ഇരിങ്ങാലക്കുട : നഗരത്തിന്റെ അഭിമാനമായി മാറേണ്ടുന്ന ബൈപാസ് റോഡ് ഇന്ന് സൂപ്പര്‍ മാര്‍ക്കറ്റുകളുടേയും സിനിമാ തിയറ്ററിന്റെയും കാര്‍ പാര്‍ക്കിങ്ങ് ഏരിയയായി മാറിയിരിക്കുന്നു. തിയറ്ററില്‍ പുതിയ പടം വന്നാലും വിശേഷ ദിവസങ്ങളിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലെ തിരക്കും, ഇവിടെക്കുള്ളവരുടെ വാഹനങ്ങള്‍ കൂട്ടമായി ബൈപ്പാസ് റോഡില്‍ പാര്‍ക്ക് ചെയ്യുന്നതു മൂലം ഇതു വഴിയുള്ള ഗതാഗതം അസാദ്ധ്യമാക്കിയിരിക്കയാണ്. സ്വകാര്യ ബസ്സുകളുടെ പാര്‍ക്കിംഗ് ഇതിനു പുറമെയാണ്. ഇതിനകം തന്നെ ഈ വഴിയില്‍ റോഡപകടങ്ങളില്‍ രണ്ട് ജീവന്‍ പൊലിഞ്ഞിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങളുടെ ഇത്തരം അനധികൃത കൈയ്യേറ്റങ്ങളില്‍ നിന്നും എത്രയും വേഗം ബൈപ്പാസ് റോഡിനെ വിമുക്തമാക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് നൂറ്റൊന്നംഗസഭ ഇടക്കാല പൊതുസഭ അധികൃതരോടാവശ്യപ്പെട്ടു. സഭാ ചെയര്‍മാന്‍ ഡോ. ഇ.പി.ജനാര്‍ദ്ദനന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി പി.രവിശങ്കര്‍ റിപ്പോര്‍ട്ടും, ട്രഷറര്‍ എം.നാരായണന്‍കുട്ടി വരവുചെലവു കണക്കുകളും അവതരിപ്പിച്ചു. ജനറല്‍ കണ്‍വീനര്‍ എം.സനല്‍കുമാര്‍, വൈസ് ചെയര്‍മാന്‍മാരായ ഡോ.എ.എം.ഹരിന്ദ്രനാഥ്, പി.കെ.ശിവദാസ്, എം.എന്‍. തമ്പാന്‍ മാസ്റ്റര്‍, എന്‍. നാരായണന്‍കുട്ടി മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.