പടിയൂര്‍: ഒളിവില്‍ കഴിയുന്ന തത്ത്വമസി ചിട്ട്സ് കമ്പനി ഉടമകളെ എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കമ്പനിയിലെ ജീവനക്കാരും പരാതി നല്‍കി. തത്ത്വമസി ചിട്ട്സ് ആന്റ് ഇന്‍വെസ്റ്റ്മെന്റ്സ് എന്ന സ്ഥാപനത്തിന്റെ എടതിരിഞ്ഞി ബ്രാഞ്ചിലെ ജീവനക്കാരാണ് ഒളിവിലുള്ള ഉടമയേയും ഡയറക്ടര്‍മാരേയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. ഫീല്‍ഡ് ജീവനക്കാരടക്കം 19 ജീവനക്കാര്‍ ഒപ്പിട്ട പരാതിയാണ് സ്ഥലം സി.ഐ., ഡി.വൈ.എസ്.പി., എസ്.പി., ജില്ലാ കളക്ടര്‍, mla, മുഖ്യമന്ത്രി എന്നിവര്‍ക്ക് നല്‍കിയിരിക്കുന്നത്. എടതിരിഞ്ഞി ബ്രാഞ്ചിലെ പല ചിട്ടികളും കാലാവധി കഴിഞ്ഞിരിക്കുകയാണ്. പണം ആവശ്യപ്പെട്ടവരോടെല്ലാം ചിട്ടി ഉടമകള്‍ പല അവധികളാണ് പറഞ്ഞിരുന്നത്. കഴിഞ്ഞ ആഗസ്റ്റ് പത്തിന് പണം നല്‍കാമെന്ന് പറഞ്ഞീട്ടും കഴിയാതെ വന്ന കമ്പനി ഉടമകള്‍ 21ന് പണം നല്‍കുമെന്നായിരുന്നു ജോലിക്കാരോടും ചിട്ടി ചേര്‍ന്നവരോടും പറഞ്ഞിരുന്നത്. എന്നാല്‍ പണം തരാതെ ചിട്ടി ചേര്‍ന്നവരോടൊപ്പം തങ്ങളേയും വെട്ടിലാക്കി പറഞ്ഞ ദിവസത്തിന് മുമ്പെ അവര്‍ ഒളിവില്‍ പോകുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഫീല്‍ഡ് ജീവനക്കാരടക്കമുള്ള സ്ഥാപനത്തിലെ ജീവനക്കാര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. ചിട്ടി പണം തിരികെ കൊടുക്കാത്തതിനാല്‍ ജനങ്ങളോട് മറുപടി പറഞ്ഞ് മടുത്തതായും അവര്‍ പരാതിയില്‍ പറയുന്നു. ആയതിനാല്‍ ചിട്ടി ഉടമകളെ കണ്ടെത്തി ജനങ്ങളുടെ പണം തിരിച്ചുനല്‍കാന്‍ നടപടി ഉണ്ടാകണമെന്നാണ് ജീവനക്കാര്‍ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.