Home NEWS ഭവനരഹിതരില്ലാത്ത ഇരിങ്ങാലക്കുട എന്ന ലക്ഷ്യവുമായി മന്ത്രി ഡോ. ആർ ബിന്ദുവിന്റെ നേതൃത്വത്തിൽ “സ്നേഹക്കൂട്” പദ്ധതിക്ക് തുടക്കമായി

ഭവനരഹിതരില്ലാത്ത ഇരിങ്ങാലക്കുട എന്ന ലക്ഷ്യവുമായി മന്ത്രി ഡോ. ആർ ബിന്ദുവിന്റെ നേതൃത്വത്തിൽ “സ്നേഹക്കൂട്” പദ്ധതിക്ക് തുടക്കമായി

ഇരിങ്ങാലക്കുട : ആദ്യ സ്നേഹക്കൂടിൻറെ താക്കോൽ കോരിമ്പിശ്ശേരിയിൽ കൈമാറി.ഭവനരഹിതരില്ലാത്ത മണ്ഡലം എന്ന ലക്ഷ്യത്തിലാണ് ഇരിങ്ങാലക്കുടയെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു വീടിന്റെ താക്കോൽ കൈമാറികൊണ്ട് പറഞ്ഞു.സർക്കാരിന്റെ വിവിധ ഭവന നിർമ്മാണ പദ്ധതികളിൽ ഉൾപ്പെട്ടിട്ടില്ലാത്ത ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ ഭവനരഹിതരായ മുഴുവനാളുകൾക്കും വീട് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന “സ്നേഹക്കൂട് ” പദ്ധതിയുടെ പ്രഖ്യാപനം നടത്തുകയായിരുന്നു മന്ത്രി.സ്നേഹക്കൂട് പദ്ധതി പ്രകാരം നാഷണൽ സർവീസ് സ്കീമിന്റെ ടെക്നിക്കൽ എജുക്കേഷൻ സെൽ വിഭാഗം നിർമ്മിച്ചു നൽകുന്ന ആദ്യവീടിന്റെ താക്കോൽ ദാനവും മന്ത്രി നിർവ്വഹിച്ചു. ആദ്യഘട്ടത്തിൽ 10 വീടുകളാണ് പദ്ധതി മുഖേന നിർമ്മിക്കാനുദ്ദേശിക്കുന്നത്. ഇരിങ്ങാലക്കുട കോരിമ്പിശ്ശേരി സ്വദേശി ഗുരുവിലാസം സ്മിതയുടെ കുടുംബത്തിനാണ് ആദ്യ വീട് കൈമാറിയത്.സ്കൂൾ / കോളേജുകളിൽ പ്രവർത്തിക്കുന്ന നാഷണൽ സർവ്വീസ് സ്കീമിന്റെ യൂണിറ്റുകൾ, വിവിധ സന്നദ്ധ സംഘടനകൾ, വ്യവസായ സ്ഥാപനങ്ങളുടെ സി.എസ് . ആർ ഫണ്ട് തുടങ്ങിയവ ഉപയോഗപ്പെടുത്തിയാണ് വീടുകളുടെ നിർമ്മാണം പൂർത്തീകരിക്കുന്നത്.കിടപ്പു രോഗികൾ ഉള്ള കുടുംബങ്ങൾ / അമ്പത് ശതമാനത്തിന് മുകളിൽ അംഗപരിമിതരുള്ള കുടുംബങ്ങൾ / വൃദ്ധ ജനങ്ങൾ മാത്രമുള്ള കുടുംബങ്ങൾ / മാതാവോ പിതാവോ മരണപ്പെട്ട വിദ്യാർത്ഥികളുള്ള കുടുംബങ്ങൾ / പ്രായപൂർത്തിയാകാത്ത മക്കളുമായി താമസിക്കുന്ന വിധവകൾ / അതിദരിദ്ര പട്ടികയിലുൾപ്പെട്ട കുടുംബങ്ങൾ എന്നിവർക്കായിരിക്കും പദ്ധതിയിൽ മുൻഗണന നൽകുന്നത്. സർക്കാർ ഭവന പദ്ധതികളുടെ മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെടാത്തവരായിരിക്കണം അപേക്ഷകർ.ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രിക്കായി വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷകൾ വാർഡ് മെമ്പറുടെ സാക്ഷ്യപത്രമടക്കം മന്ത്രിയുടെ ഇരിങ്ങാലക്കുട കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിന് സമീപമുള്ള ക്യാമ്പ് ഓഫീസിൽ 2023 ഏപ്രിൽ 30 നകം സമർപ്പിക്കാം – മന്ത്രി ഡോ ആർ ബിന്ദു വ്യക്തമാക്കി.താക്കോൽ ദാന ചടങ്ങിൽ സ്റ്റേറ്റ് എൻ എസ് എസ് ഓഫീസർ അൻസർ ആർ എൻ അദ്ധ്യക്ഷത വഹിച്ചു. എൻ എസ് എസ് മുൻ പ്രോഗ്രാം ഓഫീസർ ഷൈലജ ടി എം പദ്ധതി വിശദീകരണം നടത്തി. വാർഡ് കൗൺസിലർ അമ്പിളി ജയൻ , ജയൻ അരിമ്പ്ര എന്നിവർ ആശംസകൾ നേർന്നു. തൃശ്ശൂർ ഗവ വിമൻസ് പോളിടെക്നിക്ക് കോളേജ് പ്രിൻസിപ്പൽ വി എ ഞ്ജാനാംബിക സ്വാഗതവും എൻ എസ് എസ് ഹയർ സെക്കൻഡറി വിഭാഗം ജില്ലാ കോ ഓർഡിനേറ്റർ പ്രതീഷ് എം വി നന്ദിയും പറഞ്ഞു.

Exit mobile version