ഇരിങ്ങാലക്കുട: മലയാളികളായ പ്രൊഫഷണലുകൾക്ക് തൊഴിൽ തേടി അന്യ നാടുകളിലേക്ക് ചേക്കേറേണ്ടി വരുന്ന ഇന്നത്തെ സാഹചര്യം ദൗർഭാഗ്യകരമാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ആർ ബിന്ദു. ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് സംഘടിപ്പിക്കുന്ന ദേശീയ ടെക്‌നിക്കൽ ഫെസ്റ്റിവൽ ടെക്‌ലെറ്റിക്സ് 22 ഉദ്ഘ ടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. പ്രൊഫഷണലുകളുടെ ലക്ഷ്യസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങളിൽ എഞ്ചിനീയറിംഗ് കോളേജുകൾക്ക് വലിയ പങ്ക് വഹിക്കാനുണ്ട്. ഓരോ കോളേജും നവ സംരംഭകരുടെ പരിശീലന കളരിയാവുകയും സിലബസും തൊഴിൽ നൈപുണ്യവും തമ്മിലുള്ള വിടവ് ഇല്ലാതാക്കുകയും ചെയ്യുന്നതിലൂടെ ഇത് സാധ്യമാവുമെന്നും അവർ കൂട്ടിച്ചേർത്തു. ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിലെ റോബോട്ടിക്‌സ് ഗവേഷണ സംഘം പുതിയതായി അവതരിപ്പിക്കുന്ന ജല റോബോട്ട് ടെക്ഫെസ്റ്റിന്റെ ലോഞ്ചിങ്ങും മന്ത്രി നിർവഹിച്ചു. ഡാമുകളിലും മറ്റ് ജലാശങ്ങളിലും നൂറ് മീറ്റർ വരെ ആഴത്തിലെത്തി നിരീക്ഷണം നടത്താൻ ഈ റോബോട്ടിന് കഴിയും.ഇരിങ്ങാലക്കുട ക്രൈസ്റ്റ് സ്ഥാപനങ്ങളുടെ മാനേജർ ഫാ.ജേക്കബ് ഞെരിഞ്ഞാമ്പിള്ളി സി എം ഐ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി,വൈസ് ചെയര്മാന് ടി വി ചാർളി, മുനിസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പാറേക്കാടൻ, ക്രൈസ്റ്റ് എൻജിനീയറിംഗ് കോളജ് എക്സിക്യൂട്ടിവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര, ജോയിൻറ് ഡയറക്ടർമാരായ ഫാ.ജോയി പയ്യപ്പിള്ളി,ഫാ. ആൻ്റണി ഡേവിസ്, പ്രിൻസിപ്പൽ ഡോ സജീവ് ജോൺ, വൈസ് പ്രിൻസിപ്പൽ ഡോ. വി ഡി ജോൺ, ടെക്‌ലെറ്റിക്സ് സ്റ്റാഫ് കോർഡിനേറ്റർ ടി ആർ രാജീവ്, വിദ്യാർത്ഥി പ്രതിനിധികളായ അസിം ഷക്കീർ, ലിയോ ടി ഫ്രാൻസി, എം എം അബ്ദുൽ അഹദ് എന്നിവർ പ്രസംഗിച്ചു.മെയ് ആറ് വരെ നീണ്ട് നിൽക്കുന്ന ഫെസ്റ്റിന്റെ ഭാഗമായി ഒന്പത് എക്സിബിഷനുകൾ, ഒന്പത് സാങ്കേതിക ശില്പശാലകൾ, പതിനൊന്ന് പ്രഭാഷണങ്ങൾ, അൻപതോളം സാങ്കേതിക മത്സരങ്ങൾ, ഇരുപത് കലാ-സാംസ്കാരിക മത്സരങ്ങൾ എന്നിങ്ങനെ നൂറ്റി ഇരുപതോളം ഇവന്റുകളാണ് അരങ്ങേറുക.