ഇരിങ്ങാലക്കുട: നഗരസഭയുടെ 2023-2024 വര്‍ഷത്തെ വാര്‍ഷിക പദ്ധതി രേഖക്ക് മുനിസിപ്പല്‍ കൗണ്‍സിലിന്റെ അംഗീകാരം, പദ്ധതി പണം ഭരണകക്ഷിയംഗങ്ങളുടെ വാര്‍ഡുകളില്‍ കേന്ദ്രീകരിച്ചതായി എല്‍. ഡി. എഫ്, ബി. ജെ. പി. അംഗങ്ങളുടെ വിമര്‍ശനം, ടൈഡ് പോലുള്ള പദ്ധതികളുടെ പണം പൊതു സ്വഭാവമുള്ള പദ്ധതികള്‍ക്കാണ് വകയിരുത്തിയിട്ടുള്ളതെന്ന് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍. പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ഭരണ നേത്യത്വം അംഗങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്ന് ബി. ജെ. പി. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സന്തോഷ് ബോബന്‍ കുറ്റപ്പെടുത്തി. വാര്‍ഡുകളില്‍ 13 ലക്ഷം രൂപയുടെ പദ്ധതികള്‍ നിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെട്ട ഭരണ നേത്യത്വം ടൈഡ് പോലുള്ള പദ്ധതികളെ കുറിച്ച് അംഗങ്ങളില്‍ നിന്നും മറച്ചു വച്ചു. ഏഴോളം യു. ഡി. എഫ്. അംഗങ്ങളുടെ വാര്‍ഡുകളില്‍ മാത്രം ഒരു കോടി രൂപയുടെ പദ്ധതികളാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത് സന്തോഷ് ബോബന്‍ ചൂണ്ടിക്കാട്ടി. വാര്‍ഡുകളിലേക്ക് സന്തുലിതമായല്ല പദ്ധതി പണം വകയിരുത്തിയിട്ടുള്ളതെന്ന് എല്‍. ഡി. എഫ്. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ അഡ്വ കെ. ആര്‍. വിജയ ചൂണ്ടിക്കാട്ടി. പൊറത്തിശ്ശേരി മേഖലയില്‍ പോലും കാര്‍ഷിക മേഖലയിലേക്ക് ആവശ്യമായ ഫണ്ട് വകയിരുത്തിയിട്ടില്ല. ടൈഡ് പോലുള്ള പദ്ധതികളെ കുറിച്ച് അംഗങ്ങളോട് വിശദീകരിക്കാതിരുന്നത് പദ്ധതി നിര്‍ദ്ദേശിക്കുന്നതില്‍ തടസ്സമായന്നും അഡ്വ കെ. ആര്‍. വിജയ പറഞ്ഞു. എല്ലാ വാര്‍ഡുകളിലേക്കും പദ്ധതി പണം സന്തുലിതമായി അനുവദിക്കണമെന്നും അഡ്വ കെ. ആര്‍. വിജയ ആവശ്യപ്പെട്ടു. ടൈഡ് പോലുള്ള പദ്ധതികള്‍ പ്രതിപക്ഷാംഗങ്ങളുടെ വാര്‍ഡുകളിലും വകയിരുത്തിയിട്ടുണ്ടെന്നും, പദ്ധതി വിഭാവനം ചെയ്യുന്നതില്‍ വ്യക്തിപരമായോ, രാഷ്ട്രീയമായോ പരിഗണനകള്‍ നല്‍കിയിട്ടില്ലെന്നും വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സുജ സജ്ഞീവ്കുമാര്‍ പറഞ്ഞു. ടൈഡ് പോലുള്ള പദ്ധതി പണം പൊതു സ്വഭാവമുള്ള പദ്ധതികള്‍ക്കാണ് വകയിരുത്തിയിട്ടുള്ളതെന്ന് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി ചൂണ്ടിക്കാട്ടി. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍മാര്‍ അടക്കമുള്ള സ്റ്റിയറിങ്ങ് കമ്മറ്റി യോഗത്തിലാണ് ടൈഡ് പോലുള്ള പദ്ധതികള്‍ നടപ്പാക്കുന്നതു സംബന്ധിച്ച് തീരുമാനമെടുത്തത്. ഭരണകക്ഷിയംഗങ്ങളുടെ വാര്‍ഡുകളില്‍ പദ്ധതി പണം കേന്ദ്രീകരിച്ചുവെന്നത് അടിസ്ഥാന രഹിതമാണ്, എല്‍. ഡി. എഫ്, ബി. ജെ. പി. അംഗങ്ങളുടെ ഉള്‍പ്പെടെയുള്ള വാര്‍ഡുകളില്‍ ടൈഡ് ഫണ്ട് വകയിരുത്തിയിട്ടുണ്ട്. അംഗങ്ങളില്‍ നിന്നും ഉയര്‍ന്ന നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്നും ആവശ്യമായ മാറ്റങ്ങള്‍ പദ്ധതി നിര്‍ദ്ദേശത്തില്‍ കൊണ്ടു വരുമെന്നും മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി പറഞ്ഞു. 25 കോടി 30 ലക്ഷം രൂപയുടെ പദ്ധതികള്‍ക്കാണ് മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കിയത്. പി. എം. എ. വൈ, ലൈഫ് പദ്ധതിക്കായി ഒരു കോടി 65 ലക്ഷം രൂപയും, ശിശുക്കള്‍, ഭിന്നശേഷിക്കാര്‍ക്കായി 35 ലക്ഷം രൂപയും, വയോജന ക്ഷേമകത്തിനായി 35 ലക്ഷം രൂപയും, സ്ത്രീകളുടെ ഉന്നമനത്തിനായും, ശാക്തീകരണത്തിനുമായി 68 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. മരാമത്ത് റോഡുകള്‍ക്ക് 8 കോടിയും, ശുചിത്വ മാലിന്യ സംസ്‌കരണത്തിനും, ജലവിതരണത്തിനുമായി രണ്ടു കോടി 75 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്്. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി അധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് ചെയര്‍മാന്‍ ടി. വി. ചാര്‍ളി, സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സുജ സജ്ഞീവ്കുമാര്‍, എം. ആര്‍. ഷാജു, അഡ്വ കെ. ആര്‍. വിജയ, അല്‍ഫോന്‍സ തോമസ്, അംബിക പള്ളിപ്പുറത്ത്, സന്തോഷ് ബോബന്‍, അമ്പിളി ജയന്‍ എന്നിവര്‍ പ്രസംഗിച്ചു.