Home NEWS ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കലാലയം നൽകിയ സ്നേഹവും പരിഗണനയുമാണ് തന്നെ താനാക്കിയത് : ഡോ ആർ...

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കലാലയം നൽകിയ സ്നേഹവും പരിഗണനയുമാണ് തന്നെ താനാക്കിയത് : ഡോ ആർ ബിന്ദു

ഇരിങ്ങാലക്കുട :സെന്റ് ജോസഫ്സ് കലാലയം നൽകിയ സ്നേഹവും പരിഗണനയുമാണ് തന്നെ താനാക്കിയതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രിയും കലാലയത്തിലെ പൂർവ്വ വിദ്യാർത്ഥിനിയുമായ ഡോ ആർ ബിന്ദു അഭിപ്രായപ്പെട്ടു.കലാലയം നൽകിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി .പൂർവ്വാദ്ധ്യാപകരുടെയും സഹപാഠികളുടേയും വാക്കുകൾ മനസ്സിനെ ആർദ്രമാക്കവേ, വൈകാരികതയെ ആവിഷ്ക്കരിക്കാൻ കൈയിലുള്ള വാക്കുകൾ മതിയാകാതെ വരുന്നുവെന്നു പറഞ്ഞു കൊണ്ടാണ് ഡോ ബിന്ദു പ്രസംഗം ആരംഭിച്ചത്.തന്നിൽ നേതൃത്വപാടവവും കർമ്മശേഷിയും വികസിപ്പിച്ചത് ഈ കലാലയമാണെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി കോഴിക്കോട് ‘ സർവ്വകലാശാലയിലെ ഏറ്റവും പ്രായം കുറഞ്ഞ സിൻഡിക്കേറ്റ് മെമ്പറായിരുന്നു താനെന്നും അനുസ്മരിക്കയുണ്ടായി.പ്രിൻസിപ്പൽ ഡോ സി ആഷ തെരേസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങ് മുനിസിപ്പൽ ചെയർപേഴ്സൺ സോണിയാ ഗിരി ഉദ്ഘാടനം ചെയ്തു.പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് മായാ ലക്ഷ്മി, പ്രൊഫ സാവിത്രി ലക്ഷ്മണൻ, ഫെനി എബിൻ, ഡോ സി ഇസബെൽ, പ്രൊഫ മേരി ആൻറിയോ, ഡോ രാധ പി എസ്, ഡേവിസ് ഊക്കൻ, മെറീന തയ്യിൽ തുടങ്ങിയവർ ആശംസ നേർന്നു.കലാലയത്തിന്റെ സ്നേഹോപഹാരം ഡോ സി ആഷ തെരേസ് ഡോ ബിന്ദുവിനു സമ്മാനിച്ചു.രമാദേവിയുടെ പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച ചടങ്ങിന് ഡോ ആശ തോമസ് സ്വാഗതവും സി ബ്ലെസി നന്ദിയും പറഞ്ഞു.സി വി ജയലക്ഷ്മിയുടെ ഗാനാലാപനവുമുണ്ടായിരുന്നു.കോളേജ് അലുമിനയുടെ അന്തർദ്ദേശീയ ഘടകങ്ങളെക്കുറിച്ച് ഡോക്ടർ സി റോസ് ബാസ്റ്റിനും ഡോക്ടർ സിസ്റ്റർ ക്രിസ്റ്റിയും സംസാരിച്ചു.ഗൾഫ്, ആസ്ത്രേലിയ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലെ ഇതിന്റെ ക്യാപ്റ്റൻമാരും ചടങ്ങിൽ ഓൺലൈനിൽ പങ്കെടുക്കുകയുണ്ടായി.

Exit mobile version