ഇരിങ്ങാലക്കുട: നഗരസഭയിലെ കിയോസ് കീ കുടിവെള്ള പദ്ധതി പ്രകാരം സ്ഥാപിച്ച വാട്ടർ ടാങ്കുകൾ പക്ഷി കാഷ്ഠം കൊണ്ട് മൂടുന്നു.നഗരസഭ പ്രദേശത്തേ ശുദ്ധജല ക്ഷാമത്തിന് പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് പദ്ധതി ആരംഭിച്ചത്.വേനൽക്കാലത്ത് ടാങ്കറുകളിൽ വെള്ളം വിതരണം ചെയ്യുന്നതിന് പകരം ശുദ്ധജല ക്ഷാമം രൂക്ഷമായ സ്ഥലങ്ങളിൽ സ്ഥാപിക്കുന്ന ജലസംഭരണികളിൽ വെള്ളം നിറച്ച് ആവശ്യക്കാർക്ക് ടാപ്പുകൾ വഴി ജനങ്ങൾക്ക് ലഭ്യമാക്കുകയായിരുന്നു പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരുന്നത് .ഇപ്രകാരം ഗാന്ധിഗ്രം ഗൗണ്ട് പരിസരത്ത് സ്ഥാപിച്ച വാട്ടർ ടാങ്ക് അടക്കം നഗരത്തിലെ പല പ്രദേശങ്ങളിലും ദീർഘവീക്ഷണമില്ലാതെ സ്ഥാപിച്ച വാട്ടർ ടാങ്കുകൾ ഉപയോഗ്യ ശൂന്യമായി കൊണ്ടിരിക്കുകയാണ്.പദ്ധതിയുടെ ഭാഗമായി ആറ് മാസങ്ങൾക്ക് മുൻപ് വിവിധ വാർഡുകളിൽ പതിനായിരം ലിറ്റർ സംഭരണ ശേഷിയുള്ള ഇത്തരത്തിലുള്ള ജലസംഭരണികൾ സ്ഥാപിചെങ്കില്ലും ഇത് വരെ വെള്ളം എത്തിയിട്ടില്ല. പ്രത്യേകം തയ്യാറാക്കിയ തറകളിലാണ് ടാപ്പുകളോട് കൂടിയ ജലസംഭരണികൾ സ്ഥാപിച്ചത്.ലക്ഷങ്ങൾ ചിലവഴിച്ച പദ്ധതിയിലൂടെ ഒരു തുള്ളി വെള്ളം ലഭിക്കാത്തത് കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.പക്ഷി കാഷ്ഠം വീണ് ദുർഗദ്ധപൂരിതമായ ടാങ്കുകളിൽ ഇനി വെള്ളം നിറച്ചാലും കുടിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ജനങ്ങൾ .വേനൽ കടുത്തതോടെ നഗരസഭ പ്രദേശത്ത് ശുദ്ധജലക്ഷാമം രൂക്ഷമാവുകയാണ് .