കാറളം: ജനങ്ങളുടെ ഏറക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ വെള്ളാനി കോഴിക്കുന്ന് ആവല്‍ചിറ പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മ്മാണം തുടങ്ങുന്നു. പത്ത് ലക്ഷം രൂപ ചിലവഴിച്ചാണ് ഗ്രാമപഞ്ചായത്ത് പാലത്തിന്റെ ഇരുവശത്തും അപ്രോച്ച് റോഡ് നിര്‍മ്മിക്കുന്നത്. ഡിസംബര്‍ ആദ്യം മുതല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാണ് തിരുമാനിച്ചിരിക്കുന്നതെങ്കിലും മഴ പെയ്താല്‍ പണി നീളുമെന്ന് കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു പറഞ്ഞു. ഇതിനാവശ്യമായ തുക വകയിരുത്തി ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ബാബു പറഞ്ഞു. ഡിസംബര്‍ 31നകം റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശമെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. ആവല്‍ച്ചിറ പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി മൂന്ന് വര്‍ഷം പിന്നിട്ടിട്ടും അപ്രോച്ച് റോഡ് നിര്‍മ്മിക്കാത്തത് ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ ചെമ്മണ്ണടിച്ച് താല്‍ക്കാലിക സംവിധാനമൊരുക്കുകയായിരുന്നു. 2.18 കോടി ചെലവഴിച്ച് കെ.എല്‍. ഡി.സി കനാലിന് കുറുകെ 600 മീറ്റര്‍ നീളത്തിലും ആറ് മീറ്റര്‍ വീതിയിലുമായി ജലസേചന വകുപ്പാണ് പാലം പണിതത്. പാലം നിര്‍മ്മിച്ചത് ജലസേചനവകുപ്പാണെങ്കിലും റോഡുകള്‍ പഞ്ചായത്തിന്റേതായതിനാല്‍ അപ്രോച്ച് റോഡ് പഞ്ചായത്ത് തന്നെ നിര്‍മിക്കണമെന്നായിരുന്നു അവരുടെ നിലപാട്. ഇതിനെ ചൊല്ലിയുള്ള ഇരുവരും തമ്മിലുള്ള തര്‍ക്കമാണ് അപ്രോച്ച് റോഡ് നിര്‍മിക്കാന്‍ വൈകുന്നതെന്നായിരുന്നു നാട്ടുകാരുടെ പരാതി. അപ്രോച്ച് റോഡ് പൂര്‍ത്തിയാകാത്തതിനാല്‍ പാലത്തിന്റെ ഇരുകരയിലുമുള്ളവര്‍ക്ക് യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടേണ്ട അവസ്ഥയാണ്. കാറളം പഞ്ചായത്തിലെ 12,14 എന്നീ രണ്ടു വാര്‍ഡുകളെ ബന്ധിപ്പിക്കുന്നതാണ് ഈ പാലം. പുല്ലത്തറ ഭാഗത്തുള്ളവര്‍ക്ക് കാട്ടൂര്‍ മാര്‍ക്കറ്റ്, ആശുപത്രി തുടങ്ങിയ സ്ഥലങ്ങളിലേക്കും വെള്ളാനി പ്രദേശത്തുള്ളവര്‍ക്ക് കാറളം പഞ്ചായത്ത് ഓഫീസ്, സ്‌കൂള്‍, പുല്ലത്തറ ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലേക്ക് എത്താനുമുള്ള എളുപ്പവഴിയാണ് ഇത്. താല്‍ക്കാലികമായി മണ്ണിട്ട് നിര്‍മിച്ച അപ്രോച്ച് റോഡില്‍ മഴക്കാലത്ത് ഏറെ അപകട സാധ്യതയും ഉണ്ടാക്കിയിരുന്നു.