വേളൂക്കര:പഞ്ചായത്തിന്റെ സ്വന്തം പ്രസിദ്ധീകരണമായ ‘ഗ്രാമജാലകം’ കാൽനൂറ്റാണ്ട് പൂർത്തിയാക്കി. പ്രസിദ്ധീകരണത്തിന്റെ രജതജൂബിലി പതിപ്പിന്റെ പ്രകാശനം ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ ആദ്യപ്രതി ഏറ്റുവാങ്ങി.കേരളത്തിലെ മുഴുവൻ പഞ്ചായത്തുകൾക്കും മാതൃകയായി ഗ്രാമജാലകം പ്രകാശം പരത്തുന്നുവെന്ന് മന്ത്രി പറഞ്ഞു. തദ്ദേശസ്ഥാപനങ്ങൾ അവരുടെ പ്രവർത്തനമേഖലകളെ കുറിച്ചുള്ള വിവരങ്ങൾ ഇപ്രകാരം രേഖപ്പെടുത്തുന്നത് ഭാവിതലമുറയ്ക്ക് ഉപകാരപ്പെടുമെന്നും അവർ കൂട്ടിച്ചേർത്തു.1996-ൽ വേളൂക്കര ഗ്രാമപ്പഞ്ചായത്തിലെ സാംസ്കാരികപ്രവർത്തകരുടെ കൂട്ടായ്‌മയായ വേളൂക്കര സാംസ്‌കാരികസമിതിയുടെ നേതൃത്വത്തിലാണ് ‘ഗ്രാമജാലകം’ പ്രസിദ്ധീകരണം തുടങ്ങിയത്. ആദ്യലക്കം നോവലിസ്റ്റ് കെ.എൽ. മോഹനവർമയാണ് പുറത്തിറക്കിയത്. ജനകീയാസൂത്രണപദ്ധതി നടപ്പായതോടെ ‘ഗ്രാമജാലകം’ വേളൂക്കര ഗ്രാമപ്പഞ്ചായത്തിന്റെ ഔദ്യോഗിക സാംസ്‌കാരികപ്രസിദ്ധീകരണമായി. പഞ്ചായത്തിന്റെ വികസനപ്രവർത്തനങ്ങളുടെ വാർത്തകൾക്ക് മാത്രമല്ല പഞ്ചായത്തിലും ചുറ്റുപാടുമുള്ള സർഗപ്രതിഭകളുടെ രചനകൾക്കുള്ള വേദികൂടിയായി ഇതു മാറി. കുട്ടികളുടെ പ്രത്യേക പതിപ്പ്, സ്വാതന്ത്ര്യദിനപ്പതിപ്പ്, സ്ത്രീകളുടെ പ്രത്യേക പതിപ്പ്, ഓണപ്പതിപ്പ് തുടങ്ങിയ വിശേഷാൽ പതിപ്പുകളും ഇതിനോടകം പ്രസിദ്ധീകരിച്ചു. ഗ്രാമസഭകളിലൂടെയാണ് പ്രസിദ്ധീകരണം വിതരണം ചെയ്യുന്നത്. 2020 ഓഗസ്റ്റിലാണ് അവസാനമായി ‘ഗ്രാമജാലകം’ പുറത്തിറക്കിയത്. പിന്നീട് അടച്ചിടലിനെത്തുടർന്ന് പ്രസിദ്ധീകരണം മുടങ്ങി. 2022 ജനുവരിയിൽ 100 പേജ് വരുന്ന രജതജൂബിലി പതിപ്പുമായി വീണ്ടുമെത്തി.വർഷങ്ങളായി തുമ്പൂർ ലോഹിതാക്ഷനാണ് ‘ഗ്രാമജാലക’ത്തിന്റെ മുഖ്യ പത്രാധിപർ. ഖാദർ പട്ടേപ്പാടം, ബാലകൃഷ്ണൻ അഞ്ചത്ത്, അഭി തുമ്പൂർ, ടി.എസ്. സജീവൻ, സെബിൻ മാളിയേക്കൽ, പി.ഡി. ജയരാജ്, റൈസൻ കോങ്കോത്ത് തുടങ്ങിയവരാണ് പത്രാധിപസമിതി അംഗങ്ങൾ.പഞ്ചായത്ത് പ്രസിഡന്റ് എം എസ് ധനേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലത ചന്ദ്രൻ, പി ജെ സതീഷ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് ടി എസ് സജീവൻ, തുമ്പൂർ ലോഹിതാക്ഷൻ എന്നിവർ പങ്കെടുത്തു.