Home NEWS ബൈപ്പാസ് റോഡുകൂടി ഉള്‍പ്പെടുത്തി ഇരിങ്ങാലക്കുടയില്‍ ഗതാഗത പരിഷ്‌ക്കരണം നടത്തണമെന്നാവശ്യം

ബൈപ്പാസ് റോഡുകൂടി ഉള്‍പ്പെടുത്തി ഇരിങ്ങാലക്കുടയില്‍ ഗതാഗത പരിഷ്‌ക്കരണം നടത്തണമെന്നാവശ്യം

ഇരിങ്ങാലക്കുട: ബൈപ്പാസ് റോഡുകൂടി ഉള്‍പ്പെടുത്തി ഇരിങ്ങാലക്കുടയില്‍ ഗതാഗത പരിഷ്‌ക്കരണം നടത്താന്‍ നഗരസഭ തയ്യാറാകണമെന്നാവശ്യം. കോടികള്‍ മുടക്കി നിര്‍മ്മാണം പൂര്‍ത്തിയാക്കി ബൈപ്പാസ് റോഡ് പൊതുജനത്തിന് തുറന്നുകൊടുത്തെങ്കിലും നഗരത്തിലെ ഗതാഗതകുരുക്ക് പരിഹരിക്കാന്‍ ഈ റോഡ് വേണ്ടവിധം പ്രയോജനപ്പെടുത്താനായിട്ടില്ലെന്ന് പറയുന്നു. ഈ സാഹചര്യത്തില്‍ അടിയന്തിരമായി ട്രാഫിക് പരിഷ്‌ക്കരണ കമ്മിറ്റി ചേര്‍ന്ന് ഈ റോഡുകൂടി ഉള്‍പ്പെടുത്തി നഗരത്തില്‍ സമഗ്രമായ ഒരു ഗതാഗത പരിഷ്‌ക്കരണം നടപ്പിലാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. നിലവില്‍ ഠാണ, ക്രൈസ്റ്റ് ജംഗ്ഷന്‍, ബസ് സ്റ്റാന്റ് പരിസരം, ചന്തക്കുന്ന് എന്നിവിടങ്ങളിലെല്ലാം തന്നെ ഗതാഗത കുരുക്ക് രൂക്ഷമാണ്. റോഡുകളുടെ വീതികുറവും വര്‍ദ്ധിച്ചുവരുന്ന വാഹനങ്ങളുടെ ഉപയോഗവും നഗരത്തെ വീര്‍പ്പുമുട്ടിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനുപുറമെ കത്തിഡ്രല്‍ പള്ളിയിലെ ദനഹാ തിരുന്നാള്‍, കൊല്ലാട്ടി ഷഷ്ടി എന്നിവ എത്തുന്നതോടെ നഗരം കൂടുതല്‍ കുരുക്കിലാകുമെന്ന ആശങ്കയും ജനങ്ങള്‍ക്കിടയിലുണ്ട്. രണ്ട് മാസം മുമ്പ് കമ്മിറ്റി ചേര്‍ന്നെങ്കിലും അന്ന് പല നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നുവന്നെങ്കിലും അവയൊന്നും പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞിട്ടില്ല. ആവശ്യമായ സ്ഥലങ്ങളില്‍ സിഗ്‌നല്‍ സംവിധാനങ്ങളും ദിശാ ബോര്‍ഡുകളും സ്ഥാപിക്കുകയും വാഹനങ്ങള്‍ തിരിച്ചുവിട്ട് ഗതാഗത കുരുക്കിന് പരിഹാരമുണ്ടാക്കണമെന്നാണ് ജനം ആവശ്യപ്പെടുന്നത്. ഇതിനായി പോലിസിന്റെ സഹായം ലഭ്യമാക്കുകയാണെങ്കില്‍ പരിഷ്‌ക്കരണം ഫലപ്രദമാകുമെന്നാണ് വിലയിരുത്തല്‍. കാട്ടൂര്‍ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ ബൈപ്പാസ് വഴി ഠാണാവിലേക്ക് പോകുക, ചാലക്കുടി, വെള്ളിക്കുളങ്ങര ഭാഗത്തുനിന്നും സ്റ്റാന്റില്‍ യാത്ര അവസാനിക്കുന്ന ബസ്സുകള്‍ ക്രൈസ്റ്റ് ജംഗ്ഷന്‍ വഴി തിരിയാതെ ബൈപ്പാസ് വഴി തിരിഞ്ഞ് സ്റ്റാന്റിലേക്ക് കയറുക, സ്റ്റാന്റില്‍ നിന്നും തൃശ്ശൂരിലേക്ക് പോകുന്ന ലോക്കല്‍ ബസ്സുകള്‍ ഠാണാ വഴി വളയാതെ ഇപ്പോള്‍ ലിമിറ്റഡ് സ്റ്റോപ്പുകള്‍ സര്‍വ്വീസ് നടത്തുന്നതുപോലെ ഞവരിക്കുളം വഴി തിരിഞ്ഞ് ബൈപ്പാസ് വഴി തൃശ്ശൂര്‍- കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയിലേക്ക് കയറുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ പോലിസ് മുന്നോട്ടുവയ്ക്കുന്നു. എന്നാല്‍ ഇക്കാര്യങ്ങളിലെല്ലാം അന്തിമ തിരൂമാനമെടുക്കേണ്ടത് ട്രാഫിക് പരിഷ്‌ക്കരണ കമ്മിറ്റിയാണ്. അതിനാല്‍ എത്രയും പെട്ടന്ന് ട്രാഫിക് പരിഷ്‌ക്കരണകമ്മിറ്റി വിളിച്ചുചേര്‍ക്കാന്‍ നഗരസഭ തയ്യാറാകണമെന്നാണ് ആവശ്യം.

 

Exit mobile version