മുരിയാട്: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പദ്ധതി നിർവഹണത്തിൽ ഏറെ പരിമിതികളുണ്ടായിരുന്നു. വികസന പ്രവർത്തനങ്ങളുടെ ഗതിവേഗം വർദ്ധിപ്പിക്കുന്നതിനും സമയബന്ധിതമായി പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിനുമായി മുരിയാട് ഗ്രാമപഞ്ചായത്ത് നൂറുദിന കർമ്മ പദ്ധതിക്ക് തുടക്കം കുറിക്കുകയാണ്.ഡയാലിസിസ് രോഗികൾക്ക് സമാശ്വാസമായി ‘പ്രാണാ’ ചികിത്സാ സഹായ പദ്ധതി, ‘ഗ്രീൻ മുരിയാട് ‘യൂട്യൂബ് ചാനൽ, വാഴ ഗ്രാമം, കേരനാട് മുരിയാട്, 17 വാർഡുകളിലും ‘ സേവാഗ്രാം’ ഗ്രാമ കേന്ദ്രങ്ങൾ, വില്ലേജ് തോറും മിയോ വാക്കി വനങ്ങൾ, കായികരംഗത്ത് പുത്തനുണർ വിനായി ‘മുരിയാട് സ്പോർട്സ് പ്രമോഷൻ ‘, വില്ലേജ് തോറും വയോ ക്ലബ്ബുകൾ, ഔഷധസസ്യ പദ്ധതി, കുടുംബശ്രീ കിയോസ്ക്, മിനി എം.സി.എഫ് സെൻററുകൾ, വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ്, ഷീ ക്യാന്‍ കരാട്ടെ പരിശീലനം, പുതിയ പൊതുമരാമത്ത് പദ്ധതികളുടെയും മെയിൻറനൻസ് പദ്ധതികളുടെയും സമയബന്ധിതമായ പൂർത്തീകരണം തുടങ്ങിയ നൂറിൽപ്പരം പദ്ധതികളാണ് നൂറുദിന കർമ്മ പരിപാടിയിൽ വിഭാവനം ചെയ്യുന്നത്.നൂറ് ദിന കർമ്മ പദ്ധതി 2021 ഡിസംബർ 11 ശനിയാഴ്ച കാലത്ത് 10 മണിക്ക് മുരിയാട് പഞ്ചായത്ത് ഹാളിൽ വെച്ച് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡൻറ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിക്കും. ചടങ്ങിൽ വെച്ച് ആരോഗ്യ പ്രവർത്തകരെ ആദരിക്കുന്നു.വിദ്യാർത്ഥികൾക്കുള്ള ലാപ് ടോപ്പ് വിതരണം, ‘പ്രാണാ’ ഡയാലിസ് സഹായ പദ്ധതിയുടെ യും ഗ്രീൻ മുരിയാട് യൂട്യൂബ് ചാനലിന്റെയും ഉൽഘാടനവും നടക്കും.