പായമ്മല്‍: പായമ്മല്‍ ക്ഷേത്രത്തില്‍ നിന്നും മതിലകം- എടതിരിഞ്ഞി റോഡിലേക്ക് പോകുന്ന പായമ്മല്‍- കോടംകുളം റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു. നിര്‍മ്മാണപ്രവര്‍ത്തികള്‍ നടന്നുവരുന്നതിനിടയിലാണ് പൂര്‍ത്തിയായ സംരക്ഷണഭിത്തിയുടെ ഒരുഭാഗത്ത് കരിങ്കല്ലുകള്‍ തള്ളി താഴേയ്ക്കിരുന്നിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് റോഡില്‍ വിള്ളലും സംഭവിച്ചിട്ടുണ്ട്. പടിയൂര്‍ ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡില്‍ പെടുന്നതാണ് ഈ റോഡ്. പടിയൂര്‍ കോള്‍ മേഖലയില്‍പെടുന്ന ഭാഗത്ത് പാടത്തിന് മദ്ധ്യേയാണ് ഈ റോഡ് സ്ഥിതി ചെയ്യുന്നത്. നാലമ്പല തീര്‍ത്ഥാടന കാലത്ത് ഏറെ തിരക്കേറിയ റോഡുകളിലൊന്നാണ് ഇത്. ജില്ലാ പഞ്ചായത്ത് അനുവദിച്ച 20 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡിന്റെ ഇരുവശവും സംരക്ഷണ ഭിത്തി കെട്ടി ടാറിങ്ങ് നടത്തുന്നത്. കരിങ്കല്ലും കോണ്‍ക്രീറ്റും രണ്ട് തട്ടുകളായി ഇട്ടാണ് സംരക്ഷണഭിത്തി നിര്‍മ്മിച്ചിരിക്കുന്നത്. താഴെ കരിങ്കല്ല് കെട്ടി ഉയര്‍ത്തിയശേഷം കോണ്‍ക്രീറ്റിന്റെ ഒരു ബെല്‍റ്റ് നിര്‍മ്മിച്ച് അതിന് മുകളില്‍ വീണ്ടും കരിങ്കല്ല് പാകിയശേഷം മുകളില്‍ കോണ്‍ക്രീറ്റ് നടത്തിയാണ് ഭിത്തി സജ്ജമാക്കിയിരിക്കുന്നത്. എന്നാല്‍ നിര്‍മ്മാണത്തിനിടയില്‍ തന്നെ താഴേനിന്നും കരിങ്കല്ലുകള്‍ തള്ളിപോയതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. വലിയ വാഹനങ്ങള്‍ പോകുകയോ, മഴ പെയ്യുകയോ ഉണ്ടായിട്ടില്ല. അതിനുമുമ്പെ തന്നെ ഭിത്തി തകര്‍ന്നു. നിര്‍മ്മാണത്തിലെ അപാകമാണ് ഇതിന് കാരണമെന്ന് അവര്‍ ആരോപിച്ചു. നേരത്തെ റോഡരുകില്‍ ഉണ്ടായിരുന്ന കെട്ടിന്റെ മുകളില്‍ നിന്നും കരിങ്കല്ലിട്ട് ഉയര്‍ത്തിയതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. പഴയ കെട്ട് ബലമുള്ളതാണോയെന്ന് പരിശോധിച്ചതിന് ശേഷമായിരുന്നു നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടിയിരുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഭിത്തി ഇടിഞ്ഞതിനെ തുടര്‍ന്ന് വ്യാഴാഴ്ച നിര്‍മ്മാണപ്രവര്‍ത്തികള്‍ക്കുവന്ന തൊഴിലാളികളെ പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞു. ഇതിനെ കുറിച്ച് ജില്ലാ പഞ്ചായത്ത് അടക്കമുള്ള അധികാരികള്‍ക്ക് പരാതി നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.