പുല്ലൂര്‍: നേന്ത്രവാഴ കൃഷിയില്‍ നൂറ് മേനി വിളവെടുപ്പിനായി ഊരകം സി എല്‍ സി ഒരുങ്ങുന്നു. ഊരകം സെന്റ് ജോസഫ്‌സ് പള്ളിയുടെ ശതോത്തര സുവര്‍ണ ജൂബിലിയാഘോഷത്തിന്റെ ഭാഗമായി പള്ളിയുടെ പറമ്പില്‍ സി എല്‍ സി യുടെ നേതൃത്വത്തില്‍ നടത്തിയ നേന്ത്രവാഴ കൃഷിയിലാണ് നൂറ് മേനി വിളവുണ്ടായത്.ഏത് തൊഴിലിനും മഹത്വമുണ്ടെന്ന് വിളിച്ചോതി കഴിഞ്ഞ മെയ്ദിനത്തിലാണ് പുതു തലമുറയിലെ യുവാക്കള്‍ നേന്ത്രവാഴ കൃഷിയുമായിറങ്ങിയത്. ഉന്നത സാങ്കേതിക വിദ്യാഭ്യാസം നേടിയവരും മെഡിക്കല്‍, എഞ്ചനീയറിങ്, ബിസിനസ് മാനേജ്‌മെന്റ് രംഗത്ത് ജോലിയെടുക്കുന്നവരും പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികളുമായിരുന്നു കര്‍ഷകര്‍.ദൈവത്തിന്റെ ദാനമായ ഭൂമിയെയും പ്രകൃതിയെയും നിലനിര്‍ത്താനും ആവശ്യമായ മഴയും വിഷമില്ലാത്ത ഭക്ഷണപദാര്‍ത്ഥങ്ങളും ശുദ്ധമായ വെള്ളവും മലിനമാകാത്ത വായുവും നഷ്ടപ്പെട്ട സംസ്‌കൃതിയും സംസ്‌ക്കാരവും വീണ്ടെടുക്കാനും മണ്ണിനെ സ്‌നേഹിക്കണമെന്ന സന്ദേശം ഉയര്‍ത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം.ഇതില്‍ നിന്നും ലഭിക്കുന്ന വരുമാനം സി എല്‍ സി യുടെ നേതൃത്വത്തിലുള്ള സാന്ത്വനം പദ്ധതിയിലൂടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനാണ് തീരുമാനം.നിഖില്‍ ജോണ്‍, ഡെനില്‍ ഡേവിസ്, ജിലിന്‍ ജോര്‍ജ്, അലക്‌സ് ജോസ്, ജീസ് വര്‍ഗീസ്, സിബി ജേക്കബ്, ഫെബിന്‍ ബേബി, ക്രിസ്റ്റീന്‍ സ്റ്റീഫന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കൃഷി നടത്തിയത്.വിളവെടുപ്പ് പ്രൊമോട്ടര്‍ ഫാ.ഡോ.ബെഞ്ചമിന്‍ ചിറയത്ത് ഉദ്ഘാടനം ചെയ്തു.