Home NEWS ഇരിങ്ങാലക്കുടയില്‍ റൂറല്‍ ആര്‍.ടി ഓഫീസ് അനുവദിക്കണമെന്ന് ആവശ്യം

ഇരിങ്ങാലക്കുടയില്‍ റൂറല്‍ ആര്‍.ടി ഓഫീസ് അനുവദിക്കണമെന്ന് ആവശ്യം

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കേന്ദ്രമാക്കി പുതിയ റവന്യൂ ഡിവിഷന്‍ വരുന്ന പശ്ചാത്തലത്തില്‍ ഇരിങ്ങാലക്കുടയില്‍ പുതിയ റൂറല്‍ ആര്‍.ടി.ഒഫീസ് അനുവദിക്കണമെന്ന് തൃശ്ശൂര്‍ ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. നിലവില്‍ ഇരിങ്ങാലക്കുട, ചാലക്കുടി, കൊടുങ്ങല്ലൂര്‍ മേഖലകളില്‍ ജോയിന്റ് ആര്‍.ടി ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എങ്കിലും ആര്‍.ടി.ഒ. അനുവദിക്കേണ്ട വിഷയങ്ങളില്‍ തൃശ്ശൂര്‍- അയ്യന്തോളിലുള്ള ആര്‍.ടി. ഓഫീസില്‍ പോയീട്ടു വേണം കാര്യങ്ങള്‍ സാധിക്കാന്‍. മോട്ടോര്‍ വാഹനങ്ങളുടെ പെര്‍മിറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് പല തവണ അയ്യന്തോളില്‍ പോകേണ്ട സ്ഥിതിവിശേഷമാണുള്ളത്. ഇത് ഈ മേഖലയിലെ വാഹന ഉടമകള്‍ക്ക് സമയനഷ്ടവും പണനഷ്ടവും ഉണ്ടാക്കുന്നുണ്ട്. മാത്രമല്ല, തൃശ്ശൂര്‍ ആര്‍.ടി ഓഫീസില്‍ ആവശ്യത്തിന് ജീവനക്കാരില്ലാതെ മോട്ടോര്‍ വാഹന ഉടമകളും തൊഴിലാളികളും വളരെയധികം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുകയാണ്. നിലവില്‍ ഇരിങ്ങാലക്കുടയില്‍ പുതിയ റൂറല്‍ ആര്‍.ടി ഓഫീസ് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി കഴിഞ്ഞു. മാര്‍ച്ചിന് മുമ്പായി ഇത് പ്രവര്‍ത്തനസജ്ജമാകുമെന്നാണ് കേള്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ അടിയന്തിരമായി ഇരിങ്ങാലക്കുടയില്‍ ഒരു റൂറല്‍ ആര്‍.ടി. ഓഫീസ് അനുവദിക്കണമെന്ന് ജില്ലാ പ്രൈവറ്റ് ബസ്സ് ഓപ്പറേറ്റേഴ്സ് അസ്സോസിയേഷന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ജില്ലയിലെ മൂന്നു മന്ത്രമാര്‍ക്കും ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, ചാലക്കുടി, കയ്പമംഗലം എം.എല്‍.എ മാര്‍ക്കും നിവേദനം നല്‍കിയിട്ടുണ്ടെന്ന് അസ്സോസിയേഷന്‍ പ്രസിഡന്റ് എം.എസ്. പ്രേംകുമാര്‍, ജനറല്‍ സെക്രട്ടറി ആന്റോ ഫ്രാന്‍സീസ് എന്നിവര്‍ അറിയിച്ചു.

 

Exit mobile version