കരുവന്നൂര്‍: വട്ടപ്പറമ്പ് മനയിലെ തൊഴുത്തില്‍ നിന്നും നീലകണ്ഠന്‍ മൂര്‍ക്കനാട് വട്ടേക്കാട്ട് മഹാദേവക്ഷേത്രപറമ്പിലെ ഗോശാലയിലെത്തി. പന്ത്രണ്ട് വര്‍ഷം മുമ്പ് ഒരു കര്‍ക്കിടക പുലരിയില്‍ ഒരു ഭക്തന്‍ വട്ടേക്കാട്ടുക്ഷേത്രത്തില്‍ നടതള്ളിയ മൂരിക്കുട്ടിയാണ് നീലാണ്ടന്‍. നാട്ടുകാര്‍ നീലണ്ടന്‍ എന്ന ഓമനപേരിട്ട് വിളിക്കുന്ന ഈ അമ്പലക്കാള വട്ടപ്പറമ്പ് മനയിലെ തൊഴുത്തിലായിരുന്നു ഇത്രയും കാലം വസിച്ചിരുന്നത്. ജല്ലിക്കെട്ടിലെ കാളയുടെ കൊമ്പും പൂഞ്ഞയും ആകാര സൗഷ്ഠവുമുള്ള നീലകണ്ഠന് ഇന്ന് അഞ്ചടിയില്‍ താഴെ ഉയരവും പത്ത് ഉപ്പിന്‍ ചാക്കിന്റെ തൂക്കവുമുണ്ട്. നീലകണ്ഠന്‍ വലുതായതോടെ അതിനെ എളുപ്പം നിയന്ത്രിക്കാന്‍ പറ്റാത്ത സ്ഥിതിയായി. മാത്രമല്ല, ഏത് സമയവും വല്ലാത്ത കരച്ചിലും. പലരും കാളയെ ഒഴിവാക്കാന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് ചിലരെ സമീപിച്ചെങ്കിലും ഒന്നും തൃപ്തിവന്നില്ലെന്ന് മേല്‍ശാന്തി ജയരാമന്‍ പറഞ്ഞു. തുടര്‍ന്ന് ക്ഷേത്രപറമ്പില്‍ നാല്‍പതിനായിരം രൂപ ചിലവഴിച്ച് ഗോശാല നിര്‍മ്മിച്ച് കാളയെ അങ്ങോട്ട് മാറ്റുകയായിരുന്നു. വളരെയേറെ ആഘോഷത്തോടെയാണ് നാട്ടുകാര്‍ നീലകണ്ഠനെ ഗോശാലയിലേക്ക് മാറ്റുന്നത് ഏറ്റെടുത്തത്. ഗോശാലയിലെത്തിയതോടെ നീലകണ്ഠന്‍ ശാന്തനായി. കരച്ചിലും നിന്നു. ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങളുടെ തലോടലിന് ശാന്തനായി നിന്ന് കൊടുക്കാനും അവര്‍ നല്‍കുന്ന പഴവര്‍ഗ്ഗങ്ങള്‍ തിന്നാനും നീലകണ്ഠന്‍ തയ്യാറായി. നീലകണ്ഠനെ കുളിപ്പിക്കാനും മറ്റുമായി ഒരു സ്ത്രീയേയും നിയോഗിച്ചിട്ടുണ്ട്. രാവിലെ തൃപ്രയാര്‍ നിയമവെടിക്ക് മൂന്ന് വിനാഴിക മുമ്പ് മൂന്ന് തവണ മുക്രയിടുന്ന നീലകണ്ഠന്റെ ശബ്ദം കേട്ടാണ് ജയരാമന്‍ ഉണരുന്നത്. ദീപാരാധന സമയത്തും മറ്റ് പൂജാസമയങ്ങളിലും ധ്യാനനിരതനായി നില്‍ക്കുന്ന നീലകണ്ഠന്‍ൃ ഭക്തര്‍ക്ക് അത്ഭുതമാണ്. ദിവസവും ഒരുകുല നേന്ത്രപഴവും നേദ്യചോറും പായസവും നീലകണ്ഠന് വേണം. കിട്ടിയില്ലെങ്കില്‍ ഇടയും. ദിവസം ആയിരം രൂപയോളം ചിലവ് വരുന്ന നീലകണ്ഠന്റെ സംരക്ഷണം ഭക്തജനങ്ങളുടെ സഹായത്തോടെ ബുദ്ധിമുട്ടില്ലാതെ നടക്കുന്നതായി ജയരാമന്‍ പറഞ്ഞു. പല ക്ഷേത്രങ്ങളിലും നടതള്ളിയ കാളകളുണ്ടാകും. എന്നാല്‍ അങ്ങനെയെത്തിയ ഒരു കാളയ്ക്കായി ഗോശാല നിര്‍മ്മിച്ച് അതില്‍ പരിപാലിക്കുന്നത് ആദ്യമായിട്ടായിരിക്കുമെന്നാണ് ഭക്തജനങ്ങള്‍ പറയുന്നത്.