ഇരിങ്ങാലക്കുട : മകനോടുള്ള വൈരാഗ്യത്തിന് വീട്ടിൽ കയറി അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ 1 മുതൽ 5 പ്രതികൾക്കും 8 -ാം പ്രതിക്കും ജീവപര്യന്തം തടവിനും 1,80,000 രൂപ വീതം പിഴ ഒടുക്കുന്നതിനും ശിക്ഷ വിധിച്ചു. ഇരിങ്ങാലക്കുട ജോളി ബാറിന് സമീപത്തുള്ള മുറുക്കാന്‍ കടയില്‍ വെച്ച് ഒന്നാം പ്രതിയായ രഞ്ജിത്ത് എന്ന രഞ്ചു മുറുക്കുന്നതിനിടയില്‍ മോന്തചാലില്‍ വിജയന്‍ മകന്‍ വിനീത്തിന്റെയും സുഹൃത്ത് ഷെരീഫിന്റെയും ദേഹത്ത് വീണത് ഒന്നാംപ്രതിയോട് ചോദിച്ചതിനുള്ള വിരോധം വച്ച് പ്രതികള്‍ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിക്ക് കിഴക്കുവശത്തുള്ള ആള്‍ത്താമസമില്ലാത്ത പറമ്പില്‍വച്ച് വിനീതിനെ കൊലപ്പെടുത്തുന്നതിന് വേണ്ടി കുറ്റകരമായ ഗൂഢാലോചന നടത്തുകയായിരുന്നു.ന്യായ വിരോധമായി സംഘംചേര്‍ന്നു വാളുകള്‍, കത്തി, മര വടികള്‍ എന്നിവ കൈവശം വച്ച് മോട്ടോര്‍ സൈക്കിളുകളില്‍ രാത്രി ഇരിങ്ങാലക്കുട കനാല്‍ ബസ്സിലുള്ള മോന്തചാലില്‍ വിജയന്റെ വീട്ടിലേക്ക് പ്രതികള്‍ അതിക്രമിച്ചുകയറി വിജയനേയും, ഭാര്യ അംബികയേയും ,അമ്മ കൗസല്യയും ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയുമാണ് ഉണ്ടായത്.സംഭവത്തില്‍ ഗുരുതരമായി പരിക്കു പറ്റിയ വിജയന്‍, അംബികാ ,കൗസല്യ, എന്നിവരെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതില്‍ പറ്റിയ ഗുരുതരപരിക്കിന്റെ കാഠിന്യത്താല്‍ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വിജയന്‍ മരണപ്പെട്ടു .കേസ്സിലെ ഒന്നാം പ്രതി രജ്ഞിത്ത് (32 വയസ്സ് ),രണ്ടാം പ്രതി ബോംബ് ജിജോ എന്ന് വിളിക്കുന്ന ജിജോ ജോർജ് (33 വയസ്സ്), മൂന്നാം പ്രതി പക്രു എന്ന് വിളിക്കുന്ന നിധീഷ് (30 വയസ്സ്) നാലാം പ്രതി മാൻഡ്രു എന്ന് വിളിക്കുന്ന അഭിനന്ദ് (25 വയസ്സ്) അഞ്ചാം പ്രതി മെജോ(28 വയസ്സ്) എട്ടാം പ്രതി ടുട്ടു എന്ന് വിളിക്കുന്ന അഭിഷേക് (25 വയസ്സ്) എന്നിവരെയാണ് അഡീഷ്ണൽ ജില്ലാ സെഷൻസ് ജഡ്ജി കെ.എസ്സ് .രാജീവ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. പ്രതികൾ കൊലപാതകം, വധശ്രമം, ഗുഢാലോചന, സംഘം ചേരൽ, വീട്ടിലേക്ക് അതിക്രമിച്ച് കയറൽ തുടങ്ങിയ കുറ്റങ്ങൾ ചെയ്തതായി കോടതി കണ്ടെത്തി . മറ്റ് ഏഴ് പ്രതികളെയും ഇവരെ കൂടാതെ പ്രായപൂർത്തിയാകാത്ത ജുവനൈൽ പ്രതിയെയും കോടതി വിട്ടയച്ചു. അഡീഷ്ണൽ ജില്ലാ സെഷൻസ് ജഡ്ജി കെ.എസ്സ് .രാജീവാണ് ശിക്ഷ വിധിച്ചത്. 1 മുതൽ 5 പ്രതികൾക്കും 8 -ാം പ്രതിക്കും ജീവപര്യന്തം തടവിനും 1,80,000 രൂപ വീതം പിഴ ഒടുക്കുന്നതിനും ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് കെ.എസ്.രാജീവ് ശിക്ഷ വിധിച്ചു. പിഴ സംഖ്യയിൽ നിന്നും 10,00,000/- രൂപ മരിച്ച വിജയന്റെ ഭാര്യക്ക് നഷ്ടപരിഹാരം നൽകാനും വിധിച്ചിട്ടുള്ളതാണ്. ഇരിങ്ങാലക്കുട പോലീസ് ക്രൈം ഇൻവെസ്റ്റിഗേഷൻ വിഭാഗം സബ് ഇൻസ്പെക്ടർ വി.വി. തോമസ് രജിസ്റ്റർ ചെയ്ത കേസ് ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ആയിരുന്ന ഫേമസ് വർഗ്ഗീസിന്റെ നിർദ്ദേശാനുസരണം ഇരിങ്ങാലക്കുട പോലീസ് ഇൻസ്പെക്ടർ എം.കെ. സുരേഷ്കുമാർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരയ പി.കെ. ബാബു,അനീഷ്കുമാർ, സീനിയർ സിവിൽ പോലിസ് ഓഫീസർമാരായ സുജിത്ത്കുമാർ പി.എസ്,മനോജ് എ.കെ, മുരുകേഷ് കടവത്ത്, സിവിൽ പോലിസ് ഓഫീസർമാരായ വൈശാഖ് മംഗലൻ, അനൂപ് ലാലൻ എന്നവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രോസിക്യൂഷൻ ഭാഗത്തു നിന്നും സാക്ഷികളെ വിസ്തരിക്കുകയും രേഖകളും തൊണ്ടി മുതലുകളുംഹാജരാക്കുകയും ചെയ്തിട്ടുണ്ട്. കേസിൽ പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ജെ. ജോബി, അഡ്വക്കേറ്റുമാരായ ജിഷ ജോബി, എബിൻ ഗോപുരൻ, ദിനൽ വി. എസ്, അർജുൻ കെ. ആർ, അൽജോ പി. ആന്റണി എന്നിവർ ഹാജരായി.