ഇരിങ്ങാലക്കുട: ദേശീയ സ്‌കൂള്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള ടീമിനെ നയിക്കുന്നതു തൃശൂര്‍ക്കാരി പി.എസ.് അമൃത. രണ്ടു ദേശീയ ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കുന്നതിനും പരിശീലനത്തിനുമായി ഇന്ന് രാവിലെ അമൃത യാത്ര തിരിച്ചു. ദേശീയ സ്‌കൂള്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിനു പുറമെ ബാഡ്മിന്റണ്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ദേശീയ ചാമ്പ്യന്‍ഷിപ്പ് മത്സരത്തിലും പങ്കെടുക്കുന്നുണ്ട്. ഈ മാസം 29 മുതല്‍ ജനുവരി രണ്ടുവരെ മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് ദേശീയ സ്‌കൂള്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. ഈ മാസം 18 മുതല്‍ 22 വരെ ഉത്തര്‍പ്രദേശിലെ ലക്നൗവിലാണ് ബാഡ്മിന്റണ്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ദേശീയ ചാമ്പ്യന്‍ഷിപ്പ് മത്സരം നടക്കുന്നത്. ചുരുങ്ങിയ കാലംകൊണ്ട് കളിയരങ്ങിലേക്ക് കയറിപ്പോയ അമൃത ഇന്ന് കേരള ടീമിന്റെ സീനിയര്‍ വിഭാഗം ബാഡ്മിന്റണ്‍ ക്യാപ്റ്റനാണ്. ഇരിങ്ങാലക്കുട ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കൊമേഴ്സ് വിഭാഗം പ്ലസ്ടു വിദ്യാര്‍ഥിനിയാണ്. ഠാണാവിലെ ബിഎസ്എന്‍എല്‍ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന അന്തിക്കാട് പടിയം സ്വദേശി പള്ളിയില്‍ വീട്ടില്‍ പി.എസ്. സുധന്‍-സ്മിത ദമ്പതികളുടെ മകളാണ് അമൃത. പിതാവ് സുധന്‍ ബിഎസ്എന്‍എല്‍ ഓഫീസിലെ ജീവനക്കാരനാണ്. തൃശൂര്‍ മിഷന്‍ ക്വാര്‍ട്ടേഴ്സ് സെന്റ് ജോസഫ്സ് കോണ്‍വെന്റ് സ്‌കൂളിലാണു ഒമ്പതാം ക്ലാസുവരെ പഠിച്ചത്.
ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ബാഡ്മിന്റണ്‍ കളിയോടുള്ള മോഹം അമൃതയില്‍ മൊട്ടിട്ടത്. ഇതോടെ തൃശൂര്‍ ഫിനിക്സ് ക്ലബിലെ കോച്ച് ജോര്‍ജ് തൈക്കാട്ടിലിന്റെ കീഴില്‍ പരിശീലനം ആരംഭിച്ചു. പിന്നീട് തൃശൂര്‍ സ്പോര്‍ട്സ് കൗണ്‍സില്‍ കോച്ചായ ഡോ. റിനോഷ് ജെയിംസിന്റെ കീഴിലായിരുന്നു രണ്ടു വര്‍ഷത്തെ പരിശീലനം. പിന്നീട് പത്താം ക്ലാസ് പഠനം ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്ളവര്‍ സ്‌കൂളിലേക്കു മാറ്റി. ഇതോടെ ഇരിങ്ങാലക്കുട ബിഎസ്എന്‍എല്‍ ക്വാര്‍ട്ടേഴ്സിലേക്കു അമൃതയും കുടുംബവും താമസം മാറ്റുകയായിരുന്നു. പത്താം ക്ലാസ് മുതല്‍ ബിജു മോഹന്‍ബാബുവിന്റെ കീഴിലുള്ള പരിശീലനം ഇപ്പോഴും തുടരുകയാണ്. പരിശീലനം തുടങ്ങി ഒരുവര്‍ഷം പൂര്‍ത്തിയാകുംമുമ്പേ ജമ്മുകാശ്മീരില്‍ നടന്ന ദേശീയ സ്‌കൂള്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സബ് ജൂണിയര്‍ വിഭാഗം മത്സരത്തില്‍ പങ്കെടുത്തിരുന്നു.
തുടര്‍ന്നുള്ള രണ്ടു വര്‍ഷങ്ങളില്‍ ആന്ധ്രാപ്രദേശില ഗുണ്ടൂര്‍, കടപ്പ എന്നീ സ്ഥലങ്ങളില്‍ നടന്ന ദേശീയ ജൂണിയര്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലും പങ്കെടുത്തിരുന്നു. തുടര്‍ന്നുള്ള നാലു വര്‍ഷവും സംസ്ഥാന ടീമില്‍ അംഗമായിരുന്നു. ഇതിനിടയില്‍ നിരവധിതവണ വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് നേടിയിട്ടുണ്ട്. കായികരംഗത്തേക്കു തിരിയുന്നതിനു മുമ്പേ കലാരംഗത്തും മികവു തെളിയിച്ചിട്ടുണ്ട്. സ്‌കൂള്‍ തലത്തില്‍ നടന്ന ശാസ്ത്രീയ സംഗീത മത്സരങ്ങളില്‍ പങ്കെടുത്ത് നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. മേളവിദ്വാന്‍ കലാമണ്ഡലം ശിവദാസന്റെ കീഴില്‍ പഞ്ചാരിയിലും അഭ്യാസം നേടി. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ തൃശൂര്‍ പാറമേക്കാവ് ക്ഷേത്രത്തിലായിരുന്നു അരങ്ങേറ്റം. കായികരംഗത്തേക്കു തിരിഞ്ഞപ്പോള്‍ കലാപരമായ രംഗങ്ങളില്‍നിന്നും മാറിനില്‍ക്കുകയായിരുന്നു. കേരള ഷട്ടില്‍ ബാഡ്മിന്റണ്‍ അസോസിയേഷന്‍ ബാംഗ്ലൂര്‍, ഹൈദരാബാദ്, മധ്യപ്രദേശ്, തിരുപ്പൂര്‍ എന്നിവിടങ്ങളില്‍ നടന്ന റാങ്കിംഗ് ടൂര്‍ണമെന്റുകളിലും പങ്കെടുത്തിട്ടുണ്ട്. നിരവധി ദേശീയ കായിക താരങ്ങളെ വളര്‍ത്തിയ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ ബാഡ്മിന്റന്‍ അക്കാദമിയിലാണ് അമൃത പരിശീലനം നേടിയത്. ശ്രീജിത്ത് ആണ് അസിസ്റ്റന്റ് കോച്ച്. കണ്ണൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളായ മരിയ ജോളി, കണ്ണൂര്‍ തളിപറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ സ്‌കൂളിലെ ധന്യ പ്രതാപ്, എറണാകുളം സെന്റ് തെരേസസ് സ്‌കൂളിലെ പൗഷമി അലോണ്‍കുമാര്‍, കോട്ടയം മൗണ്ട് കാര്‍മല്‍ സ്‌കൂളിലെ അഞ്ചു തോമസ് എന്നിവരാണു അമൃത നയിക്കുന്ന ടീമിലുള്ളത്