻ അഴിമതി ആരോപണം രാഷ്ട്രീയപ്രേരിതം:എൽ.ഡി.എഫ്

മുരിയാട് കമ്മ്യൂണിറ്റി കിച്ചൻ അഴിമതി ആരോപണം രാഷ്ട്രീയപ്രേരിതം:എൽ.ഡി.എഫ്

മുരിയാട്: ഗ്രാമപഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചൻ കുടുംബശ്രീയുമായി സഹകരിച്ച് 2020 മാർച്ച് 28 മുതൽ പ്രവർത്തിച്ച് വരുന്നു .തികച്ചും ഗ്രാമീണ മേഖലയായ മുരിയാട് വളരെ കുറച്ച് പേർക്ക് മാത്രമേ ഭക്ഷണം കൊടുക്കേണ്ടതായുള്ള ആലംബഹീനരുള്ളൂ .പ്രതിപക്ഷ അംഗങ്ങളുടെ കൂടി നിർദ്ദേശങ്ങൾ ക്രോഡീകരിച്ചാണ് അംഗങ്ങളെ നിശ്ചയിച്ചുറപ്പിച്ചത് .തയ്യാറാക്കുന്ന ഭക്ഷണം നിശ്ചിത സന്നദ്ധപ്രവർത്തകരുടെ സഹായത്തോടെയാണ് അവശരായവർക്ക് എത്തിച്ച് വരുന്നത് .കൂടാതെ കൊയ്ത്തുമായി ബന്ധപ്പെട്ട് മറ്റ് മേഖലകളിൽ നിന്ന് പണിയെടുത്തു വരുന്നവർക്ക് കിച്ചണിൽ നിന്നും സർക്കാർ നിരക്കിൽ ഭക്ഷണം വിതരണം ചെയ്ത് വന്നിരുന്നു .സുമനസ്സുകളായ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും കിച്ചണിലേക്ക് നല്ല രീതിയിൽ സഹായം ലഭിച്ചിട്ടുണ്ട് .ഭക്ഷണം നൽകേണ്ടവരുടെ എണ്ണം കുറവായതിനാൽ മുരിയാട് പഞ്ചായത്തിൽ കമ്മ്യൂണിറ്റി കിച്ചൺ ആരംഭിക്കേണ്ടതില്ലെന്ന് അഭിപ്രായപ്പെട്ടിരുന്നവരാണ് യു.ഡി.എഫ് അംഗങ്ങൾ .പുറത്ത് നിന്നും വരുന്നവർക്ക് വലിയ ആശ്വാസമായ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം അഴിമതി നിറഞ്ഞതാണ് എന്ന് ആരോപിക്കുക വഴി സ്വയം അപഹാസ്യരാവുകയാണ് യു .ഡി .എഫ് .കിച്ചണിലേക്ക് ലഭിച്ച പലവ്യഞ്ജനത്തിന്റെയും പണത്തിന്റെയും കൃത്യമായ കണക്കുകൾ ലഭ്യമാണെന്നിരിക്കെ പൊതുജനങ്ങളുടെ ഇടയിൽ അവമതിപ്പ് ഉളവാക്കും വിധം ആരോപണമുന്നയിച്ച് സമരാഭാസം നടത്തിയത് രാഷ്ട്രീയ നേട്ടം ലഭിക്കുമോ എന്ന് പരീക്ഷിക്കുന്നതിന് വേണ്ടി മാത്രമാണ് .മാത്രമല്ല കിച്ചണിലേക്ക് ലഭിക്കുന്ന സാധനങ്ങൾ പഞ്ചായത്ത് ഓഫിസിൽ സൂക്ഷിച്ച് ഒന്നോ രണ്ടോ ദിവസത്തേക്ക് വേണ്ട സാധനങ്ങൾ മാത്രമേ കിച്ചണിലേക്ക് നല്കിയിരുന്നൊള്ളു .വസ്തുതയില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് അഴിമതി രഹിതമായും സുതാര്യതയോട് കൂടിയും സമഗ്രവികസനം നടത്തി വരുന്ന എൽ .ഡി .എഫ് ഭരണസമിതിക്കെതിരെ ജനങ്ങൾക്കിടയിൽ പുകമറ സൃഷ്ടിച്ച് രാഷ്ട്രീയ ലാഭം കൊയ്യുന്നതിനുള്ള കോൺഗ്രസ്സിന്റെ വിലകുറഞ്ഞ ഇത്തരം പ്രചാരവേല തിരിച്ചറിയണമെന്ന് എൽ .ഡി .എഫ് മുരിയാട് കമ്മിറ്റിക്ക് വേണ്ടി കൺവീനർ ടി .ജി ശങ്കരനാരായണനും ചെയർമാൻ പി .ആർ സുന്ദരരാജനും പ്രസ്താവനയിലൂടെ അഭ്യർത്ഥിച്ചു.

Exit mobile version