ഇരിങ്ങാലക്കുട: കഴിഞ്ഞ നൂറ്റാണ്ടിലെ പരിമിതമായ സൗകര്യങ്ങളിൽ നിന്നും അനന്തമായ സൗകര്യങ്ങളും സാധ്യതകളുമാണ് ഇപ്പോൾ ഉള്ളതെന്നും ഈ നൂറ്റാണ്ടിലെ പ്രതിഭകളാണ് വരും നൂറ്റാണ്ടിന്റെ ഗതിയെ നിശ്ചയിക്കേണ്ടതെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ മെറിറ്റ് ഡേ ഉദ്‌ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ഏതു തരത്തിലുള്ള വികസനത്തെക്കാളും പ്രാധാന്യം വിദ്യാഭ്യാസത്തിനാണ് നൽകേണ്ടത്.പരമ്പരാഗതമായ വിദ്യാഭ്യാസത്തിനു പുറമെ ആധുനിക രീതിയിലുള്ള ശാസ്ത്ര – സാങ്കേതിക വിദ്യാഭ്യാസ ശാഖകളുടെ വളർച്ചയും ഈ നൂറ്റാണ്ടിന്റെ പ്രത്യേകതയാണ്. ലഭിച്ചുകൊണ്ടിരിക്കുന്ന എല്ലാ സാധ്യതകളെയും പ്രയോജനപ്പെടുത്താൻ വിദ്യാർത്ഥികൾ തയ്യാറാകണമെന്നും അത് സമൂഹ നന്മക്കായി ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ അധ്യക്ഷത വഹിച്ചു.സംഘാടക സമിതി ചെയർമാനും മുൻ കെപിസിസി ജനറൽ സെക്രട്ടറിയുമായ എം.പി.ജാക്സൺ, നഗരസഭാധ്യക്ഷ സോണിയ ഗിരി, ബ്ളോക് പ്രസിഡന്റുമാരായ ടി.വി.ചാർളി, കെ.കെ.ശോഭനൻ, മുൻ എം.പി.സാവിത്രി ലക്ഷ്മണൻ, ഡിസിസി സെക്രട്ടറിമാരായ ആന്റോ പെരുമ്പുള്ളി, സോമൻ ചിറ്റേത്ത്, സതീഷ് വിമലൻ, കൺവീനർമാരായ സി.എസ്. അബ്‌ദുൾ ഹഖ്, എ.സി.സുരേഷ്, ജോസ് മൂഞ്ഞേലി, കെ.കെ.ചന്ദ്രൻ, സുജ സഞ്ജീവ്കുമാർ, എം.ആർ.ഷാജു, എ.എ.ഡൊമിനി എന്നിവർ പ്രസംഗിച്ചു.എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ നിയോജകമണ്ഡലത്തിലെ ആയിരത്തിലധികം വിദ്യാർത്ഥികളെയും നൂറു ശതമാനം വിജയം നേടിയ മുപ്പത്തിയേഴു സ്കൂളുകളടക്കം അമ്പതോളം സ്കൂളുകളെയും ചടങ്ങിൽ പുരസ്ക്കാരം നൽകി ആദരിച്ചു. മോട്ടിവേഷൻ പരിശീലകൻ ടി.വി. കൃഷ്ണകുമാർ നയിച്ച ക്ലാസും ഉണ്ടായിരുന്നു.