ഇരിങ്ങാലക്കുട: നഗരസഭയുടെ കെട്ടിടങ്ങള്‍ വാടകക്ക് നല്‍കുന്നത് സംബന്ധിച്ച് പ്രായോഗിക സമീപനമുണ്ടാവണമെന്ന് മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ നിര്‍ദ്ദേശം. പൂതംകുളം ടേക്ക് ബ്രേക്ക് പദ്ധതിയുടെ ബൈലോ അംഗീകരിക്കുന്നത്് സംബന്ധിച്ച അജണ്ടയിലാണ് അംഗങ്ങളില്‍ നിന്നും നിര്‍ദ്ദേശം ഉയര്‍ന്നത്. ടേക്ക് പൂതംകുളം ടേക്ക് എ ബ്രേക്ക് രണ്ടു തവണ ലേലത്തിനു വച്ചിട്ടും പോകാതിരുന്നതിനു കാരണം ഉയര്‍ന്ന നിരക്കാണന്ന് ബി. ജെ. പി. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സന്തോഷ് ബോബന്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ പ്രായോഗിക സമീപനമുണ്ടാവണമെന്ന് സന്തോഷ് ബോബന്‍ ആവശ്യപ്പെട്ടു. നഗരസഭയുടെ കെട്ടിടങ്ങള്‍ വാടകക്ക് നല്‍കുന്നത് സംബന്ധിച്ച് പ്രായോഗികമായ തീരുമാനങ്ങള്‍ എടുത്ത് നടപ്പിലാക്കിയാല്‍ മാത്രമാണ് നഗരസഭക്ക് വരുമാനം വര്‍ധിപ്പിക്കാനാകൂവെന്ന് എല്‍. ഡി. എഫ്. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ അഡ്വ കെ. ആര്‍. വിജയ നിര്‍ദ്ദേശിച്ചു. കസ്തൂര്‍ബ ഷോപ്പിങ്ങ് കോംപ്ലക്‌സ് അടക്കമുള്ള നഗരസഭയുടെ പല കെട്ടിടങ്ങളും നല്‍കാനായിട്ടില്ല. പദ്ധതി വിഹിതം ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതികളില്‍ നിന്നും വരുമാനം ഉറപ്പു വരുത്തണമെന്നും അഡ്വ കെ. ആര്‍. വിജയ പറഞ്ഞു. ഇത്തരം വിഷയങ്ങളില്‍ ധനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റിയില്‍ ചര്‍ച്ചക്ക് വരുമ്പോള്‍ പലഘട്ടങ്ങളിലും ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നാണ് വിഘാതങ്ങള്‍ ഉണ്ടാകുന്നതെന്ന് മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ടി. വി. ചാര്‍ളി പറഞ്ഞു. ആധുനിക മത്സ്യ മാര്‍ക്കറ്റില്‍ കൗണ്‍സില്‍ എടുത്ത നിലപാട് മൂലമാണ് കൂടുതല്‍ സ്റ്റാളുകള്‍ വാടകക്ക് നല്‍കാനായതെന്നും ടി. വി. ചാര്‍ളി പറഞ്ഞു. വിഷയം ധനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി യോഗം ചേര്‍ന്ന് നിര്‍ദ്ദേശം വച്ചാല്‍ സ്റ്റിയറിങ്ങ് കമ്മറ്റിയില്‍ തീരുമാനമെടുക്കാമെന്ന് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി പറഞ്ഞു. ഗാന്ധിഗ്രാം ഗ്രൗണ്ടില്‍ ടേക്ക് എ ബ്രേക്കിനായി കെട്ടിടം നിര്‍മ്മിക്കുന്ന സ്ഥലത്തെ ചൊല്ലി പ്രദേശവാസികള്‍ക്ക് എതിര്‍പ്പുള്ളതായി അംഗങ്ങള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ തികച്ചും അനുയോജ്യമായ സ്ഥലത്താണ് കെട്ടിടം നിര്‍മ്മിക്കുന്നതെന്നും, തനിക്ക് ഇക്കാര്യത്തില്‍ യാതൊരു നിര്‍ബന്ധബുദ്ധിയില്ലെന്നും വാര്‍ഡു കൗണ്‍സിലര്‍ പി. ടി. ജോര്‍ജ്ജ് പറഞ്ഞു. എന്നാല്‍ നഗരസഭയുടെ പദ്ധതിയല്ലെന്നും, എം. എല്‍. എ. ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന കെട്ടിടം മാറ്റി നിര്‍മ്മിക്കുന്നതടക്കമുള്ള വിഷയങ്ങള്‍ മന്ത്രിതലത്തില്‍ തീരുമാനം ഉണ്ടാകട്ടെയെന്ന് ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി പറഞ്ഞു. നഗരസഭ മൈതാനം ഉപയോഗിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളും അംഗങ്ങളുടെ വിമര്‍ശനത്തിന് ഇടയാക്കി. മൈതാനത്തെ കുറിച്ച് അനാവശ്യമായ ഉള്‍കണ്ഠകളാണ് കൗണ്‍സിലില്‍ ഉണ്ടാകുന്നതെന്ന് ബി. ജെ. പി. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സന്തോഷ് ബോബന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് മുന്നോടിയായി ഉണ്ടായ വിവാദം അനാവശ്യമായിരുന്നു. ടൂര്‍ണ്ണമെന്റ് നടത്തുന്നതിന് ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കുകയെന്നത് സംഘാടകരുടെ കടമയാണ്. ഇക്കാര്യത്തില്‍ അനാവശ്യമായ ഇടപടലുകള്‍ ഉണ്ടാകരുതെന്നും സന്തോഷ് ബോബന്‍ പറഞ്ഞു. കായിക ആവശ്യങ്ങള്‍ക്കല്ലാതെ മൈതാനും അനുവദിക്കുന്നത് ഒഴിവാക്കണമെന്ന നിര്‍ദ്ദേശം അംഗീകരിക്കാനാകില്ലെന്ന് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി പറഞ്ഞു. ഫുട്‌ബോള്‍ പരീശലനത്തിന് നഗരസഭ മൈതാനം സൗജന്യമായി അനുവദിച്ച ശേഷം പരീശീലനത്തിന് വരുന്നവരില്‍ നിന്നും ഫീസ് ഈടാക്കുന്നവരാണ് ഇത്തരം വിഷയങ്ങള്‍ കുത്തിപ്പൊക്കുന്നതെന്ന് യു. ഡി. എഫ്. അംഗം എം. ആര്‍. ഷാജു കുറ്റപ്പെടുത്തി. ഇരിങ്ങാലക്കുട നഗരസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മുകുന്ദപുരം സ്‌കൂള്‍ ഫോക്കസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഭൗതിക സാഹചര്യം മെച്ചപ്പെടത്തുന്നതുമായി ബന്ധപ്പെട്ട്്, സ്‌കുളിന്റെ അറ്റകുറ്റപണികള്‍ നടത്തുന്നതിനോ, സ്‌കൂള്‍ മാറ്റി സ്ഥാപിക്കണമോയന്നതടക്കമുളള കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുുമാനമെടുക്കുന്നതിന് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മറ്റിക്ക് വിട്ടു. 2023-2024 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ഫെബ്രുവരി ഒന്‍പതിന് വികസന സെമിനാര്‍ ചേരുന്നതിനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി അധ്യക്ഷത വഹിച്ച യോഗത്തില്‍ അഡ്വ കെ. ആര്‍. വിജയ, സി. സി. ഷിബിന്‍, അഡ്വ ജിഷ ജോബി, സന്തോഷ് ബോബന്‍, ടി. കെ. ഷാജു, സുജ സജ്ഞീവ്കുമാര്‍, ജെയ്‌സണ്‍ പാറേക്കാടന്‍, എം. ആര്‍. ഷാജു എന്നിവര്‍ പ്രസംഗിച്ചു .