ഇരിങ്ങാലക്കുട.നഗരസഭ മുന്‍ വൈസ് ചെയര്‍മാനും ഹൈസ്‌ക്കൂള്‍ അദ്ധ്യാപകനുമായിരുന്ന കെ.വേണുഗോപാലന്‍ തന്റെ കുടുംബത്തിന്റെ സംഭാവനയായ 2.5 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി.സംസ്ഥാനതലത്തില്‍ സര്‍ക്കാര്‍ നടത്തുന്ന വിഭവ ശേഖരണത്തിനായി വിദ്യഭ്യാസമന്ത്രി സി.രവീന്ദ്രനാഥും കൃഷി മന്ത്രി വി.എസ്.സുനില്‍കുമാറുമടങ്ങിയ സംഘം വെള്ളിയാഴ്ച്ച മുകുന്ദപുരം താലൂക്ക് ഓഫീസിലെത്തിയപ്പോഴാണ് തുക കൈമാറിയത്.അമ്മാടം സെന്റ് ആന്റണീസ് ഹൈസ്‌ക്കുളിലെ മുന്‍ മലയാളം അദ്ധ്യാപകനായിരുന്നു നാട്ടില്‍ വേണുമാസ്റ്റര്‍ എന്നറിയപ്പെടുന്ന കെ.വേണുഗോപാലന്‍.തന്റെ രണ്ടുമാസത്തെ പെന്‍ഷന്‍ തുകയും ഭാര്യ ഇരിങ്ങാലക്കുട ഗവ.ഗേള്‍സ് ഹൈസ്‌ക്കൂളില്‍ നിന്നും വിരമിച്ച എന്‍.ശാന്തയുടെ രണ്ടുമാസത്തെ പെന്‍ഷന്‍തുകയും ദുരിതാശ്വാസനിധിയിലേക്ക് കൈമാറാന്‍ വേണുമാസ്റ്റര്‍ നേരത്തേ തീരുമാനമെടു ത്തിരുന്നു.കൂടെ താമസിക്കുന്ന ഭാര്യാസഹോദരി ഇരിങ്ങാലക്കുട ഗവ.ബോയ്സ് ഹൈസ്‌ക്കൂളില്‍ നിന്നും വിരമിച്ച എന്‍.സുശീല തന്റെ രണ്ടുമാസത്തെ പെന്‍ഷനും ഇതോടൊപ്പം നല്‍കാന്‍ സന്നദ്ധയായി.
ഇതോടെ ഒപ്പം താമസിക്കുന്ന എറണാകുളത്തെ സ്വകാര്യകമ്പനിയില്‍ കംപ്യൂട്ടര്‍ എഞ്ചിനീയറായി ജോലി നോക്കുന്ന മകന്‍ എന്‍.ബാലഗോപാലും മരുമകളായ തൃശ്ശൂര്‍ വിമല കോളേജിലെ കംപ്യൂട്ടര്‍ ലക്ചറര്‍ എം.ശ്രീകലയും തങ്ങളുടെ ഒരു മാസത്തെ ശമ്പളം കൂടി ദുരിതാശ്വാസനിധിയിലേക്ക് നല്‍കണമെന്ന സന്നദ്ധത പിതാവിനെ അറിയിച്ചു.വിവരമറിഞ്ഞ മനവലശ്ശേരി വില്ലേജ് ഓഫീസര്‍ ടി.കെ.പ്രമോദ് വേണുമാസ്റ്ററെ വീട്ടിലെത്തിസന്ദര്‍ശിച്ച് തുക മന്ത്രിമാരടങ്ങിയ സര്‍ക്കാരിന്റെ വിഭവസമാഹരണ സംഘത്തിന് കൈമാറണമെന്ന് അഭ്യര്‍ത്ഥിക്കുകയായിയുന്നു.തുടര്‍ന്നാണ് അഞ്ചു ചെക്കുകളിലായി 2.5 ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയത്. മനവലശ്ശേരി വില്ലേജിലെ തെക്കേക്കരവീട്ടില്‍ ശാന്തിനിവാസിലാണ് വേണുമാസ്റ്ററും കുടുംബവും താമസം.