ഇരിങ്ങാലക്കുട : വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം തൊഴിൽ നൈപുണ്യവും വരുമാനവും ഉറപ്പാക്കുന്ന രീതിയിൽ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളോടനുബന്ധിച്ചു ചെറുകിട നിർമാണ യൂണിറ്റുകൾ ആരംഭിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ 2021 പാസ് ഔട്ട് ബാച്ച് വിദ്യാർത്ഥികൾ ചേർന്ന് നിർമ്മിച്ച ഓട്ടോമൊബൈൽ ഓപ്പൺ ലാബ് നാടിനു സമർപ്പിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അവർ. കേരളത്തെ ഒരു നവ വൈജ്ഞാനിക സമൂഹമാക്കി മാറ്റാനുള്ള പരിശ്രമങ്ങളിൽ ഇവിടുത്തെ സാങ്കേതിക വിദ്യാഭാസ സ്ഥാപനങ്ങളിലെ അക്കാദമിക് സമൂഹത്തിനു വലിയ പങ്കു വഹിക്കാനുണ്ടെന്നും ഈയൊരു പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്കായി ഒരു ഓപ്പൺ ലാബ് തുറക്കാനുള്ള പരിശ്രമം ഏറെ പ്രശംസനീയമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.മുപ്പതോളം വിദ്യാർത്ഥികളുടെ രണ്ടു മാസത്തെ കഠിനാദ്ധ്വാനത്തിലൂടെ 750 ച. അടി. വിസ്തീർണ്ണത്തിലായി പൂർത്തിയാക്കിയിരിക്കുന്ന ലാബിൽ പൊതുജനങ്ങൾക്കും, പഠിതാക്കൾക്കും വാഹനങ്ങളുടെ പ്രവർത്തനങ്ങൾ വിശദമായി മനസ്സിലാക്കാൻ കഴിയും. ടാറ്റ സുമോ , 407 എന്നിവയുടെ ഷാസി, ബി എം ഡബ്ള്യു കാർ എൻജിൻ , ബി എം ഡബ്ള്യു ഗിയർ ബോക്സ് , ടൊയോട്ട 1 സി എൻജിൻ തുടങ്ങിയവ ലാബിന്റെ പ്രധാന ആകർഷണങ്ങളിൽ ചിലതാണ്. വാഹനങ്ങളുടെ സ്റ്റിയറിംഗ് സിസ്റ്റം , സസ്പെന്ഷന് സിസ്റ്റം , ബ്രേക്കിംഗ് സിസ്റ്റം ട്രാൻസ്മിഷൻ സിസ്റ്റം , കൂളിംഗ് സിസ്റ്റം എന്നിവ സന്ദർശകർക്കായി ലാബിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. വാഹന ഭാഗങ്ങൾ സ്വയം അഴിച്ചുനോക്കി മനസ്സിലാക്കാൻ സഹായകരമായ രീതിയിൽ സജ്ജീകരിച്ചിരിക്കുന്ന വർക്ക് ടേബിൾ ഓപ്പൺ ലാബ് സന്ദർശിക്കുന്ന വാഹന പ്രേമികൾക്ക് പുതിയ അനുഭവമായിരിക്കും നൽകുക.ചടങ്ങിൽ ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ്, എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര, പ്രിൻസിപ്പൽ ഡോ. സജീവ് ജോൺ, ജോയിന്റ് ഡയറക്ടർ ഫാ. ജോയ് പയ്യപ്പിള്ളി, ക്രൈസ്റ്റ് ആശ്രമാധിപൻ ഫാ.ജേക്കബ് ഞെരിഞ്ഞാമ്പിള്ളി, ക്രൈസ്റ്റ് വിദ്യാനികേതൻ പ്രിൻസിപ്പൽ ഫാ. ജോയ് ആലപ്പാട്ട് തുടങ്ങിയവർ സന്നിഹിതരായിരുന്നു. തിങ്കൾ, ബുധൻ , വെള്ളി ദിവസങ്ങളിൽ പ്രവൃത്തി സമയത്തു പൊതുജനങ്ങൾക്ക് ലാബ് സന്ദർശിക്കാവുന്നതാണെന്ന് സ്റ്റാഫ് ഇൻ ചാർജ് അറിയിച്ചു.