ഇരിങ്ങാലക്കുട :ക്രൂഡോയിലിന്റെ വില വലിയ തോതില്‍ കുറഞ്ഞിട്ടും പെട്രോളിന്റെയും ഡീസലിന്റെയും വില വലിയ തോതില്‍ വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാരിന്റെ സമീപനം ക്രൂരതയാണെന്നു കേരള കോണ്‍ഗ്രസ് (എം)ഉന്നതാധികാര സമിതിയംഗം തോമസ് ഉണ്ണിയാടന്‍ പറഞ്ഞു. പെട്രോളും ഡീസലും വില കുറച്ചു കിട്ടേണ്ട സന്ദര്‍ഭത്തില്‍ ജനങ്ങള്‍ക്ക് ലഭിക്കേണ്ട സാമ്പത്തിക ആനുകൂല്യം കേന്ദ്ര സര്‍ക്കാര്‍ കവര്‍ന്നെടുക്കുകയാണ്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡോയിലിന് വില വര്‍ധിക്കുമ്പോള്‍ പെട്രോളിനും ഡീസലിനും വില കൂട്ടുന്ന സര്‍ക്കാര്‍ ഇപ്പോള്‍ വില കുറക്കാത്തതു ഭരണാധികാരികളുടെ ഏകാധിപത്യ മനോഭാവത്തെയാണ് സൂചിപ്പിക്കുന്നത്.കൊറോണ വൈറസിന്റെ ഭീതിയിലും സാമ്പത്തിക തകര്‍ച്ചയിലും അകപ്പെട്ടിരിക്കുന്ന സാധാരണക്കാരന്റെ നട്ടെല്ലൊടിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.ദാര്യദ്രത്തില്‍നിന്നു ദാര്യദ്രത്തിലേക്കു കൂപ്പു കുത്തുന്ന രാജ്യത്തെ ജനങ്ങളുടെ പോക്കറ്റടിക്കുകയും അവന്റെ പിച്ചച്ചട്ടിയില്‍നിന്നും കയ്യിട്ടുവാരുകയും ചെയ്യുന്ന തരം താണ നടപടിയാണിത്.നികുതി വര്‍ദ്ധനവ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഉണ്ണിയാടന്‍ ആവശ്യപ്പെട്ടു.