Home NEWS വിഖ്യാത ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംങ്ങ്‌സ് അന്തരിച്ചു.

വിഖ്യാത ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംങ്ങ്‌സ് അന്തരിച്ചു.

ലണ്ടന്‍: വിഖ്യാത ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ് (76) അന്തരിച്ചു. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. ശരീരത്തെ മുഴുവന്‍ തളര്‍ത്തുന്ന മോട്ടോര്‍ ന്യൂറോണ്‍ രോഗം ബാധിച്ച ഹോക്കിംഗ് യന്ത്രസഹായത്തിലാണ് പുറം ലോകവുമായി ആശയ വിനിമയം നടത്തിയിരുന്നത്.നക്ഷത്രങ്ങള്‍ നശിക്കുമ്പോള്‍ രൂപം കൊള്ളുന്ന തമോഗര്‍ത്തങ്ങളെക്കുറിച്ച് നിരവധി ഗവേഷണങ്ങളാണ് ഹോക്കിംഗ് നടത്തിയിരുന്നത്. നിലവില്‍ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ഗണിതശാസ്ത്രത്തിലെ ലുക്കാഷ്യന്‍ പ്രഫസര്‍ സ്ഥാനം വഹിച്ചുവരികയായിരുന്നു. 1942ല്‍ ജനുവരി 8ന് ഓക്‌സ്‌ഫോര്‍ഡില്‍ ജനിച്ച സ്റ്റീഫന്‍ ഹോക്കിംഗ് 17-ാം വയസ്സിലാണ് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്നും ഭൗതിക ശാസ്ത്രത്തില്‍ ബിരുദം നേടിയത്. ജീവശാസ്ത്ര ഗവേഷകനായിരുന്ന ഫ്രാങ്ക് ഹോക്കിന്‍സും ഇസബെല്‍ ഹോക്കിന്‍സുമായിരുന്നു മാതാപിതാക്കള്‍. ‘എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം’ എന്ന പ്രശസ്ത ശാസ്ത്രഗ്രന്ഥം രചിച്ചത് ഹോക്കിംഗാണ്.കേംബ്രിഡ്ജില്‍ ഗവേഷണ ബിരുദത്തിന് പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് കൈകാലുകള്‍ തളര്‍ന്നുപോകാന്‍ കാരണമായ മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് (എംഎന്‍ഡി)എന്ന രോഗം അദ്ദേഹത്തെ ബാധിച്ചത്. പരമാവധി രണ്ടു വര്‍ഷം ആയുസെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയതിനു ശേഷമാണ് അദ്ദേഹം നിരവധി ഗവേഷണങ്ങള്‍ നടത്തിയത്.ലണ്ടനിലെ സെന്റ് ആല്‍ബര്‍ട്ട്‌സ് ഹൈസ്‌കൂളില്‍ പഠിക്കുമ്പോഴാണ് സ്റ്റീഫനു കണക്ക് ഹരമാവുന്നത്. കണക്കദ്ധ്യാപകന്‍ അത്രയ്ക്ക് പ്രതിഭാധനനായിരുന്നുവെന്നതാണ് കാരണം. കണക്കില്‍ വൈദഗ്ധ്യം നേടി മുന്നേറാമെന്ന് സ്റ്റീഫന്‍ തീരുമാനിക്കുകയും ചെയ്തു. അച്ഛന്റെ നിര്‍ബന്ധം കഥ മാറ്റി; കെമിസ്റ്റ്രി പഠിക്കേണ്ടി വന്നു. പിന്നീട് ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയില്‍ ഫിസിക്‌സിലേക്ക് മാറി. പിന്നെ കേംബ്രിഡ്ജില്‍ കോസ്‌മോളജിയെന്ന പ്രധാന്‍ ഭൌതിക ശാസ്ത്ര ശാഖയില്‍ പഠനം തുടര്‍ന്നു. സ്റ്റീഫന്‍ ഹോക്കിങ്ങ്‌സ് എന്ന പ്രതിഭാശാലി പുതിയ ഉയരങ്ങള്‍ തേടാന്‍ തുടങ്ങി. ഈ സമയത്താണ് താന്‍ വല്ലാതെ മെലിയുന്നുവെന്ന് സ്റ്റീഫന്‍ തിരിച്ചറിയുന്നത്. അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങി ഡോക്ടറെ കണ്ടു.