ഇരിങ്ങാലക്കുട: ജനറൽ ആശുപത്രി കെട്ടിട സമുച്ചയത്തിന്റെ രണ്ടാംഘട്ട നിർമ്മാണത്തിന് തുടക്കമാവുന്നു. ജനുവരി 13ന് രാവിലെ 10 മണിക്ക് ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രിയും നിയോജകമണ്ഡലം എംഎൽഎയുമായ ഡോ.ആർ ബിന്ദു രണ്ടാംഘട്ട നിർമ്മാണോദ്ഘാടനം നിർവ്വഹിക്കും.ഒപി ബ്ലോക്ക് ഉൾപ്പെടുന്ന കെട്ടിടസമുച്ചയത്തിനാണ് നിർമ്മാണമാരംഭിക്കുന്നത്. നബാർഡ് പദ്ധതിയിൽ 12 കോടി രൂപ സർക്കാർ ഇതിന് അനുവദിച്ചിട്ടുണ്ട്.നാല് ഓപ്പേറേഷൻ തിയേറ്ററുകൾ, സർജിക്കൽ ഐ സി യു, മെഡിക്കൽ ഐ സി യു, ബ്ലഡ് ബാങ്ക് തുടങ്ങിയ സൗകര്യങ്ങളും രണ്ടാം ഘട്ട നിർമ്മാണത്തിൽ ഉൾപ്പെടുന്നു. ആദ്യഘട്ടത്തിൽ പണിത കെട്ടിടസൗകര്യങ്ങളുടെ പൂർത്തീകരണവും ഈ ഘട്ടത്തിൽ നടക്കും.കെട്ടിടത്തിന്റെ ആദ്യഘട്ട നിർമ്മാണത്തിൽ ബേസ്‌മെന്റ് ഫ്ലോർ, ഗ്രൗണ്ട് ഫ്ലോർ, ഫസ്റ്റ് ഫ്ലോർ എന്നിവയാണ് നടക്കുന്നത്. അതിൽ ടൈലിംഗ് ജോലികൾ വരെയുള്ള പ്രവൃത്തികൾ പൂർത്തിയായി. രണ്ടാം ഘട്ടത്തിൽ രണ്ടും മൂന്നും നാലും നിലകളുടെയും ടെറസ് ഫ്ലോറിന്റെയും സ്ട്രക്ച്ചർ വർക്കും ഫിനിഷിങ് വർക്കും ലിഫ്റ്റ് നിർമ്മാണവുമാണ് നടക്കുക. കൂടാതെ സംപ് ടാങ്ക്, മഴവെള്ള സംഭരണി എന്നിവയും ഈ ഘട്ടത്തിൽ നിർമ്മിക്കും. പുതിയ കെട്ടിടസമുച്ചയം പൂർത്തിയാകുന്നതോടെ ആധുനിക സൗകര്യങ്ങളുള്ള മികച്ച ജനറൽ ആശുപത്രിയായി ജനറൽ ആശുപത്രി മാറും. ഇരിങ്ങാലക്കുടക്കാരുടെ സ്വപ്നസാക്ഷാത്ക്കരമാകും അതെന്ന് മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു.