Home NEWS പ്ലാസ്റ്റിക് പേനകള്‍ക്ക് ശവകുടീരം തീര്‍ത്ത് ക്രൈസ്റ്റ് കോളേജില്‍ പെന്‍ ഡ്രൈവ് പദ്ധതിക്ക് തുടക്കമായി

പ്ലാസ്റ്റിക് പേനകള്‍ക്ക് ശവകുടീരം തീര്‍ത്ത് ക്രൈസ്റ്റ് കോളേജില്‍ പെന്‍ ഡ്രൈവ് പദ്ധതിക്ക് തുടക്കമായി

ഇരിഞ്ഞാലക്കുട : വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രചാരം നേടിയ റീഫില്‍ പേനകള്‍ ഉപയോഗശേഷം വലിച്ചെറിയുമ്പോള്‍ ഉണ്ടാകുന്ന പാരിസ്ഥിതിക വിപത്തിനെതിരെ ക്രൈസ്റ്റ് കോളേജിലെ വിവിധ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ ശുചീകരണപ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണവും ശ്രദ്ധേയമായി. നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ‘പെന്‍ ഡ്രൈവ്’ പദ്ധതിയുടെ ഭാഗമായി ഉപയോഗിച്ചു വലിച്ചെറിഞ്ഞ 6000-ാളം റീഫില്‍ പേനകള്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ചേര്‍ന്ന് സമാഹരിച്ചു. ഈ പേനകള്‍ കോഴിക്കോട് പ്രവര്‍ത്തിക്കുന്ന ഹരിതമിഷന് നല്‍കി റീസൈക്കിള്‍ ചെയ്യുമെന്നും വൃത്തിയാക്കി ഉപയോഗിക്കാവുന്നവ വിദ്യാര്‍ത്ഥികള്‍ക്ക് തിരികെ നല്‍കുമെന്നും പ്രിന്‍സിപ്പല്‍ ഡോ.മാത്യു പോള്‍ ഊക്കന്‍ അറിയിച്ചു. വൈസ് പ്രിന്‍സിപ്പല്‍മാരായ പി.ആര്‍.ബോസ്, ഫാ.ജോയി പീനിക്കപ്പറമ്പില്‍, ഫാ.ജോളി ആന്‍ഡ്രൂസ്, പ്രോഗ്രാം ഓഫിസ്സര്‍മാരായ തരുണ്‍ ആര്‍, ജിന്‍സി എസ്.ആര്‍. നിമിത സി.എന്‍., വിശാല്‍ ആര്‍. എന്നിവര്‍ നേതൃത്വം നല്‍കി. ബയോ ഡൈവേഴ്‌സിറ്റി ക്ലബ്ബ്, സി.എസ്.എ., എന്നീ സംഘടനകളും ശുചീകരണപ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചു.

 

Exit mobile version