ഇരിങ്ങാലക്കുട: ശ്രീ കൂടല്‍മാണിക്യം ദേവസ്വത്തിനു തൃപ്പടിദാനമായി കിട്ടിയ പ്രശസ്ത വ്യവസായിയായ അറ്റ്ലസ് ജ്വല്ലറി രാമചന്ദ്രന്‍ ജനിച്ചുവളര്‍ന്ന സ്ഥലം നോക്കാനാളില്ലാതേ നശിക്കുന്നു.ഒരു കാലത്ത് പ്രതാപത്തിന്റെ ഉന്നതിയിലായിരുന്ന വടക്കേക്കര തറവാട് ശ്രീ കൂടല്‍മാണിക്യം ദേവസ്വത്തിനു തൃപ്പടിദാനമായി കൈമാറിയ പറമ്പാണ് ഇന്ന് ദേവസ്വം തിരിഞ്ഞ നോക്കാത്ത അവസ്ഥയിലുള്ളത്.പറമ്പ് കാടുകൊണ്ട് മൂടി ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായിരിക്കുകയാണ്. പറമ്പിലുള്ള കെട്ടിടം തകര്‍ന്ന് വീണുകഴിഞ്ഞു. അറ്റ്ലസ് ജ്വല്ലറി രാമചന്ദ്രന്റെ അച്ഛന്‍ കമലാകരമേനോന്‍, ജ്യേഷ്ഠന്‍ കരുണാകരമേനോന്‍, ഇവരുടെ അമ്മയായ ഇരിങ്ങാലക്കുട ഗേള്‍സ് ഹൈസ്‌കൂളില്‍ മലയാളം പണ്ഡിറ്റായിരുന്ന വടക്കേക്കര ജാനകിയമ്മ, അവരുടെ മകള്‍ തൃശ്ശൂര്‍ ഡി.ഇ.ഒ ആയിരുന്ന വടക്കേക്കര രുഗ്മിണിയമ്മ, ഇരിങ്ങാലക്കുടയിലെ ആദ്യത്തെ വനിത കൗണ്‍സിലറായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതും ഇരിങ്ങാലക്കുടയിലെ ആദ്യത്തെ ബിഎ,ബിഎല്‍ പാസായി വനിതാ വക്കീലുമായ വടക്കേക്കര ലക്ഷ്മിക്കുട്ടിയമ്മ തുടങ്ങിയവരെല്ലാം ഈ തറവാട്ടുമണ്ണില്‍ ലയിച്ചുപോയിട്ടുള്ളവരാണ്. അവസാനകാലത്ത് വടക്കേക്കര ജാനകിയമ്മ 60 സെന്റ് ഭൂമി ശ്രീകൂടല്‍മാണിക്യസ്വാമിക്ക് ആധാരം എഴുതി തൃപ്പടിദാനം ചെയ്ത ഭൂമിയാണ് ഇന്ന് ദേവസ്വത്തിന്റെ കൈവശമുള്ളത്.അന്ന് നല്‍കിയ കരാര്‍ പ്രകാരം തൃപ്പടിദാനത്തിന്റെ വാര്‍ഷിക ദിവസം ക്ഷേത്രത്തില്‍ എത്തുന്ന കുടുംബാംഗത്തിന് നേദിച്ച പായസം നല്‍കണമെന്നായിരുന്നു.പീന്നീട് തലമുറകള്‍ മാറിയപ്പോള്‍ കുടുംബക്കാര്‍ മറ്റ് സ്ഥലങ്ങളിലേയ്ക്ക് താമസം മാറുകയും ഇത്തരം രീതികള്‍ ഇല്ലാതാവുകയുമായിരുന്നു.അറുപത് കോടി രൂപയോളം വിലമതിക്കുന്ന സ്ഥലമാണിത്. ശ്രീ തച്ചുടകൈമളിന്റെ ഭരണസമയത്ത് ദേവസ്വത്തിന്റെ എല്ലാവിധ സഹായത്തേടുകൂടി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ തുടങ്ങുന്നതിനുവേണ്ടി അന്നത്തെ ടൗണ്‍ എന്‍.എസ്.എസ് കരയോഗം സെക്രട്ടറിയായിരുന്ന വടക്കേക്കര ചന്ദ്രശേഖരമേനോന്റെ നേതൃത്വത്തില്‍ ഇന്നു കാണുന്ന കെട്ടിടം പണിയുകയും സ്‌കൂള്‍ തുടങ്ങുകയും ചെയ്തു. പിന്നീട് അഡ്മിനിസ്ട്രേറ്ററായിരുന്ന ഇ.എ.കൃഷ്ണന്റെ കാലത്ത് സ്‌കൂള്‍ ഒഴിഞ്ഞ് പോയപ്പോള്‍ ഈ കെട്ടിടം കല്ല്യാണമണ്ഠപമാക്കുകയും നല്ല വരുമാനം ദേവസ്വത്തിനു നേടി തന്നിരുന്നതുമാണ്. എന്നാല്‍ മാറി വന്ന കൂടല്‍മാണിക്യം ദേവസ്വം രാഷ്ട്രീയ ഭരണസമിതികളുടെ അനാസ്ഥയും അശ്രദ്ധയും മൂലം ദേവസ്വത്തിന്റെ മറ്റു സ്വത്തുക്കള്‍ പോലെ ഇതും ഇന്നു കാണുന്നരീതിയില്‍ നാശോന്മുഖമായി.ഇപ്പോള്‍ തിരുവുത്സവ സമയത്ത് ആനകളെ തളയ്ക്കുന്നതിനായി ഈ സ്ഥലം ഉപയോഗിക്കുന്നു എന്ന് മാത്രം. ഈ ഭൂമിയിലെ ആദായം പോലും എടുക്കുവാനുള്ള സന്മനസ്സ് ദേവസ്വം കാണിക്കാറില്ല. പ്രശസ്തരായ മഹാത്മക്കള്‍ പിറവിയെടുത്ത വടക്കേക്കര തറവാട് ശ്രീ കൂടല്‍മാണിക്യസ്വാമിക്ക് തൃപ്പടിദാനമായി നല്‍കിയ ഈ ഭൂമിയുടെയും കെട്ടിടത്തിന്റെ ഇന്നത്തെ അവസ്ഥയിലും സംഗമേശ്വര ഭക്തര്‍ക്കുള്ള പ്രതിഷേധങ്ങള്‍ ഒന്നും തന്നേ അധികൃതര്‍ ഇതിവരേ ചെവികൊണ്ടിട്ടില്ല.