ഇരിങ്ങാലക്കുട : മഴക്കാലത്തോടനുബന്ധിച്ച് നടത്തേണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങളെ നടത്താത്തതിനെ കുറിച്ച്് കൗണ്‍സില്‍ യോഗത്തില്‍ എല്‍. ഡി. എഫ്. അംഗങ്ങളുടെ രൂക്ഷ വിമര്‍ശനം, എന്നാല്‍ വാര്‍ഡ് തലത്തില്‍ നടത്തേണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കൗണ്‍സിലര്‍മാരുടെ വേണ്ടത്ര സഹകരണം ലഭിച്ചില്ലെന്ന് ഉദ്യോഗസ്ഥര്‍. പകര്‍ച്ച വ്യാധി തടയുന്നതിന് യാതൊരു മുന്നൊരുക്കവും നടത്താന്‍ നഗരസഭാ ഭരണ നേത്യത്വത്തിന് കഴിഞ്ഞിട്ടില്ലെന്ന് എല്‍. ഡി. എഫ്. അംഗം സി. സി. ഷിബിന്‍ കുറ്റപ്പെടുത്തി. വെള്ളക്കെട്ട് ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ സ്വീകിരക്കുന്നതിനോ, പ്ലാസ്റ്റിക് മാലിന്യം സംസ്‌കരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനോ നടപടി സ്വീകരിക്കുന്നില്ലെന്ന് എല്‍. ഡി. എഫ്. അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. നഗരസഭ ഹെല്‍ത്ത് വിഭാഗം കടുത്ത അനാസ്ഥയാണ് ഇക്കാര്യത്തില്‍ കാണിക്കുന്നതെന്നായിരുന്നു എല്‍. ഡി. എഫ്. അംഗങ്ങളുടെ വിമര്‍ശനം. എന്നാല്‍ ഈ വര്‍ഷം ജനുവരി മാസം മുതല്‍ തന്നെ സര്‍ക്കാര്‍ മുന്നൊരുക്കങ്ങള്‍ നടത്തുന്നതിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് പതിവു രീതിയില്‍ നിന്നും വ്യത്യസ്തമായി വാര്‍ഡുതലത്തില്‍ നടത്തുന്നതിനാണ് നിര്‍ദ്ദേശം നല്‍കിയിരുന്നത് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കൗണ്‍സില്‍ യോഗത്തില്‍ വിശദീകരിച്ചു. ആരോഗ്യ ജാഗ്രത പദ്ധതി പ്രകാരം വാര്‍ഡുതലത്തില്‍ ശുചിത്വ സമിതി രൂപീകരിച്ചു പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് നല്‍കിയ നിര്‍ദ്ദേശം പല വാര്‍ഡുകളിലും നടന്നിട്ടില്ലെന്ന് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ചൂണ്ടിക്കാട്ടി. അവലോകന യോഗങ്ങളില്‍ സമിതിയുടെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലാണ് ആവശ്യപ്പെടുന്നത് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഹെല്‍ത്ത് സൂപ്പര്‍വൈസറുടെ നിലപാടിനെ എതിര്‍ത്ത എല്‍. ഡി. എഫ്. അംഗങ്ങള്‍ ഹരിത കേരളം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വാര്‍ഡുതലത്തില്‍ നല്‍കേണ്ട പണം ഇനിയും നല്‍കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി. ഇതോടെ വിഷയത്തിന്റെ ഗൗരവം ഉള്‍കൊണ്ട് ഹെല്‍ത്ത് വിഭാഗത്തിന്റെയും കൗണ്‍സിലര്‍മാരുടെ സംയുക്ത യോഗം വിളിച്ചു ചേര്‍ക്കണമെന്ന് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ എം.ആര്‍. ഷാജു നിര്‍ദേശിക്കുകയായിരുന്നു.