Home NEWS പ്രളയത്തെ തുടര്‍ന്ന് മൂന്ന് മാസമായി സ്ഥിരം ക്യാമ്പില്‍; മനംമടുത്ത് 13 കുടുംബങ്ങള്‍

പ്രളയത്തെ തുടര്‍ന്ന് മൂന്ന് മാസമായി സ്ഥിരം ക്യാമ്പില്‍; മനംമടുത്ത് 13 കുടുംബങ്ങള്‍

കരുവന്നൂര്‍: തിന്നാനും കുടിക്കാനുമൊന്നുമല്ല ഞങ്ങള്‍ക്കാവശ്യം….താമസിക്കാന്‍ ഒരു കൂരയാണ്അതിനുള്ള നടപടികളാണ് വേണ്ടത്എത്രനാള്‍ ക്യാമ്പില്‍ കഴിയും…..മൂന്നുമാസമായി ഇരിങ്ങാലക്കുട നഗരസഭയുടെ കീഴിലുള്ള സ്ഥിരം ക്യാമ്പില്‍ കഴിയുന്നതിന്റെ ദു:ഖവും സങ്കടവും പ്രതിഷേധവുമെല്ലാം ആ വാക്കുകളില്‍ പ്രകടമായിരുന്നു. ഒന്നില്ലെങ്കില്‍ വീടുകള്‍ നന്നാക്കി നല്‍കുക, അല്ലെങ്കില്‍ അടുത്ത് മറ്റെവിടെയെങ്കിലും സ്ഥലവും വീടുവയ്ക്കാനുള്ള സഹായവും സര്‍ക്കാര്‍ നല്‍കണമെന്നാണ് ശിവരാത്രി വീട്ടില്‍ അയ്യ അടക്കമുള്ളവരുടെ ആവശ്യം. ദിവസം ചെല്ലും തോറും ക്യാമ്പിന്റെ സ്ഥിതി വഷളയാക്കിക്കൊണ്ടിരിക്കുകയാണെന്ന് ക്യാമ്പില്‍ കഴിയുന്ന വീട്ടമ്മമാരില്‍ ഒരാള്‍ പറഞ്ഞു. രാത്രികളില്‍ ക്യാമ്പില്‍ ബഹളമാണ്. പലരും തന്നിഷ്ടം കാണിക്കുകയാണ്. അതിനാല്‍ ക്യാമ്പിലേക്ക് പോകണമെന്നുതന്നെയില്ല. ജോലിയുള്ള സ്ത്രീകളും പുരുഷന്മാരും പകല്‍ പണിക്കുപോകും. ബാക്കിയുള്ള സ്ത്രീകള്‍ അവരവരുടെ വീടുകളിലേക്ക് പോകും. എന്തെങ്കിലുമൊക്കെ ചെയ്യും. ഭക്ഷണം വീട്ടിലുണ്ടാക്കും. രാത്രിയില്‍ കിടക്കാന്‍ വേണ്ടിമാത്രമാണ് പോകുന്നത്. അതും ഒഴിവാക്കിയാലോ എന്നും ആലോചിക്കുന്നുണ്ട്. എന്നാല്‍ വല്ലതും സംഭവിച്ചാലോ എന്ന ഭയംകൊണ്ടാണ് ഇപ്പോഴും കിടക്കാന്‍ ക്യാമ്പിലേക്ക് പോകുന്നതെന്ന് ചക്കമ്പി വീട്ടില്‍ ഷീല പറഞ്ഞു. ഷീലയുടെ അഭിപ്രായം തന്നെയാണ് ഭൂരിഭാഗം പേര്‍ക്കും. ക്യാമ്പിലെ ജീവിതം മടുത്തുകഴിഞ്ഞെന്ന് അവരുടെ വാക്കുകളില്‍ പ്രകടമായിരുന്നു. എത്രനാള്‍ ഇങ്ങനെ കഴിയുമെന്നാണ് അവര്‍ ചോദിക്കുന്നത്. മൂന്നുമാസമായി ദുരിതാശ്വാസ ക്യാമ്പില്‍ തുടരേണ്ടിവരുന്ന അവസ്ഥയില്‍ ഓരോരുത്തരും കടുത്ത നിരാശയിലാണ്.
ആഗസ്റ്റ് 15ന് വീട്ടില്‍ നിന്നിറങ്ങിയ കരുവന്നൂര്‍ ചേലക്കടവിലെ ഏഴുവീട്ടുകാര്‍ മൂന്ന് മാസമായി കരുവന്നൂര്‍ പ്രിയദര്‍ശിനി കമ്മ്യൂണിറ്റി ഹാളിലെ സ്ഥിരം ക്യാമ്പിലാണ് താമസിക്കുന്നത്. പൊറത്തിശ്ശേരി വില്ലേജിലെ പത്ത്, മാടായിക്കോണം വില്ലേജില്‍ നിന്നും രണ്ട്, ഇരിങ്ങാലക്കുട വില്ലേജിലെ ഒരുവീട് എന്നിങ്ങനെ 13 വീട്ടുകാരാണ് ഇപ്പോഴും ക്യാമ്പില്‍ കഴിയുന്നത്. പ്രളയകാലത്ത് ക്യാമ്പിലുണ്ടായിരുന്ന ഭൂരിഭാഗം പേരും വീടുകളിലേക്ക് തിരിച്ചുപോയി. വീടുനഷ്ടപ്പെട്ട പലരും ബന്ധുവീടുകളിലേക്കും മാറി. എന്നാല്‍ മറ്റുവഴികളൊന്നും ഇല്ലാത്തതിനാല്‍ 13 കുടുംബങ്ങള്‍ ഇപ്പോഴും ക്യാമ്പില്‍ കഴിയുകയാണ്. കരുവന്നൂര്‍ ബംഗ്ലാവ് ചേലക്കടവിലെ വീടുകളെല്ലാം പ്രളയത്തില്‍ മുങ്ങിപോയി. വീടുകളുടെ മേല്‍ക്കൂര ഉയരത്തിലാണ് വെള്ളം കയറിയത്. വീടും വീട്ടിലെ സാധനങ്ങളും വെള്ളം കയറി നശിച്ചതായി തെക്കൂടന്‍ കല്ല്യാണി പറഞ്ഞു. പ്രളയം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാമെന്ന് പ്രതീക്ഷിച്ചെങ്കിലും വീടുകളുടെ ചുമരുകളെല്ലാം വിണ്ടനിലയിലായിരുന്നു. തുടര്‍ന്ന് നഗരസഭ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി വീടുകള്‍ താമസയോഗ്യമല്ലെന്ന് കണ്ട് ക്യാമ്പില്‍ തുടരാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. എന്നാല്‍ ആരോഗ്യവിഭാഗം നല്‍കിയ മുന്നറിയിപ്പ് അവഗണിച്ച് കിടപ്പുരോഗിയായ അമ്മയ്ക്കുവേണ്ടി ഇപ്പോഴും വീട്ടില്‍ കഴിയുകയാണ് വെള്ളാനി അശോകനും ഭാര്യയും. ക്യാമ്പില്‍ എല്ലാവര്‍ക്കുമായിട്ടുള്ള ബാത്ത് റൂം അമ്മയ്ക്ക് ഉപയോഗിക്കാന്‍ പറ്റാത്തകാരണമാണ് വീട്ടിലേക്ക് തിരിച്ചുപോന്നതെന്ന് അശോകന്‍ വ്യക്തമാക്കി.
പ്രളയത്തെ തുടര്‍ന്ന് ഇപ്പോഴും ക്യാമ്പില്‍ കഴിയുമ്പോഴും വീടുനഷ്ടപ്പെട്ടവര്‍ക്ക് വീടുവയ്ക്കാനുള്ള സര്‍ക്കാറിന്റെ റീ ബില്‍ഡ് കേരള പട്ടികയില്‍ ഉള്‍പ്പെടാത്തവരും ഇവിടെയുണ്ട്. ചക്കമ്പിവീട്ടില്‍ ഷീല, വെള്ളാനി വില്‍സന്റെ ഭാര്യ ജ്യോതിലക്ഷ്മി എന്നിവരാണ് പട്ടികയില്‍ ഉള്‍പ്പെടാതെ പോയത്. പുതിയ വീട് വയ്ക്കുന്നതിനാലാണ് വീടുപോയവരുടെ ലീസ്റ്റില്‍ പേരുള്‍പ്പെടുത്താതിരിക്കുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നതെന്ന് ഇരുവരും പറഞ്ഞു. ഇരുവര്‍ക്കും കണക്കംകോട്ടയില്‍ സര്‍ക്കാര്‍ മൂന്ന് സെന്റ് വീതം നല്‍കിയതില്‍ വീടുപണി തുടങ്ങിയിരുന്നു. സര്‍ക്കാര്‍ ധനസഹായത്തോടെ നിര്‍മ്മിച്ചിരുന്ന വീടുകളുടെ വാര്‍ക്ക പൊക്കമെത്തിയപ്പോഴാണ് പ്രളയം വന്നത്. അതോടെ വീടും പണിക്കായി കരുതിയിരുന്ന സിമന്റും മറ്റ് സാധനങ്ങളുമെല്ലാം പ്രളയത്തില്‍ നശിച്ചുപോയി. ഇപ്പോള്‍ താമസിക്കുന്ന വീടും പണിയുന്ന വീടും വെള്ളം കയറി നശിച്ചതായി ഇരുവരും പറഞ്ഞു. ലീസ്റ്റില്‍ പേരുള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് നിരവധി തവണ വില്ലേജ്, താലൂക്ക് ഓഫീസുകളില്‍ കയറിയിറങ്ങി. ഒടുവില്‍ കളക്ടറെ പോയി കണ്ടതിന് ശേഷമാണ് വില്ലേജ് ഓഫീസില്‍ അപേക്ഷ തന്നെ സ്വീകരിച്ചതെന്ന് ജ്യോതി പറഞ്ഞു. മൂന്ന് മാസമായി സ്ഥിരം ക്യാമ്പ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ജനപ്രതിനിധികളോ, രാഷ്ട്രീയക്കാരോ തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് അവര്‍ കുറ്റപ്പെടുത്തി. സൗജന്യ റേഷനും കിറ്റുകളും ലഭിക്കുന്നുണ്ടെങ്കിലും സ്വന്തം വീട്ടില്‍ എന്ന് അന്തിയുറങ്ങാന്‍ കഴിയുമെന്നറിയാത്ത അവസ്ഥയിലാണ് ഇവര്‍.

 

 

 

 

Exit mobile version