Home NEWS മുരിയാട് കര്‍ഷക സമരത്തിന്റെ ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ 15 വര്‍ഷം കഴിഞ്ഞിട്ടും നടപ്പായില്ല

മുരിയാട് കര്‍ഷക സമരത്തിന്റെ ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ 15 വര്‍ഷം കഴിഞ്ഞിട്ടും നടപ്പായില്ല

മുരിയാട്: കോള്‍ പാടത്ത് മണ്ണെടുപ്പിലൂടെ രൂപപ്പെട്ട വലിയ കുഴികള്‍ ഇതുവരെ മൂടിയില്ല. വിനോദസഞ്ചാര കേന്ദ്രമാക്കുമെന്ന വാഗ്ദാനവും നടപ്പായില്ല. 2007 ഒക്ടോബറില്‍ 14ന് ജില്ലാ കളക്ടറേറ്റില്‍ മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ കര്‍ഷകരുമായി നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ കര്‍ഷകമുന്നേറ്റം മുന്നോട്ടുവെച്ച ആവശ്യങ്ങളിലൊന്നായിരുന്നു ഇത്. കൂടുതല്‍ സ്ഥലങ്ങളില്‍ ആളുകള്‍പാട്ടത്തിനെടുത്തും മറ്റും കൃഷി വ്യാപിച്ചെങ്കിലും മണലൂറ്റും കളിമണ്‍ ഖനനവും മൂലം കുളങ്ങളും ചതുപ്പുകളുമായി മാറിയ സ്ഥലങ്ങള്‍ ഇപ്പോഴും ഒന്നും ചെയ്യാതെ വെള്ളം കയറി കിടക്കുകയാണ്. കോന്തിപുലം റോഡിലൂടെ പോകുന്നവര്‍ പടിഞ്ഞാറുഭാഗത്തേക്ക് നോക്കിയാല്‍ ഇത് വ്യക്തമാകും.മണ്ണ്, മണല്‍ ലോബികള്‍ കുഴിച്ചെടുത്ത് വലിയ കുഴികളായ ഭാഗങ്ങള്‍ വലിയ ജലശ്രോതസ്സായി മാറ്റുകയും ചെറിയ ചെറിയ തുരുത്തുകള്‍ കേന്ദ്രീകരിച്ച് ഫലവ്യക്ഷങ്ങള്‍ വെച്ചുപിടിപ്പിച്ചാല്‍ ആയിരക്കണക്കിന് ദേശാടന പക്ഷികള്‍ വരുന്ന മേഖല എന്ന രൂപത്തില്‍ വലിയ വിനോദ സഞ്ചാരമേഖലയാക്കി മാറ്റിയെടുക്കാമെന്നായിരുന്നു കര്‍ഷകമുന്നേറ്റം മുന്നോട്ട് വെച്ചിരുന്നത്. ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുണ്ടായിരുന്ന കമ്മീഷനും മണ്ണുത്തി കാര്‍ഷിക സര്‍വ്വകലാശാല ഉള്‍പ്പടെയുള്ളവരും ഈ നിര്‍ദ്ദേശം തത്വത്തില്‍ അംഗീകരിക്കുകയും അത് പ്രാവര്‍ത്തികമാക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളില്‍ നിന്നും ചില നീക്കങ്ങള്‍ നടക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് അത് നിലച്ചുപോയി. മുരിയാട് കായല്‍ മേഖലയില്‍ ഇനി പുനസ്ഥാപിക്കാന്‍ കഴിയാത്ത വിധം നശിച്ചുപോയ രണ്ടായിരത്തോളം ഏക്കര്‍ പാടശേഖരമുണ്ടെന്നാണ് കരുതുന്നത്. വിനോദസഞ്ചാരമേഖലയ്ക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ വലിയ പ്രാധാന്യം നല്‍കുന്ന ഈ കാലത്ത് ഒന്നും ചെയ്യാനാകാതെ കിടക്കുന്ന സ്ഥലങ്ങള്‍ ഉപയോഗപ്പെടുത്തി പ്രക്യതിദത്തമായ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ ഉണ്ടാക്കിയാല്‍ അത് ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

Exit mobile version