കാട്ടൂർ :സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ നൂറാം വാർഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു നിർവഹിച്ചു. 1921-ൽ കാട്ടൂരിലെ തോമസ് .കെ.ആലപ്പാട്ടും പാനികുളം കുഞ്ഞിപ്പാലുവും ചേർന്ന് സൗജന്യമായി നൽകിയ ഒരേക്കർ മുപ്പത്തിയൊമ്പത് സെന്റ് സ്ഥലത്താണ് കാട്ടൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രം പ്രവർത്തിച്ച് വരുന്നത്. വാർഷികാഘോഷ ഉദ്ഘാടനത്തോടൊപ്പം ഭൂമി ദാനം ചെയ്തവരെയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം നടത്തിയ ആരോഗ്യ പ്രവർത്തകരേയും മന്ത്രി ആദരിച്ചു. കാട്ടൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ വച്ച് നടന്ന ഉദ്ഘാടന ചടങ്ങിൽ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ അന്ധ്യക്ഷത വഹിച്ചു. കാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രൻ , ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കുട്ടപ്പൻ എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. എച്ച്.എം.സി. മെമ്പർ എൻ.സി. വാസു റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ഷീല അജയ് ഘോഷ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ ഡിംങ്ങ് കമ്മിറ്റി ചെയർമാൻമാരായ കാർത്തിക ജയൻ , വിമല സുഗുണൻ , ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ വി.എ. ബഷീർ, അമിത മനോജ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, സാമൂഹ്യ രംഗത്തെ പ്രഗത്ഭർ എന്നിവർ പകെടുത്തു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹനൻ വലിയാട്ടിൽ സ്വാഗതവും സാമൂഹ്യ ആരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ.പി.എ.ഷാജി നന്ദിയും പറഞ്ഞു.