ഇരിങ്ങാലക്കുട : ക്രൈസ്തവര്‍ക്ക് നേരെ ഇപ്പോള്‍ ഭാരതത്തില്‍ നടക്കുന്ന സംഘടിത ആക്രമണങ്ങളെ ജാഗ്രതയോടെ നേരിടണമെന്ന് ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍. കല്ലേറ്റുംകര പാക്‌സില്‍ നടന്ന വൈദിക സംഗമത്തിലാണ് ബിഷപിന്റെ ആഹ്വാനം. ക്രൈസ്തവ സമൂഹം പരിശുദ്ധവും പരിപാവനവും പവിത്രവുമായി കരുതുന്ന കുമ്പസാരം എന്ന കൂദാശ നിരോധിക്കണം എന്നാവശ്യപ്പെട്ട് ദേശീയ വനിത കമ്മീഷന്‍ ചെയര്‍മാന്‍ ശ്രീമതി രേഖ ശര്‍മ 2018 ജൂലൈ 27 ന് കേന്ദ്രസര്‍ക്കാരിനു നല്‍കിയ ശുപാര്‍ശ തികച്ചും അപലപനീയമാണ്. സമൂഹത്തില്‍ പ്രത്യേകിച്ചു കേരളത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്തി സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനും അതുവഴി ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തി ഭരിക്കാനും ക്രൈസ്തവ സമൂഹത്തില്‍ ഭിന്നത സൃഷ്ടിച്ച് വിശ്വാസം തകര്‍ക്കാനുമുള്ള ഇത്തരം പദ്ധതികള്‍ നിക്ഷിപ്ത താല്‍പര്യത്തോടെ നടക്കുന്ന നിഗൂഢ അജന്‍ഡകളുടെ ഭാഗമാണെന്നതില്‍ സംശയമില്ല എന്ന് ബിഷപ് പറഞ്ഞു.വ്യക്തിപരമായ അധിക്ഷേപങ്ങളും മതവിശ്വാസങ്ങളിലും ആചാരങ്ങളിലും ഉള്ള കടന്നുകയറ്റങ്ങളും ചില സമുദായങ്ങളെ തിരഞ്ഞുപിടിച്ച് വിരോധം തീര്‍ക്കലും ഇന്ത്യന്‍ ഭരണഘടന മതങ്ങള്‍ക്കു നല്‍കുന്ന അവകാശങ്ങളുടെ കടുത്ത ലംഘനമാണ്. ഭരണഘടനാ ശില്‍പികള്‍ വിഭാവനം ചെയ്ത മതേതരത്വവും ബഹുസ്വരതയും സഹിഷ്ണുതയും കാറ്റില്‍ പറത്തിക്കൊണ്ടുള്ള നീക്കങ്ങള്‍ എതിര്‍ക്കപെടേണ്ടതാണ്. വനിതാ കമ്മീഷന്റെ അപക്വവും വിചിത്രവും വികലവുമായ ഇത്തരം സമീപനങ്ങളെ നിയന്ത്രിക്കേണ്ടതും നിരോധിക്കേണ്ടതും ഭാരതത്തിന്റെ സുസ്ഥിരമായ ഭാവിക്ക് അത്യന്താപേക്ഷിതമാണ്.ചില ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ നൂറ്റാണ്ടുകളായി സഭയില്‍ നിലനില്‍ക്കുന്ന കുമ്പസാരത്തെയും അതിന്റെ ദൈവശാസ്ത്രപരവും ധാര്‍മികവും മനഃശാസ്ത്രപരവുമായ വശങ്ങളെയും ചോദ്യം ചെയ്യുന്നതും വിശ്വാസികളുടെ മനസില്‍ വിവിധങ്ങളായ ആശങ്കകള്‍ സൃഷ്ടിക്കുന്നതും ക്രിസ്തീയ മൂല്യങ്ങളെ താറടിച്ചു കാണിക്കുന്നതും പൗരോഹിത്യത്തിന്റെ വിശ്വാസ്യതയും ശ്രേഷ്ഠതയും മഹിമയും അവഹേളിക്കുന്നതും തീര്‍ച്ചയായും നിര്‍ഭാഗ്യകരമാണ്. സഭയ്‌ക്കെതിരെ സാമാന്യബുദ്ധിക്കും നീതിക്കും ന്യായത്തിനും നിരക്കാത്ത നിര്‍ദ്ദേശങ്ങള്‍ സമൂഹത്തിന്റെ സംരക്ഷകരാകേണ്ട അധികാരികളും ഭരണഘടനാ സ്ഥാപനങ്ങളും നേതാക്കന്മാരും മുന്നോട്ടു വയ്ക്കുന്നത് അത്യന്തം ആശങ്കാജനകമാണ് എന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു. ദേശീയ വനിതാ കമ്മീഷനും അതിന്റെ ചെയര്‍മാന്‍ ശ്രീമതി രേഖാ ശര്‍മയും ബന്ധപ്പെട്ട അധികാരികളും ക്രൈസ്തവ സമൂഹത്തോട് മാപ്പു പറയണമെന്നും നിരുത്തരവാദപരമായ പ്രസ്താവനകള്‍ ഇറക്കിയവര്‍ക്കെതിരെ നടപടികള്‍ എടുക്കണമെന്നും ക്രൈസ്തവ സമൂഹത്തെ അവഹേളിക്കുന്ന ഇത്തരം നടപടികള്‍ ഇനിയാവര്‍ത്തിക്കാന്‍ ഇടയാകരുതെന്നും ഇരിങ്ങാലക്കുട രൂപതയിലെ രണ്ടരലക്ഷത്തോളം വരുന്ന വിശ്വാസി സമൂഹവും വൈദീക – സന്യസ്ത സമൂഹവും ഒന്നടങ്കം ആവശ്യപ്പെട്ടുകൊണ്ട് പ്രമേയം പാസ്സാക്കി. രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്റെ അധ്യക്ഷതയില്‍ കല്ലേറ്റുങ്കരയില്‍ ഒത്തുചേര്‍ന്ന ഇരുന്നൂറിലധികം വൈദികര്‍ തങ്ങളുടെ ആശങ്കകളും നടുക്കവും പ്രതിഷേധവും രേഖപ്പെടുത്തി. ഇടവകകള്‍ തോറും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനും ദൈവാലയങ്ങളിലും സ്ഥാപനങ്ങളിലും സന്യസ്ത ഭവനങ്ങളിലും പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നടത്താനും ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ആഹ്വാനം ചെയ്തു.ഇരിങ്ങാലക്കുട രൂപതയിലെ വൈദിക സമൂഹത്തില്‍ നിന്ന് പൗരോഹിത്യ ജീവിതത്തില്‍ അമ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ ഫാ. ആന്റണി പുതുശ്ശേരി, ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന ഫാ. ജോണ്‍ കവലക്കാട്ട്, ഫാ. ഡെന്‍സന്‍ നെരേപറമ്പില്‍, ഫാ. ജോയ് തറയ്ക്കല്‍, ഫാ. ജോണ്‍ തെക്കേത്തല, ഫാ. ആന്റു ആലപ്പാടന്‍, ഫാ. ബെന്നി കരിമാലിക്കല്‍, ഫാ. വര്‍ഗ്ഗീസ് പെരേപ്പാടന്‍ എന്നിവരെ അനുമോദിക്കുന്നതിന് നടന്ന വി. കുര്‍ബ്ബാനയില്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. വികാരി ജനറാള്‍മാരും ജൂബിലി ആഘോഷിക്കുന്ന വൈദികരും രൂപതയിലെ മറ്റുവൈദികരും സഹകാര്‍മികരായി. തുടര്‍ന്ന് നടന്ന അനുമോദന സമ്മേളനത്തില്‍ ഫാ. കിന്‍സ് ഇളംകുന്നപ്പുഴ ആശംസകള്‍ നേര്‍ന്നു. ഫാ. ജോണി മേനാച്ചേരി, ഫാ. ജോസ് ഇരിമ്പന്‍, ഫാ. വിന്‍സെന്റ് പാറയില്‍, ഫാ. ആന്റോ പാണാടന്‍, ഫാ. സജി പൊന്‍മിനിശ്ശേരി, ഫാ. ലിജു മഞ്ഞപ്രക്കാരന്‍ തുടങ്ങിയവര്‍ ആഘോഷപരിപാടികള്‍ക്ക് നേതൃത്വം നല്‍കി.