ഇരിങ്ങാലക്കുട : ഈ വർഷത്തെ കർക്കിടകം ഒന്നു മുതൽ ആരംഭിക്കുന്ന നാലമ്പല തീർത്ഥയാത്രയുടെ കോർഡിനേഷൻ കമ്മിറ്റി യോഗം ഇരിങ്ങാലക്കുട കൂടൽമാണിക്യം ദേവസ്വം കോൺഫറൻസ് ഹാളിൽ വച്ച് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോക്ടർ ആർ ബിന്ദുവിന്റെ അധ്യക്ഷതയിൽ ചേർന്നു.തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് കെ അനന്ത ഗോപൻ,കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് നന്ദകുമാർ, കൂടൽമാണിക്യം ദേവസ്വം ബോർഡ് പ്രസിഡണ്ട് യു. പ്രദീപ് മേനോൻ, കൂടൽമാണിക്യം ദേവസ്വം ബോർഡ് അംഗങ്ങൾ, തിരുവിതാംകൂർ ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ, കൊച്ചിൻ ബോർഡ് കമ്മീഷണർ, ബോർഡ് അംഗങ്ങൾ, ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപേഴ്‌സൺ സോണിയ ഗിരി, ഇരിങ്ങാലക്കുട ആർ.ഡി.ഒ, ഫയർ ഫോഴ്സ്, പോലീസ്, കെ.എസ്.ഈ.ബി. മറ്റു ഉദ്യോഗസ്ഥപ്രതിനിധികഎന്നിവർ യോഗത്തിൽ പങ്കെടുത്തു. ഇരിങ്ങാലക്കുട കെ എസ് ആർ ടി സി യുടെ നേതൃത്വത്തിൽ കേരളത്തിലെ വിവിധ ജില്ലാ ആസ്ഥാനത്തു നിന്നും ഏകദേശം 16 ഷെഡ്യൂളുകൾ നാലമ്പലതീർത്ഥയാത്ര യുമായി ബന്ധപ്പെട്ട് ആരംഭിക്കുമെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു. ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നും ആബുലൻസ് തുടങ്ങി എല്ലാവിധ സഹായസഹകരണങ്ങളും താലൂക്ക് ആശുപത്രി അധികൃതർ വാഗ്ദാനം ചെയ്തു. കേരള സർക്കാർ ടൂറിസം ഡിപ്പാർട്ട്‌മെന്റിൽ നിന്നും നാലമ്പല തീർത്ഥടാനത്തിനു വേണ്ടതായ എല്ലാ സഹായ സഹകരണങ്ങൾക്കുമായി പരിശ്രമിക്കും എന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി അറിയിച്ചു. അന്നദാനത്തിനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചതായും ഭക്തമാർക്ക് സുഗമമായി ക്ഷേത്ര ദർശനം നടത്തുന്നതിനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായതായും വിവിധ ദേവസ്വം ഭാരവാഹികൾ അറിയിച്ചു. കെ.എസ്. ആർ ടി.സി. ഷെഡ്യൂൾ വഴി എത്തുന്ന ഭക്തന്മാർക്ക് ദർശനം നടത്തി വഴിപാടുകൾ നടത്തുന്നതിനുള്ള മുൻകൂട്ടി വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് എന്ന് ദേവസ്വം ഭാരവാഹികൾ അറിയിച്ചു. കൂടൽമാണിക്യം ദേവസ്വത്തിൽ ആരംഭിച്ചിരിക്കുന്ന സംഗമേശ്വര ആയുർവേദ ഗ്രാമത്തിൻറെ ആഭിമുഖ്യത്തിൽ നാലമ്പലതീർത്ഥയാത്രയോടനുബന്ധിച്ച് ഒരു ഫസ്റ്റ്എയ്ഡ് കൗണ്ടർ ആരംഭിക്കുന്നതായിരിക്കും. അത്യാസന്ന നിലയിലുള്ള രോഗികൾക്ക് വേണ്ടതായ പ്രാഥമിക ശുശ്രൂഷകൾ നൽകുന്നതിനുള്ള സൗകര്യങ്ങൾ കൗണ്ടറിൽ ഉണ്ടായിരിക്കും. വിവിധ ക്ഷേത്രങ്ങളുടെ എകോപനത്തോടെ തീർത്ഥാടനം സുഗമമായി നടത്താൻ സാധിക്കുമെന്ന് ആർ.ഡി. ഒ. യോഗത്തിൽ അഭിപ്രായപ്പെട്ടു. കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ സ്വാഗതം പറഞ്ഞ യോഗത്തിൽ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ശ്രീ. ഷിജിത്ത് കെ.ജെ നന്ദി പ്രകാശിപ്പിച്ചു.