മാപ്രാണം :ഐശ്വര്യ സമൃദ്ധമായ വരും കാലം ആശംസിച്ച് കൊണ്ട് മാപ്രാണത്തെ ചക്രംപുള്ളി ഷോപ്പിങ്ങ് കോംപ്ലക്സിൻ്റെ ഉടമയായ ചക്രംപുള്ളി ജോസ് അദ്ധേഹത്തിൻ്റെ ഉടമസ്ഥതയിലുള്ളതും കൊറോണ വൈറസ് വ്യാപനം വഴി തുറന്ന് പ്രവർത്തിക്കാൻ കഴിയാതിരിക്കുകയും ചെയ്ത ഇരുപതോളം കടകളുടെ വാടക സംഖ്യയാണ് ഏപ്രിൽ മാസത്തിൽ വേണ്ടെന്ന് വെച്ചത്. ഇതൊരു സൗജന്യമായി കണക്കാക്കരുതെന്നും പ്രിയപ്പെട്ട സഹോദരങ്ങൾക്കുള്ള വിഷുകൈനീട്ടമായി പരിഗണിക്കണമെന്ന് വ്യാപാരികളോട് സ്നേഹപൂർവ്വം പറഞ്ഞ് കൊണ്ടാണ് ജോസേട്ടൻ ഇരുപതോളം കടകളുടെ വാടക വേണ്ടെന്ന് വെച്ചത്. ഇരിങ്ങാലക്കുടയിലെ പ്രധാനപ്പെട്ട കേന്ദ്രമായ മാപ്രാണത്തെ വലിയ ഷോപ്പിങ്ങ് കോംപ്ലക്സുകളിൽ ഒന്നാണിത്. ഏതാണ്ട് ഒരു ലക്ഷം രൂപയോളം വരുന്ന സംഖ്യയാണ് ഏപ്രിൽ മാസത്തിൽ വാടകയിനത്തിൽ ലഭിക്കേണ്ടിയിരുന്ന തുക .കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കമ്മ്യൂണിറ്റി കിച്ചൺ സംരഭങ്ങൾ ആരംഭിച്ചതിലേക്കും അകമഴിഞ്ഞ സംഭാവനയായിരുന്നു ഇദ്ധേഹം നൽകിയത്.സാന്ത്വന പരിപാലന രംഗത്ത് ഏറെ വർഷങ്ങളായി വലിയ സഹായഹസ്തമായി ഇദ്ധേഹം ഇടപെട്ട് വരുന്നുണ്ട്. വലിയ പ്രചരണ കോലാഹലങ്ങൾ ഒന്നും നടത്താതെ ഈ രംഗത്ത് സജീവമായി ഇടപെടുന്ന ഇദ്ധേഹത്തെ കുറിച്ച് നാട്ടുകാർ വാമൊഴിയായി പറഞ്ഞാണ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.പ്രളയ ഘട്ടത്തിലും ഇദ്ധേഹത്തിൻ്റെ ഇടപെടൽ സമീപത്തെ ക്യാമ്പുകളിൽ വലിയ ചർച്ചാ വിഷയമായിരുന്നു. ഈ വിഷുക്കാലത്ത് കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ വാടക ഒഴിവാക്കിയ വിവരം അറിഞ്ഞപ്പോൾ അഭിനന്ദിക്കാൻ എത്തിയവർക്ക് ഫോട്ടോയെടുക്കാൻ മുഖം കൊടുക്കാതെ മാറി നിൽക്കുകയായിരുന്നു ഇദ്ധേഹം.