ഇരിങ്ങാലക്കുട: നവീന ആശയങ്ങളും വ്യത്യസ്ത ചിന്താധാരകളും കൈമുതലായ ഒരു പുതു തലമുറയെ വാർത്തെടുക്കാൻ ഡോൺ ബോസ്കോ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഹിക്കുന്ന പങ്ക് അനന്യമെന്ന് ടി.എൻ. പ്രതാപൻ എം.പി. ഡോൺ ബോസ്കോ വജ്ര ജൂബിലി ആഘോഷങ്ങളുടെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ശരിയായ മനോഭാവങ്ങളെ രൂപപ്പെടുത്തലാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. ഇത് നൂറു ശതമാനം നിറവേറ്റുന്ന സ്ഥാപനമാണ് ഡോൺ ബോസ്കോ . വിശുദ്ധ ഡോൺ ബോസ്കോയുടെ നാമധേയത്തിലുള്ള സ്ഥാപനങ്ങൾക്ക് തനിമയും സ്വത്വവും ഉണ്ട്. – അദ്ദേഹം പറഞ്ഞു. റെക്ടറും മാനേജരുമായ ഫാ. ഇമ്മാനുവൽ വട്ടക്കുന്നേൽ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർ പേഴ്സൺ സോണിയ ഗിരി, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി എന്നിവർ ആശംസകളർപ്പിച്ചു. ഫാ. മനു പീടികയിൽ , ഫാ. ജോസിൻ താഴത്തേറ്റ്, ലൈസ സെബാസ്റ്റ്യൻ, സെബി മാളിയേക്കൽ എന്നിവർ പ്രസംഗിച്ചു. ശിവപ്രസാദ് ശ്രീധരൻ, സജിത്ത് ബാലൻ, സിബി പോൾ, ടെൽസൻ കോട്ടോളി, കെ.ജെ. ബീന എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.