Home NEWS നഗരസഭ കൗണ്‍സില്‍ യോഗം

നഗരസഭ കൗണ്‍സില്‍ യോഗം

ഇരിങ്ങാലക്കുട : കാന നിര്‍മാണം നടക്കുന്നതിനിടയില്‍ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ പൊറത്തിശ്ശേരി കല്ലട പ്രദേശത്ത് സ്വകാര്യ വ്യക്തിയുടെ മതില്‍ ഇടിഞ്ഞ് വീണ സംഭവത്തില്‍ നഗരസഭ എഞ്ചിനിയറിങ്ങ് വിഭാഗത്തിന് വീഴ്ച ഉണ്ടായതായി എല്‍. ഡി. എഫ്, സാങ്കേതിക കാരണങ്ങളാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നീട്ടികൊണ്ടു പോയതാണ് അപകടത്തിന് കാരണമെന്നും, നഗരസഭ നഷ്ട പരിഹാരം നല്‍കണമെന്നും, ബി. ജെ. പി, പ്രായോഗിക കാഴ്ചപ്പാടാണ് ആവശ്യമെന്ന് മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ടി. വി. ചാര്‍ളി. വെള്ളിയാഴ്ച ചേര്‍ന്ന മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തിന്റെ ആരംഭത്തില്‍ ബി. ജെ. പി. അംഗം ടി. കെ. ഷാജുവാണ് വിഷയം ഉന്നയിച്ചത്. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നീണ്ടു പോയതാണ് മതില്‍ ഇടിഞ്ഞു വീഴാനിടയാക്കിയത്. സ്വകാര്യ വ്യക്തിക്ക് ഉണ്ടായ നഷ്ടം നികത്താന്‍ നഗരസഭ തയ്യാറാകണമെന്നും ടി. കെ. ഷാജു ആവശ്യപ്പെട്ടു. മതില്‍ ഇടിഞ്ഞു വീണ സംഭവത്തില്‍ എഞ്ചിനിയറിങ്ങ് വിഭാഗത്തിന് വീഴ്ച സംഭവിച്ചതായി എല്‍. ഡി. എഫ്. അംഗം സി. സി. ഷിബിന്‍ പറഞ്ഞു. എഞ്ചിനിയറിങ്ങ് വിഭാഗത്തിന്റെ അനാസ്ഥയാണ് ഇക്കാര്യത്തില്‍ ഉണ്ടായത്. കരാറുകാരെ ബുദ്ധിമുട്ടിക്കുന്ന നിലപാടാണ് നഗരസഭ എഞ്ചിനിയറിങ്ങ് വിഭാഗം സ്വീകരിക്കുന്നതെന്നും സി. സി. ഷിബിന്‍ കുറ്റപ്പെടുത്തി. സംഭവമുണ്ടായതിനെ തുടര്‍ന്ന് നഗരസഭ എഞ്ചിനിയറിങ്ങ് വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ യോഗം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ വിളിച്ചു ചേര്‍ത്ത് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായി യോഗത്തില്‍ അധ്യക്ഷത വഹിച്ചിരുന്ന മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ടി. വി. ചാര്‍ളി അറിയിച്ചു. നഗരസഭയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ നടത്തുന്നതിന് എഞ്ചിനിയറിങ്ങ് വിഭാഗത്തിന്റെ സഹകരണം ആവശ്യമാണ്. ഇത്തരം കാര്യങ്ങളില്‍ പ്രായോഗിക കാഴ്ചപ്പാടാണ് ഉണ്ടാവേണ്ടതെന്നും മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ടി. വി. ചാര്‍ളി പറഞ്ഞു. തുടര്‍ന്ന് മുനിസിപ്പല്‍ എഞ്ചിനിയര്‍ നടത്തിയ വിശദീകരണത്തില്‍ കൗണ്‍സിലര്‍മാരെ കുറ്റപ്പെടുത്തിയെന്ന് ചൂണ്ടിക്കാടി എല്‍. ഡി. എഫ്. അംഗം സി. സി. ഷിബിനും, യു. ഡി. എഫ്. അംഗം എം. ആര്‍. ഷാജുവും രംഗത്തെത്തി. നഗരസഭ ഹില്‍പാര്‍ക്കില്‍ എസ്. ടി. പി. പ്ലാന്റ് നിര്‍മ്മിക്കാനുള്ള പ്രൊജക്ടുമായി ബന്ധപ്പെട്ട അജണ്ടയില്‍ വിയോജിപ്പുമായി യു. ഡി. എഫ്. അംഗം എം. ആര്‍. ഷാജു. ആധുനിക ശ്മശാനവും, ഖരമാലിന്യ സംസ്‌കരണ പ്ലാന്റും, രണ്ട് ജൈവ മാലിന്യ സംസ്‌കരണപ്ലാന്റും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രദേശവാസികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് പരിഗണിച്ച് ഇക്കാര്യത്തില്‍ പുനരാലോചന വേണമെന്ന് എം. ആര്‍. ഷാജു ആവശ്യപ്പെട്ടു. ട്രഞ്ചിങ്ങ് ഗ്രൗണ്ട് അളന്ന് തിട്ടപ്പെടുത്തുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ബി. ജെ. പി. അംഗം സന്തോഷ് ബോബന്‍ ആവശ്യപ്പെട്ടു. പ്ലാന്റ് ഹില്‍ പാര്‍ക്കില്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് കൂടുതല്‍ പഠനം നടത്താമെന്നും, അനുയോജ്യമായ മറ്റ് സ്ഥലങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുമെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ചിരുന്ന മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ടി. വി. ചാര്‍ളി പറഞ്ഞു. അഡ്വ കെ. ആര്‍. വിജയ, അംബിക പള്ളിപ്പുറത്ത്, സുജ സഞ്ചീവ്കുമാര്‍, ആര്‍ച്ച അനീഷ് എന്നിവര്‍ പ്രസംഗിച്ചു.

Exit mobile version