വെള്ളാങ്കല്ലൂർ: ഓട്ടോ പിടിച്ച് ആശുപത്രിയിലേക്ക് പോകുംവഴി കലശലായ പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് റോഡരികിൽ ഓട്ടോ നിർത്തി എന്തുചെയ്യണമെന്നറിയാതെ വിഷമിച്ച കുടുംബത്തിന് മുൻപിലാണ് വെള്ളാങ്കല്ലൂർ സൊസൈറ്റി ആംബുലൻസ് ഡ്രൈവറായ നിഖിൽ പ്രത്യക്ഷപ്പെട്ടത്. കോവിഡ് കാലത്ത് ഉൾപ്പെടെ നാടിന് വേണ്ടി ഒട്ടനവധി വെല്ലുവിളികൾ വിജയകരമായി ഏറ്റെടുത്ത നിഖിലിന് ഒരു സെക്കൻഡ് പോലും പാഴാക്കാൻ ഉണ്ടായിരുന്നില്ല. യുവതിയെ കയറ്റി ആംബുലൻസ് നേരെ പറഞ്ഞത് കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്കാണ്. ആശുപത്രിയുടെ പടിവാതിൽക്കൽ സ്ട്രക്ചറിൽ തന്നെ യുവതി സുഖപ്രസവത്തിലൂടെ പെൺകുഞ്ഞിന് ജന്മം നൽകി. നിറകണ്ണുകളോടെയാണ് യുവതിയുടെ ബന്ദുക്കൾ നിഖിലിന് ചുറ്റുംകൂടിയത്. ഓട്ടോയിൽ തന്നെയാത്ര തുടർന്നിരുന്നെങ്കിൽ വലിയ അപകടസാധ്യത ഉണ്ടാകുമായിരുന്ന യുവതിയെ സുരക്ഷിതമായി ആശുപത്രിയുടെ പടിവാതിൽക്കൽ വരെ എത്തിച്ച നിഖിലിനെ ആശുപത്രി നഴ്സിങ് സൂപ്രണ്ട് കൈ പിടിച്ചാണ് അഭിനന്ദിച്ചത്. കോവിഡിന്റെ തരംഗങ്ങൾ ആഞ്ഞടിച്ചപ്പോൾ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയുടെ കീഴിലാണ് നിഖിൽ തന്റെ ആംബുലൻസുമായി തലങ്ങും വിലങ്ങും പരക്കം പാഞ്ഞിരുന്നത്. അത്യാഹിത സാഹചര്യങ്ങൾ നിരവധി കൈകാര്യം ചെയ്ത തനിക്ക് ഇങ്ങനെ ഒരനുഭവം ആദ്യമാണെന്ന് വിശദീകരിക്കുന്നു വെള്ളാങ്ങല്ലൂർ കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആബുലൻസ് ഡ്രൈവറായ നിഖിൽ.