ആറാട്ടുപുഴ: ആറാട്ടുപുഴ ശ്രീശാസ്താ പുരസ്‌ക്കാരം മരണാനന്തര ബഹുമതിയായി ആറാട്ടുപുഴ സമിതിയുടെ ദീര്‍ഘനാളത്തെ ട്രഷറര്‍ ആയിരുന്ന കുന്നത്ത് രാമചന്ദ്രന് സമര്‍പ്പിക്കും. തങ്കപ്പതക്കവും കീര്‍ത്തി മുദ്രയും പ്രശസ്തിപത്രവും ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം .ആറാട്ടുപുഴ ക്ഷേത്രത്തിനും പൂരത്തിനും മികച്ച സേവനം നടത്തി വരുന്ന പ്രഗത്ഭമതികളെ ആദരിക്കുന്നതിനു വേണ്ടി ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി ഏര്‍പ്പെടുത്തിയതാണ് ഈ പുരസ്‌ക്കാരം.1990 മുതല്‍ ആറാട്ടുപുഴ ക്ഷേത്രത്തിലെ നിറസാന്നിദ്ധ്യമായിരുന്ന രാമചന്ദ്രന്‍, സമാനതകളില്ലാത്ത പൊതു കാര്യ പ്രസക്തനായിരുന്നു. 1990 മുതല്‍ 1993 വരെയും 1995 മുതല്‍ 2012 വരെയും പൂരാഘോഷ കമ്മറ്റി, ക്ഷേത്ര ക്ഷേമ സമിതി , ക്ഷേത്ര ഉപദേശക സമിതി എന്നിവയുടെ ട്രഷററായും 1994 ല്‍ സെക്രട്ടറിയായും 23 വര്‍ഷത്തോളം ആറാട്ടുപുഴ ക്ഷേത്രത്തിന്റെ ഒട്ടനവധി പുനരുദ്ധാരണ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃനിരയില്‍ നിന്നു പ്രവര്‍ത്തിച്ചിട്ടുണ്ട് . അദ്ദേഹത്തിന്റെ അഹോരാത്രമുള്ള പ്രവര്‍ത്തന ശൈലി മാതൃകാപരമായിരുന്നു. ഇതു തന്നെയാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.ആറാട്ടുപുഴ കുന്നത്ത് പാറുക്കുട്ടി അമ്മയുടെയും കീഴു വീട്ടില്‍ രാമന്‍ നായരുടേയും രണ്ടാമത്തെ മകനായി ആറാട്ടുപുഴക്കാരുടെ രാമചന്ദ്രേട്ടന്റ ജനനം. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ബിരുദ പഠനത്തിനു ശേഷം ജോലി തേടി പൂനയിലേക്ക്. താല്‍ക്കാലിക ജോലികള്‍ക്കൊടുവില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു. ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളില്‍ സേവനമനുഷ്ടിച്ച് 1989 ല്‍ സ്ഥിരമായി കേരളത്തില്‍. DPDO ല്‍ ഉദ്യോഗസ്ഥനായിരുന്ന രാമചന്ദ്രന്‍ – പൂരം രാമചന്ദ്രന്‍ – എന്നാണ് ഓഫീസ് തലത്തില്‍ അറിയപ്പെട്ടിരുന്നത്. 2006 ല്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചതിനു ശേഷം ആറാട്ടുപുഴ ക്ഷേത്രത്തില്‍ തന്നെയായിരുന്നു മുഴുനീള സേവനം.പൂരകാലത്തും മറ്റു വിശേഷ അവസരങ്ങളിലും മാസങ്ങളോളം ലീവെടുത്താണ് രാമചന്ദ്രന്‍ ക്ഷേത്രത്തില്‍ സേവനം നടത്തിയിരുന്നത്. സ്‌നേഹസമ്പന്നനായ രാമചന്ദ്രന്റെ നര്‍മ്മം കലര്‍ന്ന സംഭാഷണശൈലി എല്ലാവര്‍ക്കും ഒരു പ്രേരകശക്തിയായിരുന്നു.
സമിതിയുടെ സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതിനു വേണ്ടി രാമചന്ദ്രന്‍ കേരളത്തിന് പുറത്ത് മദ്രാസ്, പൂന, മുംബൈ തുടങ്ങിയ സ്ഥലങ്ങളില്‍ നാട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്.19.8.2016ല്‍ അദ്ദേഹം അന്തരിച്ചു. തൃപ്രയാര്‍ കുറുവീട്ടില്‍ വീട്ടില്‍ വിശാലം ഭാര്യയാണ്.മക്കള്‍ : രശ്മി , രതീഷ്.