വെള്ളാങ്കല്ലൂർ: നീർത്തടാധിഷ്ഠിതമായ സമീപനമുണ്ടായെങ്കിൽ മാത്രമേ സുസ്ഥിരവും സ്ഥായിയുമായ വികസനം സാധ്യമാവുകയുള്ളുവെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. അപ്പോൾ മാത്രമാണ് ജനജീവിതം സൗഖ്യപൂർണമായി മുന്നോട്ട് പോകൂ എന്നും മന്ത്രി വ്യക്തമാക്കി. വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പ്രകാരം പടിയൂർ ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച നീരുറവ് മാതൃകാ നീർത്തടാധിഷ്ഠിത സമഗ്ര വികസന പദ്ധതി നീരറിവ് യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജലസ്രോതസുകളെ ശുദ്ധിയായി സംരക്ഷിക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് തെളിനീര് ഒഴുകും നവകേരളം എന്ന പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ അണിനിരന്നിട്ടുള്ളവരെ കൂടി ഉദ്ദേശിച്ചു കൊണ്ടുള്ളതാണ് പദ്ധതി. ആധുനിക ജീവിത സാഹചര്യങ്ങളിലേയ്ക്ക് പോകുമ്പോഴും പ്രകൃതിയോടുള്ള നമ്മുടെ ബന്ധം ഉറപ്പാക്കണമെന്നും മന്ത്രി വ്യക്തമാക്കി. ഒരുകാലത്ത് തെളിനീര് ഒഴുകിയിരുന്ന സംസ്ഥാനത്ത് ജലമലിനീകരണം എന്ന വലിയ പ്രശ്നം നേരിടുന്നു. ജലദൗർലഭ്യവും നാം അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ്. ജലാശയങ്ങളെ സംരക്ഷിക്കുക എന്നത് നമ്മുടെ നിലനിൽപ്പിന്റെ തന്നെ അനിവാര്യതയാണെന്നും മന്ത്രി ഓർമിപ്പിച്ചു. പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ സഹദേവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ മുഖ്യാതിഥിയായി. പടിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി സുകുമാരൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ഷീല അജയഘോഷ്, വെള്ളാങ്കല്ലൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ് സുധ ദിലീപ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജേഷ് അശോകൻ, പടിയൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി വി വിപിൻ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.