Home NEWS ബൈപ്പാസ് റോഡില്‍ തകര്‍ന്ന് കുഴികളായി കിടക്കുന്ന ഭാഗത്ത് ടൈല്‍സ് വിരിക്കുന്ന പ്രവര്‍ത്തികള്‍ ആരംഭിച്ചു

ബൈപ്പാസ് റോഡില്‍ തകര്‍ന്ന് കുഴികളായി കിടക്കുന്ന ഭാഗത്ത് ടൈല്‍സ് വിരിക്കുന്ന പ്രവര്‍ത്തികള്‍ ആരംഭിച്ചു

ഇരിങ്ങാലക്കുട: ബൈപ്പാസ് റോഡില്‍ തകര്‍ന്ന് കുഴികളായി കിടക്കുന്ന ഭാഗത്ത് ടൈല്‍സ് വിരിക്കുന്ന പ്രവര്‍ത്തികള്‍ ആരംഭിച്ചു. ടാറിങ്ങ് പ്രവര്‍ത്തികൊണ്ട് ഫലമില്ലാത്തതിനെ തുടര്‍ന്നാണ് നഗരസഭ ഈ സ്ഥലത്ത് ടൈല്‍സ് വിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഈ ഭാഗത്ത് മെറ്റലിട്ട് ലവല്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ ആരംഭിച്ചു. അഞ്ച് ലക്ഷത്തിലേറെ രൂപ ചിലവഴിച്ചാണ് 20 മീറ്ററോളം വരുന്ന സ്ഥലത്ത് നഗരസഭ കട്ടകള്‍ വിരിക്കുന്നത്. കാട്ടൂര്‍ ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ക്ക് തിരക്കേറിയ ബസ് സ്റ്റാന്റ് വഴി പോകാതെ എളുപ്പം ഠാണാവിലേക്ക് എത്തുന്നതിനായിട്ടാണ് സമാന്തരമായി ബൈപ്പാസ് റോഡ് നിര്‍മ്മിച്ചത്. ദിനംപ്രതി നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിന്റെ മദ്ധ്യത്തില്‍ മീറ്ററുകളോളം തകര്‍ന്ന് കിടക്കുന്നത് കാലങ്ങളായി യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. യാത്രക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഈ ഭാഗത്ത് വലിയ മെറ്റലുകളിട്ട് കുഴികളടയ്ക്കുകയാണ് നഗരസഭ ചെയ്തിരുന്നത്. റോഡിന്റെ ബാക്കി സ്ഥലത്ത് ടാറിങ്ങ് നടത്തിയപ്പോള്‍ ഈ ഭാഗം ഒഴിവാക്കിയത് സമൂഹമാധ്യമങ്ങളിലടക്കം ഏറെ ചര്‍ച്ചയാകുകയും ചെയ്തിരുന്നു. എന്നാല്‍ മഴ പെയ്ത് റോഡില്‍ നിറയുന്ന വെള്ളം ഒഴുകി പോകാന്‍ പാകത്തിന് കാനയില്ലാത്തതാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നാണ് ജനം ആരോപിക്കുന്നത്. ബൈപ്പാസ് റോഡിന് ഇരുവശത്തും വെള്ളം ഒഴുകി പോകുന്നതിന് കാന നിര്‍മ്മിക്കുമെന്ന് കഴിഞ്ഞ ഭരണസമിതി പ്രഖ്യാപിച്ചിരുന്നെങ്കിലും നടപടികള്‍ ഉണ്ടായിട്ടില്ല.

Exit mobile version