Home NEWS മയക്കമരുന്ന് വേട്ടയ്ക്ക് പോലീസിന്റെ ആയുധമായ തൃശൂര്‍ റൂറല്‍ k 9 സ്‌ക്വാഡിന് സംസ്ഥാന പോലീസ് മേധാവിയുടെ...

മയക്കമരുന്ന് വേട്ടയ്ക്ക് പോലീസിന്റെ ആയുധമായ തൃശൂര്‍ റൂറല്‍ k 9 സ്‌ക്വാഡിന് സംസ്ഥാന പോലീസ് മേധാവിയുടെ 2020 വര്‍ഷത്തെ ബഡ്ജ് ഓഫ് ഓണര്‍ ബഹുമതി

ഇരിങ്ങാലക്കുട: മയക്കമരുന്ന് വേട്ടയ്ക്ക് പോലീസിന്റെ ആയുധമായ തൃശൂര്‍ റൂറല്‍ k 9 സ്‌ക്വാഡിന് സംസ്ഥാന പോലീസ് മേധാവിയുടെ 2020 വര്‍ഷത്തെ ബഡ്ജ് ഓഫ് ഓണര്‍ ബഹുമതി. മയക്കമരുന്ന് ഏത് പാതാളത്തില്‍ കൊണ്ടുപോയി ഒളുപ്പിച്ചാലും കണ്ടുപിടിക്കാന്‍ കഴിവുള്ള സ്‌ക്വാഡിലെ (ഡോഗ് നമ്പര്‍ 331) റാണയ്ക്കും ഹാന്‍ഡ്‌ലര്‍മാരായ സി.പി.ഒ. രാകേഷ്, സി.പി.ഒ ജോജോ എന്നിവര്‍ക്കും റൂറല്‍ കെ നയണ്‍ (കെ9) സ്‌ക്വാഡിന്റെ ഇന്‍ചാര്‍ജ്ജ് പി.ജി. സുരേഷിനുമാണ് പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണര്‍ ബഹുമതി ലഭിച്ചിരിക്കുന്നത്. പത്തനംതിട്ട പെട്ടുമൂടി ദുരന്തത്തില്‍ മണ്ണിനടിയില്‍പ്പെട്ടുപോയ മൃതദേഹങ്ങള്‍ കണ്ടെടുക്കുന്നതിന് നായ്ക്കളെ പരിശീലിപ്പിച്ചതിനാണ് പി.ജി. സുരേഷിന് ബഹുമതി ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ആദ്യം നെടുപുഴയില്‍ വീടിന്റെ പിറകില്‍ തറയോട് ചേര്‍ന്ന് ഒരടി താഴ്ചയില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന അരക്കിലോയോളം തൂക്കം വരുന്ന ചരസ്സ് കണ്ടെത്തിയതടക്കം 12ഓളം മയക്കമരുന്ന് കേസുകളില്‍ തുമ്പുണ്ടാക്കാന്‍ പോലീസിനേയും എക്‌സൈസിനേയും സഹായിച്ച നായയാണ് ഡോബര്‍മാന്‍ ഇനത്തില്‍പ്പെട്ട റാണ. 2018ലാണ് ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ പോലീസ് സ്‌റ്റേഷന്‍ കോമ്പൗണ്ടില്‍ തൃശ്ശൂര്‍ റൂറല്‍ കെ നയന്‍ (k9) സ്‌ക്വാഡ് പ്രവര്‍ത്തനം ആരംഭിച്ചത്. നാലുഡോഗുകളാണ് ഇവിടെയുള്ളത്. ഇതില്‍ റാണയ്ക്ക് പുറമെ ഇടശ്ശേരി ജുവല്ലറി മോഷണം, കട്ടന്‍ ബസാര്‍ കൊലപാതകമടക്കം നാടിനെ നടുക്കിയ നിരവധി കേസുകള്‍ക്ക് തുമ്പുണ്ടാക്കിയ കെ നയന്‍ ഡോക് സ്‌ക്വാഡിലെ (ഡോഗ് നമ്പര്‍ 293) ഹണിക്ക് 2019 ലെ ബാഡ്ജ് ഓഫര്‍ ബഹുമതി ലഭിച്ചീട്ടുണ്ട്. ഇവര്‍ക്ക് പുറമെ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തുന്നതില്‍ പ്രാവിണ്യം തെളിയിച്ചിട്ടുള്ള (ഡോഗ് നമ്പര്‍ 294) സ്വീറ്റിയും ജൂനിയര്‍ ഡോഗ് ബെല്‍ജിയം മെലനോയ്ഡ് വിഭാഗത്തില്‍പ്പെട്ട (ഡോഗ് നമ്പര്‍ 375) സ്റ്റെല്ലയും റൂറല്‍ കെ. നയന്‍ (k9) സ്‌ക്വാഡിലുണ്ട്. മൂന്നുവര്‍ഷം പിന്നിടുമ്പോഴേയ്ക്കും പോലീസ് സേനയ്ക്ക് അഭിമാനമേകുന്ന തരത്തിലുള്ള പ്രകടനമാണ് ഇരിങ്ങാലക്കുട ആസ്ഥാനമായുള്ള ഡോഗ് സ്‌ക്വാഡ് നടത്തിയിട്ടുള്ളത്.

Exit mobile version