ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിനോടനുബന്ധിച്ചുളള കുട്ടംകുളത്തിന്റെ തകര്‍ന്ന മതില്‍ അടിയന്തിരമായി പുനര്‍ നിര്‍മ്മിക്കണമെന്ന് മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം. ചൊവ്വാഴ്ച ചേര്‍ന്ന മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ടി. വി. ചാര്‍ളിയാണ് വിഷയം ഉന്നയിച്ചത്. മതില്‍ തകര്‍ന്ന് മൂന്നു വര്‍ഷം പിന്നിട്ടിട്ടും മതില്‍ നിര്‍മ്മിക്കുന്നതിന് ഫണ്ട് അനുവദിച്ചുവെന്ന പ്രഖ്യാപനമല്ലാതെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. മതില്‍ തകര്‍ന്നതിനെ തുടര്‍ന്ന് സ്ഥാപിച്ചിരുന്ന താല്‍ക്കാലിക കൈവരിയും, മുന്നറിയിപ്പ് ബോര്‍ഡും ഇപ്പോഴില്ല. ഇത് പൊതുജനങ്ങളുടെ ജീവന് ഭീഷണിയാണന്ന് ചൂണ്ടിക്കാട്ടിയ ടി. വി. ചാര്‍ളി ക്ഷേത്രം റോഡിന്റെ് ബലക്ഷയത്തിനും കാരണമാകുന്നതായി പറഞ്ഞു. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട മന്ത്രിമാരുടെ അടിയന്തിര ഇടപടല്‍ ഉണ്ടാകണമെന്നും ടി. വി. ചാര്‍ളി പറഞ്ഞു. മതില്‍ പുനര്‍നിര്‍മ്മിക്കാത്തതില്‍ പ്രദേശവാസികള്‍ ആശങ്കയിലാണന്നും അടിയന്തിര നടപടി വേണമെന്നും വാര്‍ഡു കൗണ്‍സിലര്‍ സ്മിത ക്യഷ്ണകുമാറും ആവശ്യപ്പെട്ടു. നഗരസഭ മൂന്നാം വാര്‍ഡില്‍ പ്രളയത്തില്‍ തകര്‍ന്ന കെ. എല്‍. ഡി. സി. ബണ്ട് റോഡും ഇതേ അവസ്ഥയിലാണന്നും ഇക്കാര്യത്തിലും നടപടി വേണമെന്നും വാര്‍ഡു കൗണ്‍സിലര്‍ പ്രവീണ്‍ ആവശ്യപ്പെട്ടു. ബന്ധപ്പെട്ട അതിക്യതരുമായി ബന്ധപ്പെട്ട് അടിയന്തിര സാഹചര്യം വിശദീകരിക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി കൗണ്‍സില്‍ യോഗത്തെ അറിയിച്ചു. നഗരസഭയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച രജത ജൂബിലി ആഘോഷ പരിപാടിയില്‍ തങ്ങള്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കിയില്ലെന്ന് ബി. ജെ. പി. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സന്തോഷ് ബോബന്‍ വിമര്‍ശിച്ചു. തങ്ങള്‍ക്ക്് ഇഷ്ടപ്പെട്ടവരെ മാത്രം സ്റ്റേജില്‍ കയറ്റുന്നതിനും പ്രസംഗിക്കാന്‍ അവസരം നല്‍കുന്നതിനുമാണ് സംഘാടകര്‍ ശ്രമിച്ചത്. ഇക്കാര്യത്തില്‍ ചെയര്‍പേഴ്‌സണ്‍ എന്ന രീതിയില്‍ ഇടപടലുണ്ടായില്ല. മുന്‍ ചെയര്‍മാനും, മുന്‍ പഞ്ചായത്ത് പ്രസിഡണ്ടും മാത്രം സ്റ്റേജില്‍ ഇടം പിടിച്ചപ്പോള്‍ അതേ പരിഗണന മറ്റുള്ളവര്‍ക്ക് ലഭിച്ചില്ല. താന്‍ ചെയര്‍പേഴ്‌സണോട് സംസാരിക്കാന്‍ അവസരം വേണമെന്ന് പറഞ്ഞിട്ടു പോലും നല്‍കിയില്ലെന്ന് സന്തോഷ് ബോബന്‍ കുറ്റപ്പെടുത്തി. ഇനിയുള്ള പൊതു പരിപാടികള്‍ കൗണ്‍സില്‍ അറിഞ്ഞു വേണമെന്നും, അല്ലാത്തപക്ഷം സ്റ്റേജിലെത്തി പ്രതിഷേധിക്കുമെന്നും സന്തോഷ് ബോബന്‍ മുന്നറിയിപ്പു നല്‍കി. എന്നാല്‍ ട്രോഫികള്‍ സമ്മാനിച്ച് ഫോട്ടോ എടുത്ത ശേഷം പരിപാടി അവസാനിപ്പിക്കുന്ന സമയത്തു ആരും പ്രസംഗിക്കാന്‍ അവസരം വേണമെന്ന് ആവശ്യപ്പെട്ടിരുന്നില്ലെന്ന് ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി വിശദീകരിച്ചു. ഇക്കാര്യത്തില്‍ പരിപാടിയില്‍ പങ്കെടുത്തിരുന്ന മന്ത്രിയുടെ തിരക്കു കൂടി പരിഗണിച്ചാണ് ട്രോഫികള്‍ വിതരണം ചെയ്ത് ഫോട്ടോ എടുക്കുന്നതിന് തീരുമാനിച്ചത്. സംയുക്ത നഗരസഭക്കു തൊട്ടു മുന്‍പുള്ള ചെയര്‍മാനെയും, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിനുമാണ് സ്റ്റേജില്‍ അവസരം നല്‍കിയതെന്നും സോണിയ ഗിരി വിശദീകരിച്ചു. എഴൂുപത്തിയഞ്ചു ലക്ഷം രൂപയുടെ പുതുക്കിയ പദ്ധതിക്ക് മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കി. മാലിന്യ സംസ്‌ക്യരണ പ്രോജക്ടുകള്‍ പുതുതായി ഏറ്റെടുക്കുന്നതിനും, ആസ്തി രജിസ്റ്ററില്‍ ചേര്‍ക്കാത്ത പദ്ധതികള്‍ പുനര്‍ ക്രമീകരിക്കാനുമായിരുന്നു പദ്ധതി പുതുക്കിയത്. യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി അധ്യക്ഷത വഹിച്ചു.