Home NEWS ഉത്തര്‍പ്രദേശ് സ്വദേശിയായ നടവരമ്പ് ഗവ: മോഡല്‍ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥി നാലാം തവണയും ജേതാവ്.

ഉത്തര്‍പ്രദേശ് സ്വദേശിയായ നടവരമ്പ് ഗവ: മോഡല്‍ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥി നാലാം തവണയും ജേതാവ്.

നവരമ്പ് ഗവ: മോഡല്‍ഹയര്‍ സെക്കന്ററി സ്‌കൂളിലെ മുഹമ്മദ് അഫ്‌സല്‍ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഉറുദു പദ്യം ചൊല്ലലില്‍ നാലാം തവണയും ഒന്നാം സ്ഥാനം നേടി. കഴിഞ്ഞ വര്‍ഷം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് നേടിയിരുന്നു. ഉത്തര്‍പ്രദേശ് സ്വദേശിയായ മുഹമ്മദ് അഫ്‌സല്‍ അഞ്ചാം ക്ലാസ്സുമുതലേ നടവരമ്പ് സ്‌കൂളില്‍ ചേര്‍ന്ന് പഠിക്കുകയാണ്. തൊഴില്‍ തേടി കേരളത്തില്‍ എത്തിയ അഫ്‌സലിന്റെ കുടുംബത്തിന്റ അവസ്ഥ വളരെ പരിതാപകരമാണ്. സ്വന്തമായി ഒരു സെന്റു ഭൂമി പോലും ഇല്ലാത്ത കുടുംബം വര്‍ഷങ്ങളായി സൗകര്യങ്ങള്‍ കുറഞ്ഞ വാടക വീട്ടിലാണ് താമസം. അഫ്‌സലിന്റെ രണ്ട് സഹോദരിമാരും നടവരമ്പ് സ്‌ക്കൂളില്‍ പ്രൈമറി ക്ലാസ്സുകളിലാണ് പഠിക്കുന്നത്. പിതാവ് കൂലിപ്പണി ചെയ്താണ് കുടുംബം നയിക്കുന്നത്. അഫ്‌സലിന്റെ അവസ്ഥയറിഞ്ഞ് വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ വഹിക്കാമെന്ന് കലോത്സവ വേദിയില്‍ വച്ച് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപനം നടത്തിയെങ്കിലും യാതൊരു വിധ സഹായവും ലഭിച്ചില്ലെന്ന് അഫ്‌സല്‍ പറയുന്നു. മാദ്ധ്യമങ്ങളിലൂടെ ദുരിത കഥ അറിഞ്ഞ പലരും അഫ്‌സലിന് വീടുവച്ചു നല്‍കാന്‍ തയ്യറായി മുന്നോട്ട് വന്നെങ്കിലും വസ്തു ഇല്ല എന്ന കാരണത്താല്‍ വീട് നിര്‍മ്മാണം ആരംഭിക്കാന്‍ കഴിഞ്ഞില്ല. മലയാളവും ഹിന്ദിയും അനായാസം കൈകാര്യം ചെയ്യുന്നതിനോടൊപ്പം പഠനത്തിലും മികവു പുലര്‍ത്തുന്ന അഫ്‌സല്‍ എസ്.എസ്.എല്‍ സി പരീക്ഷയില്‍ മലയാളത്തിന് എ പ്ലസ് ഗ്രേഡ് നേടിയെന്നത് ശ്രദ്ധേയമാണ്. തിരിച്ച് നാട്ടിലേക്ക് മടങ്ങാന്‍ താത്പര്യമില്ല എന്നും ഇവിടെ സ്ഥിരതാമസമാക്കാനുമാണ് ആഗ്രഹമെന്നും സന്‍മനസ്സുകളുടെ സഹായത്തോടെ അതിനു സാധിക്കുമെന്നുമാണ് തന്റെ പ്രതീക്ഷയെന്ന് അഫ്‌സല്‍ പറഞ്ഞു.

 

Exit mobile version