മാരകമായ മോട്ടോര്‍ ന്യുറോണ്‍ രോഗമാണ് സ്റ്റീഫനെന്നു പരിശോധനയില്‍ വ്യക്തമായി. ഓക്‌സ്ഫഡിലെ ഡോക്റ്ററേറ്റ് പൂര്‍ത്തിയാക്കാന്‍ ആയുസ്സ് അനുവദിക്കില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. ഇക്കാലത്തെക്കുറിച്ച് സ്റ്റീഫന്‍: ‘എന്റെ ഭാവിക്കുമേല്‍ മേഘങ്ങള്‍ ഉരുണ്ടു കൂടുന്നുണ്ടായിരുന്നെങ്കിലും ഞാന്‍ സന്തോഷവാനായിരുന്നു. എന്റെ ഗവേഷണം കൂടുതല്‍ പുരോഗമിച്ചു.’തന്റെ ജീവിത സഖിയെ സ്വീകരിക്കാനും ജോലി സമ്പാദിക്കാനുമുള്ള ധൃതിയാണ് ഗവേഷണത്തിനു ആക്കം കൂട്ടിയത്. പിന്നീട് സ്റ്റീഫന്‍, ജെയ്ന്‍ വില്‍ഡെയെ വിവാഹം കഴിച്ചു. മൂന്നു കുട്ടികള്‍ ജനിച്ചു. അതിനിടയില്‍ ശരീരം കൂടുതല്‍ തളര്‍ന്നു തുടങ്ങി. ഇലക്ട്രിക് വീല്‍ ചെയറില്‍ കഴിയേണ്ടതായി വന്നു. 1985-ല്‍ ശക്തമായ ന്യൂമോണിയ ബാധയെ തുടര്‍ന്നു ശസ്ത്രക്രിയയ്ക്ക് വിധേയനായി 24 മണിക്കൂറും പരിചരണം വേണമെന്ന ഘട്ടത്തിലെത്തി. ശസ്ത്രക്രിയയ്ക്ക് മുമ്പു സ്റ്റീഫനു അവ്യക്തമെങ്കിലും സംസാരിക്കാന്‍ സാധിച്ചിരുന്നു. ഒരു സെക്രട്ടറിയെ നിയോഗിച്ചു വേണ്ട കാര്യങ്ങള്‍ പതുക്കെ പറഞ്ഞു കൊടുത്ത് എഴുതിപ്പിക്കുമായിരുന്നു. സെമിനാറുകള്‍ക്കു തന്റെ ദുര്‍ബലമായ ശബ്ദം തിരിച്ചറിയാവുന്ന ഒരാളെ നിയോഗിച്ചു ഏറ്റു പറയിക്കുമായിരുന്നു. പക്ഷെ ശസ്ത്രക്രിയ കാര്യങ്ങള്‍ മാറ്റി മറിച്ചു. സംസാര ശേഷി പൂര്‍ണ്ണമായി ഇല്ലാതായി. മനസ്സു തുറക്കാനുള്ള മറ്റു വഴികള്‍. മനസ്സിലുള്ളത് പറയാന്‍ മറ്റൊരു രീതി സ്റ്റീഫന്‍ പരീക്ഷിച്ചു. പുരികക്കൊടികള്‍ ചലിപ്പിച്ച് തന്റെ മുന്നില്‍ കാണിക്കുന്ന കാര്‍ഡില്‍ സൂചിപ്പിച്ചായിരുന്നു ആശയ വിനിമയം. ഗവേഷണ പ്രബന്ധങ്ങള്‍ പറഞ്ഞു കൊടുക്കാനും കാര്യങ്ങള്‍ വ്യക്തമാക്കാനുമൊക്കെ ഈ രീതിയില്‍ ധാരാളം സമയം വേണ്ടി വന്നു. കമ്പ്യൂട്ടര്‍ പ്രോഗ്രാം തുണക്കെത്തുന്നു. മഹത്തായ ഭൌതിക ശാസ്ത്രകാരന്റെ ദുര്‍വിധി കണ്ട് വാള്‍ട്ട് വോള്‍ട്ടോസ് എന്ന കമ്പ്യൂട്ടര്‍ വിദഗ്ധന്‍ ഒരു പുതിയ പ്രോഗ്രാം രൂപ കല്പന ചെയ്തു സ്റ്റീഫനു നല്‍കി. ‘ഇക്വലൈസര്‍’ എന്നായിരുന്നു അതിന്റെ പേര്. സ്‌ക്രീനില്‍ നിന്നും വാക്കുകള്‍ കൈയിലെ സ്വിച്ചമര്‍ത്തി തിരഞ്ഞെടുക്കാവുന്ന രീതിയായിരുന്നു അത്. തലയുടെയും കണ്ണിന്റെയും ചലനത്തിലൂടെയും സ്വിച്ച് പ്രവര്‍ത്തിപ്പിച്ച് മനസ്സിലുള്ള വാക്ക് തിരഞ്ഞെടുത്ത് കാര്യം വ്യക്തമാക്കാം. ‘ഡേവിഡ് മേസണ്‍ എന്നയാള്‍ കുറെക്കൂടി പരിഷ്‌കരിച്ച സ്പീച്ച് ഇക്വലൈസര്‍ സജ്ജമാക്കിത്തന്നു. എനിക്കു മിനിറ്റില്‍ 15 വാക്കു വരെ കൈകാര്യം ചെയ്യാവുന്നത്ര പുരോഗതിയുണ്ടായി. ഈ സംവിധാനം ഉപയൊഗിച്ചു ഞാനൊരു ശാസ്ത്ര പുസ്തകമെഴുതി. നിരവധി പ്രബന്ധങ്ങള്‍ തയ്യാറാക്കി.’ സ്റ്റീഫന്റെ വാക്കുകള്‍. തളരാത്ത വീര്യവുമായിസ്റ്റീഫന്‍ ഹോക്കിങ്ങ്‌സ് എന്ന ശാസ്ത്രകാരന്‍ പ്രപഞ്ച രഹസ്യങ്ങളുടെ ചുരുളഴിക്കാന്‍ ഗവേഷണങ്ങള്‍ തുടരുന്നു. ലോകമെമ്പാടുമുള്ള നിരവധി ശാസ്ത്രകാരന്മാര്‍ക്ക് പാഠങ്ങള്‍ പകരുന്ന മികച്ച അദ്ധ്യാപകനായി തിളങ്ങുകയും ചെയ്യുന്നു.

 

Exit mobile version